ലയാളത്തിന്റെ മഹാനായ നടന്‍, ആരാധകര്‍ക്ക് മാത്രമല്ല നല്ല സിനിമയെ സ്നേഹിക്കുന്ന ഏവര്‍ക്കും പ്രിയങ്കരനായ നടന്‍, അദ്ദേഹത്തിന്റെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ജോടിയായെത്തുന്നതാവട്ടെ നോക്കെത്താദൂരത്തിലെ നായിക നദിയയും. പോരേ. ഏറെ പ്രതീക്ഷയോടെ ആദ്യഷോയ്ക്ക് തന്നെ തിയേറ്ററില്‍ എത്തിയതിന് ആരും കുറ്റം പറയരുത്. പക്ഷേ, കടുത്ത ആരാധകര്‍ക്കൊപ്പം നിരാശയോടെ പുറത്തിറങ്ങുമ്പോള്‍ ഈ നടനെ ദുരുപയോഗം ചെയ്യുന്ന സംവിധായകരോടും തിരക്കഥാകൃത്തുക്കളോടും ആരു പൊറുക്കും എന്നാണ് ആലോചിച്ചുപോയത്.

പ്രസവവേദനയുമായി ആസ്പത്രിയില്‍ എത്തിയ ഭാര്യയുടെ അടുത്തേക്ക് പോവാനൊരുങ്ങുന്ന ജെമ്മോളജിസ്റ്റ് സണ്ണി സുഹൃത്തായ വീരപ്പന്റെ കാറിലാണ് വരുന്നത്. ഇരുവരും കളിയും ചിരിയുമായി വരുന്നതിനിടയില്‍ റോഡ് ക്രോസ് ചെയ്ത ഒരാളെ രക്ഷിക്കാനുള്ള വെട്ടിക്കലില്‍ ബസ്സിലിടിച്ച് ചുരത്തിന്റെ സംരക്ഷണഭിത്തിയും തകര്‍ത്ത് കൊക്കയിലേക്ക് പോവുന്നു. കൊക്കയിലെ ഒരു മരത്തില്‍ തട്ടി (പപ്പു പറഞ്ഞ ഒണക്ക വാഴയല്ല!) തങ്ങിനിന്നുപോവുന്നു. ഇളകിയാല്‍ കാറ് കൊക്കയിലേക്ക് കുതിക്കും എല്ലാം തവിടുപൊടിയാവും. 

ഇത്രയും കേള്‍ക്കുമ്പം തന്നെ സംഗതി കൊള്ളാമല്ലോ ഉദ്വേഗജനകമാണല്ലോ എന്നെല്ലാം തോന്നുമെങ്കിലും അങ്ങനെ ചെയ്യാന്‍ സംവിധാനം അറിയുന്ന ആരെങ്കിലും വരണമെന്നു മാത്രം. അങ്ങനെയുള്ള ഹോളിവുഡ് സിനിമയെപ്പറ്റി കാറില്‍ അകപ്പെട്ടുപോയ നായകന്‍ ആലോചിക്കുന്നുണ്ട്. അതെല്ലാം സിനിമയാണല്ലോ എന്നും പറയുന്നുണ്ട്. അതെല്ലാം സിനിമയായിരുന്നെങ്കിലും ജീവിതമാണെന്ന് തോന്നിപ്പിച്ചിരുന്നു. ഇതിപ്പം ജീവിതമാണെന്നും തോന്നുന്നില്ല സിനിമയാണെന്നും തോന്നുന്നില്ല. മരിച്ചുപോയ അപ്പന്‍ കാറിന്റെ ബോണറ്റില്‍ കയറിനിന്ന് പ്രസംഗിക്കുന്നതും കാറില്‍പ്പെട്ട സുരാജിനെയും കോമയിലാക്കി ഒടുക്കം സീറ്റ്ബെല്‍റ്റ് അഴിച്ചിട്ട് നായകന്‍ തന്നെ കൊല്ലിയിലേക്ക് കളയുന്നതുമൊക്കെ കാണുമ്പോള്‍ കഷ്ടം തോന്നും. വിലകൂടിയ വണ്ടിയെല്ലാം യാത്രയ്ക്കായി ഉണ്ടായിട്ടും അതെല്ലാം ഒഴിവാക്കി വീരപ്പയുടെ പൊട്ടവാഹനമാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. മൊബൈല്‍ ഫോണില്‍ ബാലന്‍സില്ലാത്തതുകൊണ്ടും ചാര്‍ജില്ലാത്തതുകൊണ്ടും സഹായഹസ്തങ്ങള്‍ക്കായി ആരേയും വിളിക്കാനാകാതെ വിഷമിക്കേണ്ടിവരുന്നു. ഇങ്ങോട്ടൊരു വിളി വന്നപ്പോള്‍ പാമ്പ് വന്ന് ഇടവേളയാക്കിക്കളഞ്ഞു. ഇപ്പ ചാര്‍ജ് പോയിട്ടുണ്ടാവുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുമ്പോള്‍തന്നെ അത് സംഭവിക്കുന്നുണ്ട് കേട്ടോ. അതുപോലെ തന്നെ വാട്സാപ്പില്‍ 'സെന്‍ഡി സെന്‍ഡി' തേഞ്ഞ തമാശകള്‍ നായകന്റെ നാവില്‍ തിരുകിവെച്ചിട്ടുണ്ട് തിരക്കഥാകൃത്ത്. സ്ത്രീകളുടെ പ്രണയം ഇന്ത്യന്‍കോഫിഹൗസിലെ ഉപ്പുപാത്രം പോലെയാണെന്ന്. ഒന്നുകില്‍ എത്ര കുടഞ്ഞാലും വരില്ല. അല്ലെങ്കില്‍ മൂടിയോടെ ഇളകിയിങ്ങ് പോരുമെന്ന്. അക്രോഫോബിയ എന്ന ഉയരത്തില്‍നിന്നു താഴോട്ട് നോക്കുമ്പോഴുള്ള പേടിയെ വെര്‍ട്ടിഗോ എന്നും പറയുന്നതു കേട്ടു. വെര്‍ട്ടിഗോ തലചുറ്റലല്ലേ. 

ഗേളിയും ശ്രീകുമാറും ഞങ്ങള്‍ നെഞ്ചേറ്റിയ രണ്ട് കഥാപാത്രങ്ങളാണ് സാര്‍. അവരെയിങ്ങനെ മോളിക്കുട്ടിയിലേക്കും സണ്ണിയിലേക്കും കൊണ്ടുവന്ന് നശിപ്പിക്കേണ്ടിയിരുന്നില്ല. മോഹന്‍ലാലും നദിയയും മലയാളത്തിന്റെ പ്രിയജോടി തന്നെയാണ്. നദിയ മുതിര്‍ന്ന നായികയാണ് എന്നതുകൊണ്ട് നായകന്റെ ജോടിയായതില്‍ ഒരു കുറച്ചിലുമില്ല. മോളേക്കാള്‍ പ്രായം കുറഞ്ഞ ഒരു നായികയെ കൂടി അവതരിപ്പിച്ച് നായകന്റെ ഇമേജ് കോംപ്രമൈസ് ചെയ്യാനുള്ള സംവിധായകന്റെ കഷ്ടപ്പാട് കാണാന്‍ വയ്യ. പാര്‍വതി നായരെ നൈനയായി അവതരിപ്പിച്ച് നായകന്റെ പിന്നാലെ നടക്കുന്ന കഥാപാത്രത്തെ സൃഷ്ടിച്ച വികാരത്തെ എന്താണ് പറയേണ്ടത്. 

കാറില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ തൂങ്ങിനില്‍ക്കുമ്പോള്‍ അതിന്റെ സംഘര്‍ഷങ്ങളും മുള്‍മുനയിലുള്ള നിമിഷങ്ങളും തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുക. നായകന്‍ സൂപ്പര്‍താരമായതുകൊണ്ട് രക്ഷപ്പെടും എന്നത് കട്ടായമാണെങ്കിലും രക്ഷയിലേക്കുള്ള നിമിഷങ്ങള്‍ പലതും ബാലിശമായി പോയി. ഞങ്ങളെ രക്ഷിക്കോ എന്ന് നായകന്‍ അലമുറയിട്ട് വിളിക്കുന്നു. ഇത്തരം കഥകളില്‍നിന്നും സംവിധായകരില്‍ നിന്നും രക്ഷപ്പെടുത്തണേ എന്ന അലമുറ കൂടിയാണത്. പ്രേക്ഷകരുടെ നിലവിളിയും മറിച്ചായിരുന്നില്ല. ഒരു ആരാധകന്‍ പറഞ്ഞതിങ്ങനെയാണ്. ഇനി ഒടിയനില്‍ നോക്കാടാ. അതെങ്കിലും ഒന്നു ഒടിയാതെ കിട്ടിയാ മതിയായിരുന്നു. അതിലാണ് സര്‍ ഞങ്ങളുടെയും പ്രതീക്ഷ. ഒരു സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു പൂര്‍ണതവേണം. ദിലീഷ് പോത്തനും സംഘവും എന്തായോ എന്തോ? പേരിനോട് സിനിമ നീതിപുലര്‍ത്തുന്നുണ്ട്. ബോറടിയുടെ നീരാളിപ്പിടിത്തം തന്നെ.

Content Highlights: neerali malayalam movie review, mohanlal, nadiya moydu, parvathy nair, ajoy varma