ബരിമല വിഷയം ചൂടന്‍ ചര്‍ച്ചയായ സമയത്താണ് സംവിധായകന്‍ ലാല്‍ ജോസ് തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ നാല്‍പത്തിയൊന്ന് പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ടൈറ്റിലിന് ശബരിമലയുമായുള്ള ബന്ധവും നാല്‍പത്തിയൊന്ന് ചര്‍ച്ച ചെയ്യുന്നത് വിവാദവിഷയം തന്നെ ആണോ എന്നറിയാനായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷ. എന്നാല്‍ നിരീശ്വരവാദവും ഭക്തിയും തമ്മിലുള്ള വൈരുധ്യത്തില്‍ വിരിഞ്ഞതാണ് നാല്‍പത്തിയൊന്നിന്റെ കഥാതന്തു.

ഇടതുപക്ഷ സഹയാത്രികനും യുക്തിവാദിയും അധ്യാപകനുമായ ഉല്ലാസ് മാഷും പാര്‍ട്ടി പ്രവര്‍ത്തകനായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വ്യവസായിയായ ദൈവം എന്ന പുസ്തകം എഴുതിയ, തികഞ്ഞ നിരീശ്വരവാദിയായ ഉല്ലാസ് ആള്‍ദൈവങ്ങളുടെ പിറകിലുള്ള കള്ളത്തരങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ദൈവം ഇല്ല എന്ന് സ്ഥാപിക്കാന്‍ ദൈവത്തെ വെല്ലുവിളിക്കുന്ന ഉല്ലാസിന് പക്ഷേ കാലം കാത്തുവച്ചത് നാല്‍പത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് മല കയറാനുള്ള യോഗമാണ്. 

തന്റെ നിലപാടുകളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഉല്ലാസിന് പല നഷ്ടങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും (പ്രണയ നഷ്ടമുള്‍പ്പടെ) അതില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പക്ഷേ ഒരിടയ്ക്ക് ഈ യുക്തിവാദവും വിശ്വാസവും തമ്മിലുള്ള മത്സരത്തില്‍ കുഴയുന്ന ഉല്ലാസിനെയും ചിത്രം കാണിച്ചുതരുന്നു.

നവാഗതനായ ശരണ്‍ജിത്ത് അവതരിപ്പിച്ച വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രമാണ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ നിറഞ്ഞുനില്‍ക്കുക. ഒരു തുടക്കക്കാരന്റെ സഭാകമ്പം ഏതുമില്ലാതെ ശരണ്‍ജിത്ത് എന്ന കലാകാരന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. 

ഉല്ലാസ് മാഷ് എന്ന കഥാപാത്രം ബിജു മേനോന്‍ എന്ന നടന്റെ കയ്യില്‍ ഭദ്രമായിരുന്നു. കര്‍ക്കശക്കാരനും അതേസമയം ഉള്ളിന്റെ ഉള്ളില്‍ ലോലനുമായ ഉല്ലാസാകാനും, മാലയിട്ട് മലയ്ക്ക് പോകേണ്ടിവരുന്ന കടുത്ത യുക്തിവാദിയുടെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കാനും തന്റെ അനായാസമായ അഭിനയശൈലിയിലൂടെ ബിജു മേനോന് സാധിച്ചിട്ടുണ്ട്. നായികയായെത്തിയ നിമിഷ സജയന്‍, വാവാച്ചി കണ്ണന്റെ ഭാര്യയായി വേഷമിട്ട ധന്യ, മകളായി വേഷമിട്ട ബാലതാരം, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, എന്നിവരുൾപ്പടെ ചിത്രത്തിന്റെ കാസ്റ്റിങ് മികച്ചതെന്ന് തെളിയിക്കുന്നു. പി.ജി പ്രഗീഷിന്റെ തിരക്കഥയും ബിജിബാലിന്റെ സംഗീതവും മികച്ചുനില്‍ക്കുന്നു.

ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും ചില രാഷ്ട്രീയ നിലപാടുകളേയും യുക്തിവാദത്തെയും ഹാസ്യവത്കരിക്കാന്‍ ചിത്രത്തില്‍ ശ്രമിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് തുടങ്ങി ശബരിമലയില്‍ അവസാനിക്കുന്ന ചിത്രത്തില്‍ തീര്‍ത്തും പരസ്പ വിരുദ്ധമായ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരം അവതരിപ്പിക്കുന്ന ലാല്‍ജോസ്, പക്ഷേ ഇവയില്‍ ഏതെങ്കിലും ഒന്നിന് അവസാന വിജയം കല്‍പിച്ച് നല്‍കുന്നില്ല. അവനവന്റെ നിലപാടുകള്‍ക്കനുസരിച്ച് യുക്തിപൂര്‍വം ഒന്നിനെ തിരഞ്ഞെടുക്കാന്‍ പ്രേക്ഷകനെ അനുവദിക്കുന്നുമുണ്ട്. 

Content Highlights : Nalpathiyonnu 41 Movie Review Directed By Laljose Starring Biju Menon Nimisha sajayan Indrans