ത് മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും ഏറ്റവും നല്ല സമയം എന്ന് പറയാതെ തരമില്ല. വിസ്മയം, ജനതാ ഗ്യാരേജ്, ഒപ്പം, പുലിമുരുകന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് പിന്നാലെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പുറത്തിറങ്ങുമ്പോഴും ദി കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന്റെ വിശ്വാസ്യത മോഹന്‍ലാല്‍ കാത്തുസൂക്ഷിക്കുന്നു. പച്ചമനുഷ്യനായി, നല്ല ഭര്‍ത്താവായി, നല്ല അച്ഛനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ മുന്തിരിവള്ളികളില്‍ പൂക്കുന്നത് മുന്തിരിയല്ല, മറിച്ച് പ്രണയമാണ്. 

പ്രണയോപനിഷത്ത് എന്ന വി.ജെ. ജെയിംസിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിന്ധുരാജ് തിരക്കഥ എഴുതി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം മികച്ചൊരു കുടുംബചിത്രമാണ്. മോഹന്‍ലാല്‍, മീന ജോഡികള്‍ക്കൊപ്പം അനൂപ് മേനോനും സൃന്ദയും ഐമാ സെബാസ്റ്റ്യനു സനൂപും ചേരുമ്പോള്‍ മുന്തിരിവള്ളികള്‍ ഒരു പ്രണയചിത്രവും കുടുംബചിത്രവും കൂടിയാകുന്നു.

വിവാഹത്തോടെ പ്രണയം മരിക്കുന്നുവെന്ന ധാരണയെ ചവറ്റുകൊട്ടയിലെറിഞ്ഞ് വിവാഹത്തിനുശേഷവും പ്രണയവും ജീവിതവുമൊക്കെയുണ്ടെന്ന് മുന്തിരിവള്ളികളുടെ തിരക്കഥയിലൂടെ സിന്ധുരാജ് നമുക്ക് കാട്ടിത്തരുന്നു. ഉലഹന്നാന്‍ എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പച്ചമനുഷ്യനായി മോഹന്‍ലാല്‍ ഈ സിനിമയില്‍ ജീവിക്കുകയായിരുന്നു. രണ്ടാം സംവിധാന സംരംഭത്തിലും ജിബു ജേക്കബ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. 

Read More: 'കഥ കേട്ടപ്പോഴേ തീരുമാനിച്ചു, നായകന്‍ ലാലേട്ടന്‍ തന്നെ'

സിനിമയുടെ ആദ്യപകുതിയില്‍ മരുഭൂമിസമാനമായ തന്റെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്ന ഉലഹന്നാന്‍ തനിക്ക് നഷ്ടപ്പെട്ടുപോയ പ്രണയത്തെ വീണ്ടെടുക്കുകയും പിന്നീട് മുന്തിരിവള്ളികള്‍ തളിര്‍ത്ത് കായിക്കുന്നത് നേരിട്ട് കണ്ടും അനുഭവിച്ചും ആസ്വദിക്കുകയും ചെയ്യുന്നു. ഭാര്യ അടുക്കളപ്പണിക്കും തുണിയലക്കാനും മാത്രമുള്ള ഒന്നല്ലെന്ന് ഈ അടുത്ത് നമ്മെ ഓര്‍മിപ്പിച്ചത് ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിന്‍വെള്ളമായിരുന്നു. മുന്തിരിവള്ളികളിലേക്ക് എത്തുമ്പോള്‍ മാതാപിതാക്കള്‍ സ്‌നേഹിക്കുന്നത് കണ്ടു വേണം മക്കള്‍ വളരാന്‍, എങ്കില്‍ മാത്രമെ അവര്‍ക്ക് യഥാര്‍ഥ പ്രണയം തിരിച്ചറിയാന്‍ സാധിക്കൂ എന്ന സന്ദേശമാണ് നമുക്ക് നല്‍കുന്നത്. ഏതാനും ചില സീനുകളോടും നിലപാടുകളോടും വിയോജിപ്പുണ്ടെങ്കിലും ആദിമധ്യാന്തം ആസ്വാദന നിലവാരമുള്ളൊരു സിനിമയാണിത്. ഇത് പൂര്‍ണമായും സംസാരിക്കുന്നത് കുടുംബങ്ങളോടാണ്. വിവാഹിതരായവര്‍ക്ക് പെട്ടെന്ന് താതാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന കഥാപശ്ചാത്തലമായതിനാല്‍ മോഹന്‍ലാലിന്റെ ഹീറോയിസം ഇഷ്ടപ്പെടുന്ന ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാന്‍ മോഹന്‍ലാല്‍ എന്ന സമ്പൂര്‍ണ നടന്റെ അഭിനയവൈഭവം മാത്രമേയുള്ളു.

Read More: ലാലേട്ടന് മാത്രമേ ഉലഹന്നാനാവാൻ പറ്റൂ: ജിബു ജേക്കബ്

പുലിമുരുകന്‍ എന്ന അമാനുഷിക താരം വിണ്ണില്‍നിന്ന് മണ്ണിലേക്കിറങ്ങി വന്നതാണ് ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറി. ജീവിതം വീണ്ടും പുഷ്പിച്ചു തുടങ്ങുമ്പോള്‍ അയാള്‍ക്ക് എല്ലാത്തിനും ഊര്‍ജമാകുന്നത് ഭാര്യയാണ്. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ്‌ലൈനിനെ സാധൂകരിക്കുന്ന കഥയും രംഗങ്ങളുമാണ് സിനിമയില്‍. അനൂപ് മേനോന്‍ എന്ന നടനെ ഏറെ നാളുകള്‍ക്ക് ശേഷം നല്ലൊരു കഥാപാത്രമായി കാണുന്നത് ഈ സിനിമയിലാണ്. രണ്ടര മണിക്കൂര്‍ നീളമുള്ള സിനിമയ്ക്ക് ഒരല്‍പ്പം ദൈര്‍ഘ്യം കൂടിപ്പോയോ എന്നൊരു സംശയം മാത്രമാണ് ബാക്കിയാകുന്നത്. 

ബിജിബാലും എം. ജയചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ബിജിബാലിന്റേതാണ് പശ്ചാത്തലസംഗീതം. ഇഴപൊട്ടാതെ ഉലഹന്നാന് ഒപ്പം നടന്നവയാണ് ഇവ രണ്ടും. പാട്ടുസീനുകള്‍ ഒഴിച്ച് ബാക്കിയെല്ലാം കോഴിക്കോടാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രമോദ് പിള്ളയാണ് ഛായാഗ്രഹണം. 

മോഹന്‍ലാലും മീനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അനൂപ് മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ഐമാ സെബാസ്റ്റ്യയന്‍, സൃന്ദ, സനൂപ് സന്തോഷ്, ബിന്ദു പണിക്കര്‍, സുരാജ് വെഞ്ഞാറന്മൂട്, ഷറഫുദ്ദീന്‍, സുധീര്‍ കരമന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പത്തിലെ ജയരാമന്‍, പുലിമുരുകനിലെ മുരുകന്‍ ഇതാ ഇപ്പോള്‍ മുന്തിരിവള്ളികളിലെ ഉന്നച്ചന്‍ എന്ന ഉലഹന്നാന്‍. മലയാളത്തിന് ആഘോഷിക്കാന്‍ മറ്റൊരു കഥാപാത്രം കൂടി ലാലിന്റെ വക.

theatre list