ദ്യമേ പറയട്ടെ മൂത്തോന്‍ ഒരു കെട്ടുകാഴ്ചയല്ല, സിനിമ കണ്ട് തിയ്യറ്റര്‍ വിട്ടിറങ്ങുന്ന നിങ്ങളുടെ മനസ്സിനെ ഈ ചിത്രം വേട്ടയാടിയേക്കാം. കാരണം പ്രണയത്തിന്റെ, സ്വാര്‍ഥതയുടെ അങ്ങനെ വ്യത്യസ്ത മാനുഷിക ഭാവങ്ങളുടെ തീവ്ര ആവിഷ്‌കാരമാണ് ഈ ചിത്രം.

ലക്ഷദ്വീപിലാണ് മൂത്തോന്‍ കഥ പറഞ്ഞു തുടങ്ങുന്നത്. മൂല്ല എന്ന കുട്ടി തന്റെ സഹോദരനെ തേടി മുംബൈ നഗരത്തിലേക്ക് വരികയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് മൂത്തോന്റെ കഥാതന്തു. മുംബൈയിലെത്തുന്ന മുല്ല ആകസ്മികമായി എത്തിച്ചേരുന്നത് അക്ബാര്‍ ഖാന്‍ (നിവിന്‍ പോളി) എന്ന ഒരു ഗുണ്ടയുടെ കരങ്ങളിലേക്കാണ്. മയക്കുമരുന്നു കച്ചവടം നടത്തിയും കുട്ടികളെ ജോലിക്ക് വിട്ടും ഉപജീവനം നടത്തുന്ന അക്ബര്‍ ഖാനോട് പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ തോന്നുന്നത് വെറുപ്പ് മാത്രമായിരിക്കും. സ്വന്തം നാട്ടില്‍ നിന്നുള്ള ഒരു കുട്ടിയാണെന്നറിഞ്ഞിട്ടും പന്ത്രണ്ട് വയസ്സുമാത്രമുള്ള മുല്ലയോട് യാതൊരു അനുതാപവും അക്ബര്‍ ഖാന്‍ കാണിക്കുന്നില്ല. മുല്ലയെ തന്റെ താളത്തിലേക്ക് മയക്കിയെടുക്കാന്‍ അക്ബര്‍ ഖാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ കാണുമ്പോള്‍ ഏറെ വൈകാരിക ഭാരം സൃഷ്ടിക്കുന്നവയാണ്. 

മീന്‍ പിടിച്ചും മന്ത്രവാദം ചെയ്തും ഉപജീവനം നടത്തുന്ന ശാന്തനായ അക്ബര്‍ ഖാനിലേക്കാണ് കഥയുടെ ഭൂതകാലം സഞ്ചരിക്കുന്നത്.  എല്ലാവര്‍ക്കും സ്വീകാര്യനായ അക്ബറിനെ ഒടുവില്‍ സമൂഹം തള്ളിപ്പറയുകയാണ്, അതും ലൈംഗികതയുടെ പേരില്‍. യാഥാസ്ഥിതിക സമൂഹം നിര്‍ണയിക്കുന്ന പ്രണയത്തിന്റെയും ലൈംഗികതയുടെയും അതിര്‍വരമ്പുകളിലൂടെ അക്ബര്‍ ഖാനും അയാളുടെ പ്രണയഭാജനമായ അമീറും (റോഷന്‍ മാത്യു) ലംഘിക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. 

ചിത്രത്തില്‍ എടുത്തു പറയേണ്ടത് നിവിന്‍ പോളിയുടെ പ്രകടനം തന്നെയാണ്. ഒരു താരത്തിലുപരി നിവിനിലെ നടനെ ഉപയോഗപ്പെടുത്ത കഥാപാത്രങ്ങള്‍ അധികമൊന്നുമുണ്ടായിട്ടില്ല. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടും മീന്‍പിടിച്ചും പകല്‍ കിനാവ് കണ്ടും ജീവിക്കുന്ന അക്ബറില്‍ നിന്ന് മയക്കുമരുന്നിനും മദ്യത്തിനും അടിമയായ പരുക്കനായ മനുഷ്യനിലേക്കുള്ള നിവിന്റെ വേര്‍പ്പകര്‍ച്ച അതിഗംഭീരമായിരുന്നു. നിവിന്‍ ഇരുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും ഒരുപാട് ദൂരം മുന്നിലാണ് മൂത്തോനിലെ അക്ബര്‍ ഖാനെന്ന് സമ്മതിക്കാതെ വയ്യ. മുല്ലയുടെ വേഷത്തിലെത്തുന്ന സഞ്ജന ദീപ്, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ശശാങ്ക് അറോറ തുടങ്ങിയവരുടെ പ്രകടനത്തെയും പ്രത്യേകം എടുത്തു പറയേണ്ടതാണ്. 

കച്ചവട സിനിമയുടെ മസാലകളൊന്നും ചേര്‍ക്കാതെ മലയാള സിനിമയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു പ്രമേയത്തിലൂടെയാണ് ഗീതുവും അനുരാഗ് കശ്യപും ചേര്‍ന്നൊരുക്കിയ തിരക്കഥ സഞ്ചരിക്കുന്നത്. ചുവന്ന തെരുവ് എന്നറിയപ്പെടുന്ന കാമാത്തിപുരയുടെ വിവിധഭാവങ്ങള്‍ സിനിമയിലൂടെ പ്രക്ഷകര്‍ നേരത്തയും കണ്ടിട്ടുണ്ട്. എന്നാല്‍ ഗീതുവിന്റെ കാഴ്ചപ്പാടിലെ കാമാത്തിപുരയും അവിടുത്തെ ജീവിതങ്ങളും ഒരുപാട് വ്യത്യസ്തമാണ്. പ്രേക്ഷകര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഗീതുവും അനുരാഗ് കാശ്യപും ചേര്‍ന്നൊരുക്കിയിരിക്കുന്ന തിരക്കഥ.

സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഒരു സംവിധായിക എന്ന നിലയില്‍ ഗീതു ഏറെ മുന്നോട്ട് സഞ്ചരിച്ച സിനിമകൂടിയാണിത്. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ ശാന്ത ഭാവവും കാമാത്തിപുരയിലെ ജീവിതങ്ങളെയും ക്യാമറയില്‍ പകര്‍ത്തി ഒരു മനോഹരമായ ചലച്ചിത്രഭാഷ്യം തീര്‍ത്തിരിക്കുകയാണ് രാജീവ് രവി.

Content Highlights: Moothon Movie Review, Geethu Mohandas, Nivin Pauly, Roshan Mathew, Anurag Kashyap