ക്തിയും വിശ്വാസവും ചോദ്യം ചെയ്യപ്പെടാത്തതാണെന്ന ധാരണ പൊളിച്ചെഴുതുകയാണ് നയന്‍താര കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍. അന്ധവിശ്വാസങ്ങളുടെ മറപറ്റി സമൂഹംവച്ചുപുലര്‍ത്തുന്ന കീഴ് വഴക്കങ്ങളെ യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നു സംവിധായകരായ ആര്‍.ജെ.ബാലാജിയും എന്‍.ജെ ശരവണനും

ആര്‍.ജെ.ബാലാജി അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രമായ ടി.വി റിപ്പോര്‍ട്ടര്‍ എംഗല്‍സ് രാമസ്വാമിയുടെ കുടുംബപശ്ചാത്തലം നര്‍മ്മത്തിന്റെ അകമ്പടിയില്‍ വിവരിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. രാമസ്വാമിയുടെ അമ്മവേഷത്തിലെത്തിയ നടി ഉര്‍വശി സ്വാഭാവിക ഇടപെടലുകളിലൂടെ നിറഞ്ഞുനില്‍ക്കുന്നു. വിശ്വാസത്തെ വില്‍പ്പനച്ചരക്കാക്കുന്ന, മതത്തിന്റെ കാവലാളായവതരിക്കുന്ന ഭഗവതിബാബയുടെ വേഷത്തിലാണ് അജയ് ഘോഷ് എത്തുന്നത്. രാമസ്വാമിയുടെ ജീവിതത്തിലേക്ക് കുലദൈവം മൂക്കുത്തി അമ്മന്‍ പ്രത്യക്ഷപ്പെടുന്നിടത്താണ് കഥയുടെ ആദ്യ വഴിത്തിരിവ്. 

ശ്രീകോവിലിലില്‍ നിന്ന് ഇറങ്ങിവന്ന് ''നാന്‍  ഉങ്കളുടെ  കടവുള്‍ '' എന്ന് നയന്‍താര സ്വയം പരിചയപ്പെടുത്തുമ്പോള്‍ പാളിപ്പോകാവുന്ന കഥയും തിരക്കഥയുമായിരുന്നു  സിനിമയുടേത്. എന്നാല്‍ നയന്‍താര എന്ന നടിയുടെ താരമൂല്യമാണ് ഇവിടെ കഥപറച്ചിലിന് കരുത്തായത്. നയന്‍താരയെ ദേവിയായി അവതരിപ്പിച്ച്  ദൈവികപരിവേഷത്തോടെ അവതരിപ്പിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചു. നയന്‍താരയുടെ  വേഷപ്പകര്‍ച്ചയും ഇടപെടലുകളും സ്വീകരിക്കപ്പെട്ടു എന്നതാണ് വലിയ നിലയില്‍ സിനിമക്ക് നേട്ടമായത്. നയന്‍താര എന്ന നടിയുടെ ഇമേജ് ഒന്നുമാത്രമാണ് ഇതിനുപിന്നിലെ ഘടകം.

വിശ്വാസത്തിന്റെ വിവിധതലങ്ങളെ മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്ന രണ്ടാംപാതിയില്‍  സമൂഹത്തിന്റെ വികലമായ ആരാധനാബോധം കണക്കറ്റ് പരിഹസിക്കപ്പെടുന്നു. കടവുള്‍ കണ്‍മുന്‍പില്‍ വന്നുനിന്ന് എന്തുവരം വേണമെന്ന് ചോദിക്കുമ്പോള്‍ നായകനും കുടുംബവുമെല്ലാം നല്‍കുന്ന ഉത്തരം ചിരിനല്‍കുന്നെങ്കിലും, ചിരിക്കപ്പുറം മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തിയിലേക്കാണ് അവയെല്ലാം വിരല്‍ചൂണ്ടുന്നത്. മനുഷ്യര്‍ എന്തിന് കോവിലില്‍ പോകുന്നു എന്നചോദ്യം മുന്‍നിര്‍ത്തിയുള്ള ചാനല്‍ സര്‍വ്വെയില്‍ ലഭിക്കുന്ന ഉത്തരം സിനിമകാണുന്ന പ്രേക്ഷകരെ ചിന്തിപ്പിക്കുമെന്നുറപ്പ്. വലിയ അതിശയങ്ങള്‍ നടന്നാല്‍ മാത്രമേ ഏതൊരു ആരാധനാലയവും പേരെടുക്കുകയുള്ളു എന്ന മൂക്കുത്തി അമ്മന്റെ പ്രസ്താവന സമീപകാല പലസംഭവങ്ങളിലേക്കും നമ്മുടെ ശ്രദ്ധതിരിക്കുന്നുണ്ട്. പാവപ്പെട്ടവനെ വരിനിര്‍ത്തിയും പണക്കാരനെ വി.ഐ.പി വഴിയിലൂടെ കടത്തിവിട്ടും ദര്‍ശനം നല്‍കുന്ന നടപ്പുരീതിയെ ചിത്രം അടപടലം കളിയാക്കുന്നു.

ദൈവവിശ്വാസത്തിന്റെ മറപിടിച്ച് ഭഗവതിബാബയെന്ന ആള്‍ദൈവം എത്തുന്നതും പഞ്ചവനത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നെടുത്തും മൂക്കുത്തി അമ്മന്റെ കഥമുറുകുന്നു. ഭഗവതിബാബയും രാമസ്വാമിയും തമ്മില്‍ നടത്തുന്ന ചാനല്‍ ഷോ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. ലക്ഷങ്ങള്‍ ചിലവിട്ട് നടത്തുന്ന പരിഹാരക്രിയകള്‍ക്കെല്ലാം എന്താണ് ഗ്യാരണ്ടിയെന്ന ചോദ്യം സിനിമകണ്ട പ്രേക്ഷകരുടെ മനസ്സില്‍ തറക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ആശയവിനിമയത്തിനിടയില്‍ എന്തിന് ഇടനിലക്കാര്‍ എന്ന ചോദ്യമാണ് മൂക്കുത്തി അമ്മന്‍ ഉയര്‍ത്തുന്നത്. വിശ്വാസത്തിന്റെ വക്താക്കളായി അവതരിച്ചവരെ തള്ളിക്കളയാന്‍ സിനിമ ആഹ്വാനം ചെയ്യുന്നു.

Content Highlights: Mookuthi Amman Movie Review Nayanthara RJ Balaji N J Saravanan