രു നടനോടോ നടിയോടോ പ്രേക്ഷകന് ആരാധന തോന്നുക സ്വാഭാവികമാണ്. ചിലപ്പോള്‍ വളരെ തീക്ഷ്ണമായ ആരാധനയും ഉണ്ടായേക്കാം. എന്നാല്‍, വെറുതേ ആരാധിക്കുകയല്ല, തന്റെ ചുറ്റുമുള്ള വ്യക്തികളിലും സന്ദര്‍ഭങ്ങളിലുമൊക്കെ ആരാധനാപാത്രത്തിന്റെ കഥാപാത്രങ്ങളെയും സിനിമകളെയുമൊക്കെ കാണാന്‍ തുടങ്ങിയാലോ. മോഹന്‍ലാലിന്റെ അത്തരമൊരു ആരാധികയുടെ കഥയാണ് സാജിദ് യഹിയ 'മോഹന്‍ലാലി'ലൂടെ പറയുന്നത്.

മീനാക്ഷിയും (മഞ്ജു വാര്യര്‍) സേതുമാധവനും (ഇന്ദ്രജിത്ത്) ബാല്യകാല സുഹൃത്തുക്കളാണ്. സ്‌കൂളില്‍ മോഹന്‍ലാലിന്റെ 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതോടെ മീനാക്ഷി ഒരു കടുത്ത മോഹന്‍ലാല്‍ ആരാധികയായി മാറുന്നു. മീനാക്ഷിയുടെ കടുത്ത മോഹന്‍ലാല്‍ ആരാധന പലപ്പോഴും സേതുവിന് തലവേദനയാകുന്നുണ്ട്. മീനുക്കുട്ടിയോട് തന്റെ പ്രണയം പറയാന്‍ വരെ മോഹന്‍ലാല്‍ ഡയലോഗ് കടമെടുക്കേണ്ടിവന്നു അവന്. ഇടക്കാലത്ത് ജോലിയ്ക്കായി ബോംബെയില്‍ പോകുന്ന സേതു തിരിച്ചെത്തി മീനുവിനെ വിവാഹം ചെയ്ത ശേഷവും ആ പ്രശ്‌നങ്ങള്‍ തുടരുകയാണ്.

താരാരാധന തലയ്ക്കുപിടിച്ച മീനാക്ഷിയെന്ന കഥാപാത്രത്തെ മഞ്ജു വാര്യര്‍ തന്‍മയത്വത്തോടെ അവതരിപ്പിച്ചു. ഒരു ആരാധികയുടെ അതിരുകവിഞ്ഞ ആവേശവും കുടുംബിനിയുടെ സങ്കടവുമെല്ലാം മഞ്ജു സ്‌ക്രീനിലെത്തിച്ചു. സ്‌നേഹസമ്പന്നനായ കുടുംബനാഥനായ സേതുമാധവനെന്ന കഥാപാത്രം ഇന്ദ്രജിത്തില്‍ ഭദ്രമായിരുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ വരുന്ന സൗബിന്‍ ഷാഹിര്‍, സലിം കുമാര്‍, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരുടെ ഹാസ്യക്കൂട്ടം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. അജു വര്‍ഗീസ്, സുനില്‍ സുഖദ, ബേബി മീനാക്ഷി, വിശാല്‍ കൃഷ്ണ, കെപിഎസി ലളിത, സിദ്ധിഖ്, മനോജ് ഗിന്നസ്, കോട്ടയം നസീര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

ഫാന്‍സ് അസോസിയേഷനുകളുടെ പോസിറ്റീവ് വശം കഥാസന്ദര്‍ഭത്തോടിണക്കി അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചിത്രം പക്ഷേ അമിതമായ ആരാധന കുത്തിത്തിരുകി ചിലപ്പോഴൊക്കെ പ്രേക്ഷകനെ മുഷിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രം ചുറ്റുമുള്ളതെല്ലാം മോഹന്‍ലാലിനോട് ബന്ധപ്പെടുത്തുമ്പോള്‍ ആ കഥാപാത്രം ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ പോലും മോഹന്‍ലാലിന്റെ സാന്നിധ്യമുറപ്പിച്ച് സംവിധായകനും തന്റെ ആരാധന വിളിച്ചുപറയുന്നു. ആദ്യ സീനില്‍ മോഹന്‍ലാല്‍ ഫാനായ ഓട്ടോ ഡ്രൈവറായി സംവിധായകന്‍ സ്വയം പ്രത്യക്ഷപ്പെടുന്നുമുണ്ട്. പക്ഷേ, പിന്നീടങ്ങോട്ട് കേരളത്തിലെ ഓട്ടോ ഡ്രൈവര്‍മാരെല്ലാം മോഹന്‍ലാല്‍ ആരാധകരാണോ എന്ന് തോന്നിപ്പിക്കുംവിധമാണ് ചിത്രത്തിന്റെ പോക്ക്. അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് രക്തം കൊടുക്കാന്‍ വരുന്ന ആരാധക സംഘത്തെക്കൊണ്ട് 'ലാലേട്ട'നാണ് ഞങ്ങടെ ഗ്രൂപ്പെന്നൊക്കെ പറയിപ്പിച്ചത് സന്ദര്‍ഭത്തിന്റെ ഗൗരവത്തില്‍ വെള്ളം ചേര്‍ക്കലായിപ്പോയി.

മോഹന്‍ലാലില്‍ തുടങ്ങി മോഹന്‍ലാലില്‍ അവസാനിക്കുന്ന ചിത്രമാണിതെന്ന് നിസ്സംശയം പറയാം. മുഷിപ്പിക്കുന്ന നിമിഷങ്ങളുണ്ടെങ്കിലും മനസ്സില്‍ തൊടുന്നൊരു കുടുംബകഥ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്കായിട്ടുണ്ട്. താരാരാധനയില്‍ പൊതിഞ്ഞൊരു കുടുംബചിത്രമെന്ന് ഒറ്റവാക്കില്‍ 'മോഹന്‍ലാലി'നെ വിശേഷിപ്പിക്കാം.

Content Highlights: Mohanlal Movie Review Manju Warrier Fans Indrajith SaajidYahiya Malayalam Movie