മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭിലക്ഷ്മിയിലൂടെ വീണ്ടും കേരളത്തിലേക്ക് കൊണ്ടുവന്ന ചിത്രം എന്ന ലേബലിലാണ് മിന്നാമിനുങ്ങ് കേരളത്തിലെ തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ദേശീയ അവാര്‍ഡെന്ന മുദ്രയ്ക്കപ്പുറം പലതുമാണ് ഈ മിന്നാമിനുങ്ങ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവരുടെ കഥയാണ് ഒറ്റനോട്ടത്തില്‍ മിന്നാമിനുങ്ങ്. എന്നാല്‍ അതിജീവനത്തിന്റേതായ ഒരു തലം കൂടി സംവിധായകന്‍ അനില്‍ തോമസും തിരക്കഥാകൃത്ത് മനോജ് രാംസിങ്ങും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

സ്വന്തം മകള്‍ക്കും അച്ഛനും വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. പേരില്ലാത്ത ഈ കഥാപാത്രത്തെ തല്‍ക്കാലം 'മിന്നാമിനുങ്ങ്' എന്ന് തന്നെ വിശേഷിപ്പിക്കാം. അത്യുജ്ജ്വലമാക്കിയിട്ടുണ്ട് സുരഭി ഈ കഥാപാത്രത്തെ. മിനി സ്‌ക്രീനില്‍ നമ്മള്‍ കണ്ട് ശീലിച്ച സുരഭിയെയല്ല മിന്നാമിനുങ്ങില്‍ കാണാനാവുക. എടുപ്പിലും നടപ്പിലും വരെ മറ്റൊരാളായി മാറിയിട്ടുണ്ട് താരം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടം കൊണ്ടാണോ എന്തോ ഓടുന്ന പോലെയാണ് ഈ കഥാപാത്രത്തിന്റെ നടപ്പ്. പ്രേംപ്രകാശ് അവതരിപ്പിക്കുന്ന എംഎന്‍ എന്ന കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്. ഭര്‍ത്താവില്ലാതെ ഏറെക്കാലം ജീവിക്കേണ്ടി വരുന്ന അപൂര്‍വം ചില സ്ത്രീകളില്‍ ഒരു പുരുഷന്റെ കൂട്ട് വേണമെന്ന ചിന്തയുണ്ടാവുമെന്ന്. മകളെക്കുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നാണ് 'മിന്നാമിനുങ്ങ്' അതിന് നല്‍കുന്ന മറുപടി.  അത്രത്തോളം വ്യക്തിത്വമുണ്ട് സുരഭിയുടെ പേരില്ലാ കഥാപാത്രത്തിന്.

അച്ഛനേയും മകളേയും എത്രയും പെട്ടന്ന് ഒരു കരയെത്തിക്കണം എന്ന ചിന്ത ആ നടത്തത്തില്‍ (ഓട്ടത്തില്‍) കാണാനുണ്ട്. അല്‍പ്പം സ്ത്രീപക്ഷ ചിന്തകളിലേക്ക് കൂടി മിന്നാമിനുങ്ങ് തന്റെ ഇത്തിരിവെട്ടവുമായി കടന്നുചെല്ലുന്നുണ്ട്. പരാജയപ്പെടുന്ന ചില ആക്രമണങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ സ്ത്രീയെ പ്രേരിപ്പിക്കും എന്നൊരു കാര്യം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ആര്‍ക്കുവേണ്ടിയാണോ ജീവിച്ചത് അവരില്‍ നിന്ന് തന്നെ തിരിച്ചടിയുണ്ടാകുമ്പോള്‍ തളരാതെ നില്‍ക്കുന്ന നട്ടെല്ലുള്ള സ്ത്രീ കഥാപാത്രം മലയാളത്തില്‍ അടുത്തകാലത്തൊന്നും തന്നെയുണ്ടായിട്ടില്ല. വഞ്ചിക്കപ്പെട്ടുവെങ്കിലും ഇനിയല്ലേ ജീവിക്കേണ്ടത് എന്നാണ് അവര്‍ ചോദിക്കുന്നത്.

ആരെയും കുറ്റപ്പെടുത്താതെ ആരാണോ കബളിപ്പിച്ചത് അവരുടെ പക്ഷത്ത് നിന്നുകൂടിയും കാര്യങ്ങളെ വിലയിരുത്തുന്നുണ്ട് 'മിന്നാമിനുങ്ങ്'. കുറേ വര്‍ഷം ജീവിച്ചിരുന്നിട്ട് അതിനെല്ലാം ഒരര്‍ഥമുണ്ടായി എന്ന തോന്നലുണ്ടാവുന്നിടത്താണ് യഥാര്‍ഥ സന്തോഷമുണ്ടാവുന്നതെന്നും ചിത്രം പറുന്നു. മനുഷ്യന്‍ ഒറ്റയ്ക്ക് നിന്നാല്‍ നേടാനാവാത്തതൊന്നും ഈ ലോകത്തില്ലെന്നും പ്രതീക്ഷയുടെ വെളിച്ചമാണ് അതിന് വേണ്ടതെന്നുമുള്ള സന്ദേശത്തോടെയുമാണ് ചിത്രം അവസാനിക്കുന്നത്. ധൈര്യമായി ടിക്കറ്റെടുക്കാം മിന്നാമിനുങ്ങിന്.