പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്. ദുഷ്കരമായ ജീവിതത്തിൽ ഒരു പച്ചപ്പ് കാണാൻ ആ​ഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും. ചെയ്യുന്ന ഓരോ പ്രവൃത്തിയും ഒരർത്ഥത്തിൽ നല്ലതിനായുള്ള കാത്തിരിപ്പാണ്. പക്ഷേ, ഏറെ പ്രതീക്ഷിച്ച ശേഷം സംഭവിക്കുന്നത് മറ്റൊന്നാണെങ്കിൽ? കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോവുന്നത് അനുനിമിഷം അറിയുക കൂടി ചെയ്താലോ? അത്തരമൊരവസ്ഥയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ മേപ്പടിയാനിലെ നായകനായ ജയകൃഷ്ണൻ കടന്നുപോകുന്നത്.

തനി നാട്ടിൻപുറത്തുകാരനാണ് ജയകൃഷ്ണൻ. വർക്ക് ഷോപ്പും  കൊച്ചുകൊച്ചു സ്വപ്നങ്ങളുമൊക്കെയുള്ള നമ്മുടെ തൊട്ടയൽവക്കത്തുള്ള ചെറുപ്പക്കാരൻ. തന്റെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമത്തിനിടെ ജയകൃഷ്ണന് നേരിടേണ്ടി വരുന്ന അസാധാരണ അനുഭവങ്ങളാണ് മേപ്പടിയാൻ പറയുന്നത്. 

ചെറുതാണെങ്കിലും മലയാള സിനിമ അങ്ങനെയൊന്നും കടന്നു ചെല്ലാത്ത കഥയും പശ്ചാത്തലവുമാണ് മേപ്പടിയാന്റെ ഏറ്റവും ആദ്യം എടുത്തു പറയേണ്ട കാര്യം. പേര് സൂചിപ്പിക്കുന്നതുപോലെ നിയമവും കോടതി നടപടികളുമെല്ലാം കടന്നുവരുന്നുണ്ട് ചിത്രത്തിൽ. പക്ഷേ, ഇപ്പറഞ്ഞ ഘടകങ്ങൾ കഥാപരിസരമായി മുമ്പ് വന്നിട്ടുള്ള ചിത്രങ്ങളിൽനിന്ന് മേപ്പടിയാനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ലാളിത്യമാണ്. നായകകഥാപാത്രമായ ജയകൃഷ്ണൻ അനുഭവിക്കുന്ന പല പ്രശ്നങ്ങളും കേരളത്തിലെ പലരും അനുഭവിച്ചിട്ടുള്ളതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ മലയാളികൾക്ക് പെട്ടന്ന് ഉള്ളിലേക്ക് അടുപ്പിക്കാനും പറ്റും.

കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അതേ ഒഴുക്കിൽ അടുക്കും ചിട്ടയോടും കൂടി, കാലതാമസമില്ലാതെയാണ് യഥാർത്ഥ കഥയിലേക്ക് ചിത്രം കടക്കുന്നത്. ജയകൃഷ്ണൻ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ അതേ അളവിൽ പ്രേക്ഷകനേയും അനുഭവിപ്പിക്കാൻ തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ വിഷ്ണുമോഹന് സാധിച്ചിട്ടുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ജോലിയുണ്ട് ചിത്രത്തിൽ. 

നിയമം എന്ന ചെറിയ ഒരശ്രദ്ധ കാണിച്ചാൽ എല്ലാം അമ്പേ തകർന്നു പോകുമായിരുന്ന വിഷയത്തെ കയ്യടക്കത്തോടെയും സൂക്ഷ്മതയോടെയും വിഷ്ണുമോഹൻ കൈകാര്യം ചെയ്തിട്ടുണ്ട്. കോടതി നടപടികളേക്കുറിച്ചും പ്രമേയവുമായി ബന്ധപ്പെട്ട നിയമവശങ്ങളേക്കുറിച്ചും വിഷ്ണു നന്നായി പഠിച്ചിട്ടുണ്ടെന്ന് വ്യക്തം. മാസ് സംഘട്ടനരം​ഗങ്ങളോ ചോരക്കളിയോ കുറ്റാന്വേഷണമോ ഒന്നുമില്ലാതെ എങ്ങനെ ത്രില്ലടിപ്പിക്കാമെന്ന് വിഷ്ണു കാട്ടിത്തരുന്നുണ്ട്.

മാസ് വേഷങ്ങൾ മാത്രമേ ചേരൂ എന്ന വിമർശനം ജയകൃഷ്ണനിലൂടെ മറികടക്കുന്നുണ്ട് ഉണ്ണി മുകുന്ദൻ. ആശങ്കകളും നിസ്സഹായതയും നിറഞ്ഞ, ജയകൃഷ്ണൻ ഉണ്ണി മുകുന്ദനിൽ ഭദ്രമായിരുന്നു. വേഷപ്പകർച്ചകൊണ്ട് അതിശയിപ്പിക്കുന്നുണ്ട് കുണ്ടറ ജോണിയും സൈജു കുറുപ്പും കോട്ടയം രമേഷും. ഇന്ദ്രൻസ്, അജു വർ​ഗീസ്, നിഷാ സാരം​​ഗ് എന്നിവരും പ്രകടനത്തിൽ മികച്ചുനിന്നു. നായികയായെത്തിയ അഞ്ജു കുര്യനും പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു.

ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു അയ്യപ്പഭക്തി​ഗാനം ചിത്രത്തിലുൾപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദിവസമായ ജനുവരി 14-ന് തന്നെ മേപ്പടിയാൻ ഇറങ്ങിയത് ഒരുപക്ഷേ യാദൃശ്ചികമായിരിക്കാം. ക്യാമറാ ​ഗിമ്മിക്കുകളോ ​ഗ്രാഫിക്സ് വർണവിസ്മയങ്ങളോ ഇല്ലാതെ ഒരു നാടൻ ചിത്രം നിർമിച്ച് അഭിനയിച്ചു എന്നതിൽ ഉണ്ണി മുകുന്ദനും മലയാളിത്തമുള്ള ചിത്രം രചിച്ച് സംവിധാനം ചെയ്തതിൽ വിഷ്ണു മോഹനും അഭിമാനിക്കാം. സധൈര്യം ടിക്കറ്റെടുക്കാം മേപ്പടിയാന്.

Content Highlights: Meppadiyan review, unni mukundan, vishnu mohan, malayalam movie review