ലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ വി.എം. വിനുവിന്റെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കുടുംബ ചിത്രമാണ് മറുപടി. വിനുവിനൊപ്പം റഹ്മാന്‍, ഭാമ എന്നിവരുടെ മടങ്ങി വരവ് കൂടി ചിത്രം അടയാളപ്പെടുത്തുന്നു. മാനം കാക്കാന്‍ പല്ലും നഖവും ഉപയോഗിച്ചുള്ള പ്രതിരോധത്തെ ഹീനകൃത്യമായി കാണാന്‍ കഴിയില്ലെന്നുള്ള മഹാത്മാഗാന്ധിയുടെ വാക്കുകളോടെയാണ് സിനിമ അവസാനിക്കുന്നത്. സാമൂഹിക പരിഷ്‌ക്കരണങ്ങള്‍ക്ക് മുന്‍പ് ഇല്ലാതാക്കേണ്ടത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളാണെന്ന ശക്തമായ സന്ദേശം സിനിമ പങ്കുവെയ്ക്കുന്നു. സമൂഹത്തിന്റെയും നിയമവ്യവസ്ഥിതിയുടെയും നേര്‍ക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തുന്ന ചിത്രം ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ നിസ്സഹായാവസ്ഥയും വരച്ചുകാട്ടുന്നു. 

കൊല്‍ക്കത്തയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി പുതുമുഖമായ ജുലൈന അഷ്‌റഫ് എഴുതിയ തിരക്കഥ, കുടുംബബന്ധത്തിന്റെ തീവ്രതയും നിരപരാധികള്‍ ഇരയാക്കപ്പെടുന്നതിന്റെ നിസ്സഹായാവസ്ഥയുമാണ് തിരയില്‍ വരച്ചിടുന്നത്. ആദ്യമായി തിരക്കഥ എഴുതുന്നതിന്റെ ന്യൂനതകള്‍ സിനിമയില്‍ പ്രകടമായി തന്നെ കാണാനുണ്ട്. സ്‌നേഹം, രൗദ്രം, ക്രൂരത, പ്രതികാരം, ദു:ഖം  ഇങ്ങനെ വികാരങ്ങളെ കേന്ദ്രീകൃതമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചില ഘട്ടങ്ങളില്‍ ചേരുവകള്‍ ഒരല്‍പ്പം കൂടിപ്പോയത് വിരസതയ്ക്കിട വരുത്തുന്നുമുണ്ട്. ഒന്നാം പകുതിയിലെ കഥയ്ക്കായുള്ള മുന്നൊരുക്കങ്ങളിലാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ കൂടുതലായുള്ളത്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ മാത്രമാണ് കഥ ആരംഭിക്കുന്നതും സിനിമയ്ക്ക് വേഗത കൈവരുന്നതും. 

ബാങ്ക് ഉദ്യോഗസ്ഥനായ എബിയ്ക്ക് കൊല്‍ക്കത്തയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുകയും കുടുംബവുമൊത്ത് കൊല്‍ക്കത്തയിലേക്ക് പോകുകയും അവിടെ എത്തുമ്പോഴുണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവം കുടുംബത്തെ ഒന്നാകെ ജയിലിലാക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 2007ല്‍ നിവേദ്യത്തിലൂടെ അരങ്ങേറ്റം നടത്തിയ ഭാമയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റതും മികച്ചതുമായ കഥാപാത്രമാണ് മറുപടിയിലെ സാറാ എലിസബത്ത്. ഭാര്യയായും അമ്മയായും പിന്നീട് കുറ്റവാളിയായുമാണ് ഭാമയ്ക്ക് മെയ്ക്ക് ഓവര്‍ നല്‍കിയിരിക്കുന്നത്. അനാഥയാണെന്നും അനാഥാലയത്തിലാണ് താന്‍ താമസിക്കുന്നതെന്നും മറ്റൊരാളോട് പറയാന്‍ സാറ അവളുടെ യൗവനത്തില്‍ മടിക്കുന്നുണ്ട്. പിന്നീട് വിവാഹശേഷം അവള്‍ക്ക് എല്ലാം മകളും ഭര്‍ത്താവുമടങ്ങുന്ന കുടുംബമാണ്. അച്ഛന്റെ വേഷത്തില്‍ റഹ്മാന്‍ നന്നായിരുന്നെങ്കിലും കാമുകനായി അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം പ്രയാസമായിരുന്നു. ഒരു ആസ്മാ രോഗി എങ്ങനെയായിരിക്കും എന്ന് മറുപടിയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ധാരണയില്ലെന്ന് വേണം ചിത്രത്തില്‍നിന്ന് മനസ്സിലാക്കാന്‍. ആസ്മാ രോഗിയായ റിയ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് പോലും തെറ്റായ രീതിയിലാണ്. ആഴത്തിലേക്ക് പരിശോധിച്ചാല്‍ ഇത്തരം ചില ന്യൂനതകള്‍ കണ്ടെത്താന്‍ സാധിക്കും. ബംഗാളി, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ടെസ്സ ജോസഫ്, സന്തോഷ് കീഴാറ്റൂര്‍, ദേവന്‍ തുടങ്ങിയവര്‍ നല്ല അഭിനയം കാഴ്ച്ചവെച്ചു. 

മികച്ച അഭിനയവും ഇമോഷണല്‍ ഡ്രാമയുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. കുറ്റങ്ങളും കുറവുകളും ഉള്ളപ്പോള്‍ തന്നെ സംവിധായകന്‍ ഉദ്ദേശിച്ച സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒഴിവാക്കപ്പെടേണ്ടതായ ചില ക്ലീഷേകള്‍ക്ക് പകരമായി പുതിയ ദൃശ്യപരീക്ഷണങ്ങള്‍ക്ക് സംവിധായകന്‍ മുതിരാതിരുന്നത് കാഴ്ച്ചക്കാരനെന്ന നിലയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. സിനിമ കണ്ടിറങ്ങുമ്പോള്‍ മനുഷ്യത്വമുള്ളവര്‍ക്ക് ചില ഉള്‍നീറ്റലുകള്‍ തോന്നും. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ മറുപടിക്ക് ടിക്കറ്റെടുത്താല്‍ പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമാകും.