അശോകേട്ടാ.., ഇത് അശോകേട്ടന്റെ രണ്ടാം കെട്ടാണോ..?
അതിൽ രണ്ടുകുട്ടികളുണ്ടോ..?

- ആദ്യരാത്രിയിലെ ഭാര്യയുടെ ചോദ്യത്തിനുമുന്നിൽ പകച്ചുപോയ അശോകന്റെ ഇന്നലെകൾ വിവരിക്കുന്ന സിനിമയാണ് 'മണിയറയിലെ അശോകൻ'.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഓണസമ്മാനമായി തിരുവോണദിനത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തി. നവാഗതനായ ഷംസു സായ്ബായുടെതാണ് സംവിധാനം.

ദുൽഖർ സൽമാൻ അതിഥിവേഷത്തിലെത്തുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് ടൈറ്റിൽ റോളിൽ. എ.ബി.സി.ഡി, എന്നും എപ്പോഴും എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധനേടിയ ഗ്രിഗറി ആദ്യവസാനം ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.

അശോകന്റെ ഗ്രാമവും അവിടത്തെ കാഴ്ചകളുമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. പച്ചപ്പും ഹരിതാഭയും പ്രേമിച്ചുകെട്ടിയ വെള്ളാരം കുന്നിലെ വയലത്താണി ഗ്രാമത്തെ മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സജാദ് കാക്കുവിന്റെ ക്യാമറയ്ക്കും അപ്പു ഭട്ടതിരിയുടെ എഡിറ്റിങ്ങിനും കഴിഞ്ഞിട്ടുണ്ട്.

വിവാഹപ്രായത്തിലെത്തിനിൽക്കുന്ന അശോകന്റെ സ്വപ്നങ്ങളും ആശങ്കകളുമെല്ലാം വിവരിക്കുന്ന കഥയ്ക്ക് കൂട്ടായി സുഹൃത്തുക്കളുടെ ജീവിതംകൂടി തുറന്നുവെക്കുന്നുണ്ട് സിനിമ.
മൊഞ്ചെത്തിപ്പെണ്ണേ... എന്ന ഗാനവും ദുൽഖറിന്റെ നിർമാണവും സസ്പെൻസിൽ ഒളിപ്പിച്ചുവെച്ച മുഖങ്ങളുമെല്ലാമാണ് റിലീസിനുമുൻപേ സിനിമയെ ചർച്ചയിലേക്ക് കൊണ്ടുവന്നത്.

പൊക്കക്കുറവിന്റെയും സൗന്ദര്യമില്ലായ്മയുടെയും അപകർഷബോധത്തിൽ കഴിയുന്ന അശോകനെ അവതരിപ്പിക്കുന്നതിൽ ഗ്രിഗറി വിജയിച്ചിട്ടുണ്ട്. ഹാസ്യതാരം എന്നതിനപ്പുറത്തേക്ക് ഗ്രിഗറിക്ക് ഇനിയുമേറെ മുന്നോട്ടുപോകാനാകുമെന്ന് മണിയറയിലെ അശോകൻ തെളിയിക്കുന്നു.
അനുപമ പരമേശ്വരൻ, ശ്രിൻഡ ശിവദാസ്, ഒനിമ കശ്യപ് എന്നിവരെ കൂടാതെ നസ്രിയയും അനുസിത്താരയും ചിത്രത്തിൽ ചെറുവേഷങ്ങളുമായി കഥയുടെ ഭാഗമാകുന്നുണ്ട്.

ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും ശ്രീഹരി കെ. നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടെതാണ് രസകരമായ വരികൾ.

Content Highlights :maniyarayile ashokan malayalam movie review gregory jacob dulquer salman wayfarer films