ഷളത്തരവും വിഡ്ഢിത്തരവും ആവോളം നിറച്ചുവച്ച അടിപിടി സിനിമ. അതാണ് മാസ്റ്റര്‍പീസ്. രാജാധിരാജ എന്ന തട്ടുപൊളിപ്പന്‍ സിനിമയിലൂടെ അരങ്ങേറിയ അജയ് വാസുദേവ് മമ്മൂട്ടിയെതന്നെ നായകനാക്കി ഇറക്കിയ രണ്ടാമത്തെ സിനിമ. മുന്‍ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണയാണ് രചന. അസംബന്ധങ്ങളാല്‍ നിറച്ചുവച്ച കഥയും കഥാപാത്രങ്ങളും.

പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയില്‍ സ്‌കൂള്‍ അധ്യാപകനാണെങ്കില്‍ ഇക്കുറി കോളജ് അധ്യാപകനായി പ്രമോഷന്‍ കിട്ടിയിട്ടുണ്ട് മമ്മൂട്ടി കഥാപാത്രത്തിന്. പക്ഷേ അപ്പോഴും ഓണത്തിനിറങ്ങിയ, ക്യാമ്പസ് പശ്ചാത്തലമാക്കിയ വെളിപാടിന്റെ പുസ്തകവുമായി അതിശയകരമായ, (പരിതാപകരമെന്നും വായിക്കാം.) സാമ്യം ഉണ്ട് മാസ്റ്റര്‍പീസിന്റെ പ്രമേയത്തിന്. 

വെളിപാടിന്റെ പുസ്തകത്തില്‍ ദുരൂഹമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതും കോളജിലെ രണ്ടു വിദ്യാര്‍ഥിഗ്യാങ്ങുകള്‍ തമ്മിലടിക്കുന്നതും അതിനിടയിലേക്ക് ഒരു അധ്യാപകനെത്തുന്നതുമാണല്ലോ പ്രമേയം. മാസ്റ്റര്‍പീസിലും മാറ്റമൊന്നുമില്ല. തീരദേശഗ്രാമം മാറ്റി കൊല്ലം നഗരത്തിലെ കോളജാക്കിയിട്ടുണ്ട്. ബാക്കിയെല്ലാം അതുപോലെ തന്നെ. തമ്മിലടിക്കുന്ന വിദ്യാര്‍ഥിഗ്യാങ്ങുകളും അതിനിടയില്‍ സംഭവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദുരൂഹകൊലപാതകവും കോളജിലേക്കു വരുന്ന എഡ്വേഡ് ലിവിങ്സ്റ്റണ്‍ (എഡി) എന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള അധ്യാപകനും എല്ലാം വെളിപാടിന്റെ പുസ്തകത്തിലെപ്പോലെ തന്നെ വെളിവില്ലാതെ അവതരിപ്പിച്ചിരിക്കുകയാണ്. തുടക്കംമുതല്‍ ഒടുക്കം വരെ അടിയോട് അടിയാണ്. അഞ്ചോ ആറോ ഫൈറ്റ് മാസ്റ്റര്‍മാരാണ് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നു വാര്‍ത്തകളുണ്ടായിരുന്നു. അതുമുതലാക്കാനാണോ എന്നറിയില്ല, നായകന് ഒരു മിനിട്ട് വിശ്രമം പോലും അനുവദിക്കാത്ത തരത്തിലാണ് അടി. ഒന്നുകില്‍ സംഘട്ടനം അല്ലെങ്കില്‍ സ്ലോമോഷന്‍ അല്ലെങ്കില്‍ കറുത്ത സ്‌കോര്‍പിയോകള്‍ വരിവരിയായി പോകുന്ന കാഴ്ച. ഇതാണ് രണ്ടരമണിക്കൂറിലേറെയുള്ള സിനിമയുടെ നല്ലൊരു പങ്കും അപഹരിക്കുന്നത്. 

മുന്‍കാലസിനിമകളിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളുടെ പാപം കഴുകിക്കളയാനാണോ എന്നറിയില്ല, മമ്മൂട്ടികഥാപാത്രം ഒരു ഡസനോളം തവണ  ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നുവെന്ന് പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ പോകുന്നുണ്ട്. റാസ്‌കല്‍ എന്നുവിളിക്കുന്ന ഐ.പി.എസ്. ഓഫീസര്‍ക്ക് ചിരി സമ്മാനിച്ചുപോകുന്നുണ്ട് എഡ്വേഡ് ലിവിങ്സ്റ്റണ്‍. 

മുകേഷ്, ഉണ്ണി മുകുന്ദന്‍, ശിവജി ഗുരുവായൂര്‍, ജോണ്‍ കൈപ്പുള്ളി, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗദ, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, വരലക്ഷ്മി ശരത്കുമാര്‍, ശിവജി ഗുരുവായൂര്‍, ലെന, ജനാര്‍ദനന്‍, സന്തോഷ് പണ്ഡിറ്റ്, സാജു നവോദയ, ബിജുക്കുട്ടന്‍ തുടങ്ങി താരങ്ങളുടെ ഒരു വലിയ പട തന്നെയുണ്ട് സിനിമയില്‍. കഥാപാത്രങ്ങളുടെ ബാഹുല്യത്താല്‍ സിനിമ തുടങ്ങി ഏതാണ്ട് ഒരുമണിക്കൂര്‍ പിന്നിട്ടശേഷമാണ് മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത്. ഇടവേളവരെ ലഹളയും അടിയുമായി നീങ്ങുന്ന സിനിമ ഇടവേളയ്ക്കുശേഷം ഒരു ത്രില്ലര്‍ സ്വഭാവത്തിലേയ്ക്ക് നീങ്ങുന്നു. അവസാനം ഡബിള്‍ സര്‍പ്രൈസുമായി (ഏറെക്കുറെ പ്രതീക്ഷിക്കുന്ന വഴിയില്‍) സിനിമ അവസാനിപ്പിക്കുന്നു.

തട്ടിക്കൂട്ടിയ തിരക്കഥയും കാലഹരണപ്പെട്ട ചലച്ചിത്രബോധം നിറഞ്ഞ സംവിധാനവുമാണ് മാസ്റ്റര്‍പീസിനെ മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും മോശം സിനിമയാക്കുന്നത്. മാസ് സിനിമ എന്നപേരില്‍ അജയ് വാസുദേവ് ആവിഷ്‌കരിക്കുന്നത് രാജാധിരാജയില്‍ പയറ്റി വിജയിക്കാതെ പോയ അതേ ചേരുവകളാണ്. വെട്ടിത്തിരിയുന്ന കറുത്ത സ്‌കോര്‍പിയോയുടെ നീണ്ടനിരയും ചില്ലുടഞ്ഞുവീഴുന്ന, നൂലില്‍ കെട്ടിയുളള ആക്ഷന്‍ കൊറിയോഗ്രഫിയും കര്‍ണപുടം തകര്‍ക്കുന്ന അസഹ്യമായ പശ്ചാത്തലസംഗീതവും എല്ലാമാണ് അജയ് വാസുദേവവന്റെ മാസ് സിനിമ സങ്കല്‍പ്പം എന്നുറപ്പിക്കുന്ന സിനിമ. വികലമായ ക്യാമ്പസ് കാഴ്ചക്കള്‍ക്കൊപ്പം അസംബന്ധജടിലമായ കഥാസന്ദര്‍ഭങ്ങളും യാതൊരു കൈയടക്കവുമില്ലാതെയാണ് കൈകാര്യം ചെയ്തിട്ടുളളത്. ദീപക് ദേവാണ് സംഗീതം. പാട്ടുകള്‍ സാധാരണനിലവാരം പുലര്‍ത്തിയപ്പോള്‍ വിനോദം ഇല്ലംപള്ളിയുടെ ദൃശ്യങ്ങളും മാന്യതകാത്തു. കഥാപാത്രങ്ങളില്‍ പലരും വിദ്യാര്‍ഥികളാണെങ്കിലും സര്‍വരും സദാസമയം മസില്‍ വീര്‍പ്പിച്ചു നടക്കുന്ന ഗുണ്ടകളായാണ് പ്രകടനം. സംഘടനരംഗങ്ങളിലെ നൂലില്‍കെട്ടിയുള്ള പ്രകടനങ്ങള്‍ പൊതുവേ തമാശ കുറവായ സിനിമയില്‍ ചെറിയ ചില ചിരിക്കു വഴിയൊരുക്കുന്നുണ്ട്.