രിച്ചാലും കത്തിനില്‍ക്കുന്ന യശസ്സ്, പുകള്‍പെറ്റ പകയുടെ തീകെടാത്ത മനസ്സ്..വള്ളുവനാട്ടിലെ യോദ്ധാക്കളുടേയും അവരെ ചോരപ്പാലൂട്ടി വളര്‍ത്തിയ സ്ത്രീകളുടെയും കഥപറയുന്ന 'മാമാങ്കം' പ്രദര്‍ശനത്തിനെത്തി.

ചരിത്രസിനിമകളിലേക്കുള്ള മലയാളത്തിന്റെ തിരിച്ചുപോക്കാണ് ഈ മമ്മൂട്ടിചിത്രം, വാളുകൊണ്ടും വാക്കുകൊണ്ടും കഥാപാത്രങ്ങള്‍ കഥയില്‍ ഇളക്കം തീര്‍ക്കുന്നു. ആക്ഷന്‍ രംഗങ്ങളോടു സമം ചേര്‍ന്ന് വൈകാരികപ്രകടനങ്ങളും ചേര്‍ത്തുവെക്കാനായി എന്നത് ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ട്.

പിറന്ന നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ചാവേറുകളായി പോരിനിറങ്ങിയ യോദ്ധാക്കളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍, സിദ്ധിഖ്, മാസ്റ്റര്‍ അച്യുതന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

സംവിധായകന്‍ രഞ്ജിത്തിന്റെ മുഖവുരയോടെയാണ് മാമാങ്കം ബിഗ്‌സ്‌ക്രീനില്‍ തെളിയുന്നത്. മാമാങ്ക രക്ഷാപുരുഷനായി അധികാരമേറ്റ കോഴിക്കോട് സാമൂതിരിക്ക് കീഴടങ്ങാതെ അടിമക്കൊടി അയക്കാന്‍ വിസമ്മതിച്ച് മേല്‍ക്കൊയ്മ അംഗീകരിക്കാതെ വള്ളുവകോനാതിരി പ്രതിഷേധമുയര്‍ത്തി. ഓരോ മാമാങ്കത്തിനും സാമൂതിരിയെ വെട്ടിക്കൊല്ലാനായി തന്റെ മികച്ച യോദ്ധാക്കളെ ചാവേറുകളായി അദ്ദേഹം മാമാങ്കഭൂമിയിലേക്കയച്ചു.

സാമൂതിരി രാജാവിന്റെ അംഗബലത്തിനും  ആയുധബലത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വള്ളുവനാട്ടിലെ ധീരന്‍മാര്‍ മാമാങ്ക വേദിയില്‍ മരിച്ചുവീണു. അടിമകളായി ഒടുങ്ങില്ലെന്ന വീറോടെ  ചാവേറുകളായി ഇറങ്ങിത്തിരിച്ചവരുടെ ഉടല്‍ വള്ളുവനാട്ടിലേക്ക് തിരിച്ചെത്തുന്ന പതിവില്ലായിരുന്നു, ആകെ ഒരു തവണമാത്രമാണ് ഒരുവന്റെ ഉടല്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ചന്തുണ്ണിയെന്ന ധീരയോദ്ധാവിന്റെ ജ്വലിക്കുന്ന സ്മാരകം ഇന്നും മലപ്പുറംജില്ലയിലെ പാങ്ങിലുണ്ട്. ഉടല്‍ തിരിച്ചുകൊണ്ടുവന്ന യോദ്ധാവിനേയോ യോഗിയേയോ കുറിച്ച് ചരിത്രത്തില്‍ കൃത്യമായ പരാമര്‍ശങ്ങളൊന്നുമില്ല. എങ്കിലും പാട്ടുകളില്‍ പാടിനിറഞ്ഞ അടക്കം പറച്ചിലുകളാണ് സിനിമക്കാധാരമായത്. 

1695ാം ആണ്ടില്‍ നടന്ന ചരിത്ര സംഭവങ്ങളുടെ ഭാവനാവിഷ്‌ക്കാരമാണ് മാമാങ്കമെന്ന സിനിമ. മാമാങ്ക വേദിയില്‍ വെട്ടിക്കയറി സാമൂതിരിയുടെ ഇരിപ്പിടം വരെയെത്തിയ യോദ്ധാവായും, സ്‌ത്രൈണരൂപമണിഞ്ഞ ചിത്രകാരനായും, പുതുതലമുറക്ക്  ചുവടുകള്‍ പറഞ്ഞുകൊടുക്കുന്ന വല്യമ്മാവന്റെ വേഷത്തിലുമെല്ലാം വ്യത്യസ്ഥ ഗെറ്റെപ്പുകളിലാണ് മമ്മൂട്ടിചിത്രത്തിലെത്തിയത്.

ചാവേറുകളായി വാളെടുത്തിറങ്ങുമ്പോള്‍ കൊല്ലാനും മരിക്കാനും മനസ്സിനെ പാകപ്പെടുത്തണം. വാളെടുത്തുനില്‍ക്കുമ്പോള്‍ ഭൂമിയിലേക്ക് പിടിച്ചടുപ്പിക്കുന്ന ഒരു ഭാരവും യോദ്ധാവിലുണ്ടാകരുത് മറികടക്കേണ്ടത് ഭയം മാത്രമല്ല വലിഞ്ഞുകെട്ടുന്ന വേരുകള്‍ കൂടിയാണ് തുടങ്ങി ഗുരുവേഷത്തിലെത്തിയുള്ള ചന്ദ്രോത്ത് വലിയപണിക്കരുടെ  സംഭാഷണങ്ങള്‍ കഥയില്‍ കയ്യടി തീര്‍ക്കുന്നു.

പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന കഥ ആദ്യപകുതികഴിയുന്നതോടെ ആക്ഷന്‍രംഗങ്ങളുടെ അകമ്പടിയില്‍ ചൂടുപിടിക്കുന്നു. യോദ്ധാവായി ഉണ്ണിമുകുന്ദന്‍ തിളങ്ങുമ്പോള്‍ ക്ലൈമാക്‌സില്‍ മാസ്റ്റര്‍ അച്യുതന്‍ തീപന്തമായിമാറി.

പ്രാചി തെഹ് ലാന്‍,കനിഹ,അനുസിത്താര, ഇനിയ തുടങ്ങിയവരാണ് പ്രധാന സ്ത്രീവേഷങ്ങളില്‍. കരുത്തുള്ള സംഭാഷണങ്ങളിലൂടെ സ്ത്രീകഥാപാത്രങ്ങളും പ്രേക്ഷകമനസ്സില്‍ ഇടം നേടുന്നുണ്ട്. തിരുന്നാവായയില്‍ പോയി നിലപാട്തറ വെട്ടിപ്പിടിച്ച് കൊന്നോ ജയിച്ചോ മരിച്ചോ അമരത്വം നേടിവരണമെന്ന് അനുഗ്രഹച്ചാണ് യോദ്ധാക്കളെ വീട്ടുകാര്‍ പറഞ്ഞുവിടുന്നത്.

കൂടാരങ്ങളും അങ്ങാടികളും ആള്‍ക്കൂട്ടവും ആനയും കുതിരയുമെല്ലാമായി വിപുലമായ രീതിയില്‍ തന്നെയാണ് മാമാങ്കപെരുമ്പട്ടണം സിനിമക്കായി ഒരുക്കിയിരിക്കുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച മാമ്മാങ്കം എം.പത്മകുമാറാണ് സംവിധാനം ചെയ്തത്. മനോജ് പിള്ള ക്യാമറയുംഎം ജയചന്ദ്രന്‍ സംഗീതവും നിര്‍വഹിക്കുന്നു.

Content Highlights : Mamangam movie review Mammooty M Padmakumar Sajeev Pillai