ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രം, ഫഹദ് ഫാസിലിന്റെ കിടിലന്‍ മേക്ക് ഓവര്‍, ദൈര്‍ഘ്യമേറിയ കാലത്തിലൂടെ സഞ്ചരിക്കുന്നകഥ, കോടികള്‍ മുടക്കിയുള്ള സെറ്റ് നിര്‍മ്മാണവും ചിത്രീകരണവും-മാലിക്ക് സിനിമയുടെ പ്രഖ്യാപനം നടന്നതിന് പുറകെ വാര്‍ത്തകള്‍ ഒന്നൊന്നായി തലപൊക്കിയിരുന്നു. കടലോര ജനതയുടെ കഥ പറയുന്ന സിനിമയെകുറിച്ചുള്ള പ്രതീക്ഷകള്‍ അങ്ങിനെ ആകാശത്തോളം ഉയരത്തിലായി.

തീയേറ്റര്‍ റിലീസിനായി തയ്യാറാക്കിയ സിനിമയായിരുന്നു മാലിക്ക്, കോവിഡ് പ്രതിസന്ധികള്‍ അവസാനിച്ച് തീയേറ്ററില്‍തന്നെ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ രോഗഭീതി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒ.ടി.ടി. പ്ലാറ്റ് ഫോമിലൂടെ സിനിമപുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായി. ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തി.

മികച്ചൊരു തീയേറ്റര്‍ അനുഭവം നഷ്ടമായിരിക്കുന്നു-ഇത്തരമൊരു പരാമര്‍ശത്തിലൂടെ മാത്രമെ മാലിക്ക് എന്ന സിനിമയെകുറിച്ച് പറഞ്ഞുതുടങ്ങാന്‍ കഴിയൂ. കഥപറഞ്ഞതിലെ കയ്യടക്കവും, അമ്പത്തിഏഴുകാരനായുള്ള ഫഹദിന്റെ പ്രകടനവും എടുത്തുപറയേണ്ടിയിരിക്കുന്നു.

ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ വ്യത്യസ്ഥമായ വേഷം, ആദ്യമായാണ് ഫഹദ് സ്വന്തം പ്രായത്തില്‍ നിന്നും ഏറെ ദൂരെനില്‍ക്കുന്ന ഒരു കഥാപാത്രത്തെ സ്വീകരിക്കുന്നത്. പ്രായം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുചലനങ്ങളിലൂടെ അടയാളപ്പെടുത്തുമ്പോഴും, നോട്ടത്തിലും സംസാരത്തിലും ഭൂതകാലത്തിന്റെ കനല്‍ അണയാതെ സൂക്ഷിക്കുന്നു സുലൈമാന്‍ അലി അഹമ്മദ് എന്ന സുലൈമാന്‍ മാലിക്ക്.

കേരളീയ സമൂഹത്തില്‍ നടുക്കം തീര്‍ത്ത ജാതിമത സംഘര്‍ഷത്തിന്റെ നിഴല്‍ പറ്റിയാണ് മാലിക്കിന്റെ കഥ വികസിക്കുന്നത്. ചരിത്രത്തില്‍ നിന്ന് കടം കൊണ്ട ചിലസംഭവങ്ങളെ സ്വന്തം ഭാവനയിലൂടെ മാറ്റിപണിതിരിക്കുന്നു രചയിതാവും എഡിറ്ററും കൂടിയായ സംവിധായകന്‍ മഹേഷ് നാരായണന്‍.

കടലിനോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍, കടലോളം തന്നെ തിരത്തുള്ളിയെത്തുന്ന അവരുടെ പ്രശ്നങ്ങള്‍. ഇത്തരമൊരു സങ്കടഭൂമിയില്‍ ചവിട്ടുനിന്നുകൊണ്ടാണ് സുലൈമാന്‍, നാടിന്റെ നാട്ടുകാരുടെ ശബ്ദമായി മാറുന്നത്.

പണം, പദവി, അധികാരം എന്നിവയിലേക്കുള്ള യാത്രയില്‍ സുലൈമാന് അയാളുടേത് മാത്രമായ ശരികളുണ്ട്, നിയമം സൃഷ്ടിച്ച ഒരു കള്ളിക്കകത്തും അയാള്‍ നിലകൊണ്ടില്ല. നാട്ടില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളുമ്പോള്‍, മണല്‍ കവര്‍ന്നുപോകുമ്പോള്‍, വീടുനഷ്ടപ്പെട്ടവരുടെ വിലാപം കാതില്‍വന്നടിയുമ്പോള്‍ സുലൈമാന്‍ വ്യവസ്ഥിതികളെ ചോദ്യം ചെയ്തിറങ്ങുന്നു.

നാടിന്റെ സ്പന്ദനങ്ങള്‍ പിടിച്ചെടുത്ത് നാട്ടുകാരുടെ രക്ഷകനായി മാറിയ നായകനെ പരിചയപ്പെടുത്തികൊണ്ടാണ് കഥതുടങ്ങുന്നത്. പിന്നീടങ്ങോട്ട് പലരുടേയും ഓര്‍മ്മകളിലൂടെ അത് വികസിക്കുന്നു. സഹജീവികള്‍ക്കായി ഒച്ചവയ്ക്കുന്ന നായകനെ ആദ്യമായി കാണിക്കുമ്പോള്‍ പോലും പതിവ് സിനിമാ ശീലങ്ങള്‍ പിന്‍തുടരുന്നില്ല മാലിക്ക്. നായകന്റെ വരവിലും അയാളുടെ പ്രതിഷേധവും പ്രതികാരവും കനക്കുമ്പോഴും അതിവൈകാരികതയോ, സൗണ്ട് ഗിമ്മിക്കുകളോ കൊണ്ടുവരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.

റംമ്ദാ പള്ളിയുടെ വിശ്വാസഭൂമിയില്‍ നിലയുറപ്പിച്ച ഒരു കൂട്ടം മനുഷ്യരുടെ അതിജീവന ശ്രമങ്ങളാണ് മാലിക്ക് തുറന്നുവയ്ക്കുന്നത്. സുലൈമാനെ കേന്ദ്രകഥാപാത്രമാക്കി കാണിക്കുമ്പോഴും അയാളുടെ ജീവിതം മാത്രമല്ല സിനിമ. കടലോര ജനതയുടെ പ്രണയവും പ്രതികാരവും കണ്ണീരും കലാപവുമെല്ലാം അങ്ങിങ്ങായി നിറഞ്ഞുനില്‍ക്കുന്നുണ്ട് ചിത്രത്തില്‍.

സുലൈമാന്റെ ഭാര്യാവേഷത്തിലെത്തിയ നിമിഷ സജയന്‍ കാഴ്ച്ചയില്‍പോലും വേറിട്ടുനിന്നു. രണ്ടുകാലത്തിലൂടെയും കടന്നുപോയ വേഷം അവര്‍ മനോഹരമാക്കി. വിയോജിപ്പുകള്‍ ഉയര്‍ത്തുമ്പോഴും നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോഴും കഥാപാത്രം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു.
ദിലീഷ് പോത്തന്‍ അവതരിപ്പിച്ച അബൂബക്കര്‍ എം.എല്‍.എയാണ് ചിത്രത്തിലെ ശക്തമായ മറ്റൊരു വേഷം. അധികാരം ആയുധമാക്കി മുന്നോട്ടു നീങ്ങുന്ന അബൂക്കയെ കുറിച്ച് കഥയിലേക്ക് കയറാതെ കുടുതലായി പറയാനാകില്ല. മലയാളികളുടെ പ്രിയനടി ജലജയെ ഏറെ കാലങ്ങള്‍ക്കുശേഷം സിനിമയില്‍ വീണ്ടും കാണാനായി എന്നതാണ് മാലിക്ക് നല്‍കുന്ന മറ്റൊരു സന്തോഷം. 

നായകന്റെ സുഹത്തും നിഴലുമാകുന്ന പതിവ് സഹവേഷങ്ങളില്‍ നിന്ന് മാറിനടക്കുന്നുണ്ട് വിനയ് ഫോര്‍ട്ടിന്റെ ഡേവിഡ് ക്രിസ്തുദാസ്. ഐ.എ.എസ് ഉദ്യോഗസ്ഥനായുള്ള ജോജുജോര്‍ജ്, റംമ്ദാപള്ളിയിലെ തങ്ങളായെത്തിയ സലിം കുമാര്‍, പോലീസ് സി.ഐ വേഷത്തില്‍ എത്തിയ ഇന്ദ്രന്‍സ്, ഡേവിഡിന്റെ മകന്‍ വേഷത്തിലെത്തിയ സനല്‍ അങ്ങിനെ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയവരെല്ലാം തന്റെ ഭാഗം ഭംഗിയാക്കി. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ക്യാമറ സാനു വര്‍ഗ്ഗീസ്,സംഗീതം സുഷിന്‍ ശ്യാം.

Content Highlights: Malik Movie Review, Crime Thriller, Mahesh Narayanan Fahadh Faasil Nimisha Sajayan Joju George Vinay Fortt Dileesh Pothen, Jalaja Amazon Prime Video