പ്രസക്തമായ പ്രമേയം, മികച്ച അവതരണം, അഭിനേതാക്കളുടെ സ്വാഭാവികത -ഒരു നല്ല ചിത്രത്തിനു വേണ്ട ഘടകങ്ങളെല്ലാം ഒത്തുചേർന്നിട്ടുണ്ട് മൃദുൽ ജോർജ് സംവിധാനം ചെയ്ത 'തത്സമയം' എന്ന ഹ്രസ്വചിത്രത്തിൽ. 'സ്വാഭാവിക'മായിക്കൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. 17 മിനിറ്റിനുള്ളിൽ, അഭിനേതാക്കളല്ല, നാമോരോരുത്തരും അനുഭവിക്കുന്ന പ്രശ്നമാണിതെന്ന സന്ദേശം പ്രേക്ഷകനിലേക്ക് എത്തിക്കാനായി എന്നതാണ് സമൂഹത്തെ സംബന്ധിച്ച് ഈ ചിത്രത്തെ 'തത്സമയ'മാക്കുന്നത്.
ലോക്ക്ഡൗൺ സമയത്ത് ഒരു പ്രശസ്ത നടി ലൈവിൽ സംസാരിക്കുന്നതിനിടെ ചില അക്കൗണ്ടുകളിൽ നിന്ന് അശ്ലീല കമന്റുകൾ വരുന്നു. കമന്റുകൾ വായിച്ച ഷോക്കിൽ ലൈവ് അവസാനിപ്പിക്കുന്ന അവർക്ക് പിന്നീട് ചുറ്റുപാടുകളിൽ നിന്ന് നേരിടേണ്ടി വരുന്നത് എന്താണെന്നും അതിനോടവർ പ്രതികരിക്കുന്നത് എങ്ങനെയെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രം വരച്ചുകാണിക്കുന്നു.
വീഡിയോ കോൾ, സോഷ്യൽ മീഡിയ ലൈവ്, വാട്ട്സ് ആപ്പ് ചാറ്റ് എന്നിവ വഴി പൂർണമായും വെർട്ടിക്കൽ ഫോർമാറ്റിലാണ് ചിത്രീകരണം. നേരിട്ട് ക്യാമറ ഉപയോഗിച്ചിട്ടുള്ള ഒരു സീൻ പോലും ചിത്രത്തിലില്ല എന്നത് പ്രമേയത്തിന്റെ തീവ്രത വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കളും മികവ് പുലർത്തി. മിനിറ്റുകളോളം നീണ്ടുനിൽക്കുന്ന രംഗങ്ങൾ പോലും കയ്യടക്കത്തോടെ അവതരിപ്പിക്കാൻ പ്രധാന കഥാപാത്രമായെത്തിയ നീതു സിറിയക്കിനായി. ആർദ്ര ബാലചന്ദ്രൻ, എൽന മെറിൻ, ഉല്ലാസ് ടി.എസ്., ഗൗരി കെ. രവി എന്നിവരാണ് മറ്റഭിനേതാക്കൾ.
'ലൂക്ക'യുടെ രചയിതാക്കളിൽ ഒരാളായ മൃദുൽ ജോർജാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.vfxചെയ്തയദു ശ്രീനിയുടേതാണ് എടുത്തു പറയേണ്ട മറ്റൊരു പേര്. സംഗീതം സൂരജ് എസ്. കുറുപ്പും എഡിറ്റിങ് നിഖിൽ വേണുവും നിർവഹിച്ചിരിക്കുന്നു.
Content highlights :malayalam shortfilm thalsamayam