മാസ്, ആക്ഷന്‍, സ്‌റ്റൈല്‍  ഇതാണ് ഒറ്റ നോട്ടത്തില്‍ ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം. പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്നത് കൊമ്പന്മാര്‍ തലയെടുപ്പോടെ നിരന്നുനില്‍ക്കുന്നതും ചെണ്ടമേളവും കുടമാറ്റവും വെടിക്കെട്ടിമൊക്കെയാണ്‌ എന്നാല്‍ ഇതൊന്നുമില്ലാതെ വെടിക്കെട്ടിന് തീകൊളുത്തിയപോലെ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. കണ്ട് ശീലിച്ച ആക്ഷന്‍ രംഗങ്ങളില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും കാണാന്‍ കഴിയില്ലെങ്കിലും കൂടുംബവുമൊത്ത് ആസ്വദിക്കാന്‍ പറ്റിയൊരു സിനിമ തന്നെയാണ് തൃശ്ശൂര്‍ പൂരം. 

സാധാരണക്കാരനില്‍ നിന്നും പുള്ള് ഗിരിയെന്ന ഗുണ്ടയിലേക്കുള്ള ജയസൂര്യ കഥാപാത്രത്തിന്റെ വളര്‍ച്ചയും ഇടയ്ക്കുള്ള ചെറിയ പ്രണയവും അത് ഗിരിയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റവും വളരെ പരിചിതമായി തോന്നുന്ന കഥാശകലങ്ങളാണ്. എന്നാല്‍ കൂടി കാഴ്ചക്കാരനെ മടുപ്പിക്കാതെ പിടിച്ചിരുത്താന്‍ നവാഗതനായ സംവിധായകന്‍ രാജേഷ് മോഹനന് സാധിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിനയ് ബാബുവും ചേര്‍ന്നാണ് നിര്‍മാണം. സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയെന്ന പ്രത്യേകതയും തൃശ്ശൂര്‍ പുരത്തിനുണ്ട്. 

സ്വാതി റെഡ്ഡിയുടെ വേണി എന്ന നായികയും ഗിരിയുടെ ഒപ്പം തന്നെ പിടിച്ചു നില്‍ക്കുന്നുണ്ട്. മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, വിജയ് ബാബു, സാബു, മണിക്കുട്ടന്‍, ടി.ജെ. രവി, സുധീപ് നായര്‍, സൂധീര്‍ കരമന, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്. പ്രകാശ് വേലായുധന്റെ ഫ്രെയിമുകളാണ്‌ പിന്നെ ചിത്രത്തെ വേറിട്ടതാകുന്നത്. ഗിരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരിക്കുന്നത് ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയാണ്. മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്വൈത് ശ്രമിച്ചിട്ടുണ്ട്. പിന്നെ എടുത്ത് പറയേണ്ട പ്രകടനങ്ങള്‍ മുരുകന്റെയും മണിക്കുട്ടന്റെയുമാണ്. ഗിരിയുടെ ഇടവും വലവും നില്‍ക്കുന്ന വിശ്വസ്തരായി ഇവര്‍ കൈയടി നേടുന്നുണ്ട്

കുറച്ച് നീണ്ട് പോയെന്നതല്ലാതെ അവകാശപ്പെട്ടതുപോലെ മാസ് കാണിക്കാന്‍ പുള്ള് ഗിരിക്കും ഗഡികള്‍ക്കും സാധിച്ചിട്ടുണ്ട്. അധികപ്രതീക്ഷകള്‍ വെയ്ക്കാതെ ക്രിസ്മസിന് കുട്ടികളും കുടുംബവുമായി കാണാന്‍ പറ്റിയൊരു സിനിമ എന്ന നിലയില്‍ തൃശ്ശൂര്‍ പുരം നിങ്ങളെ നിരാശപ്പെടുത്തില്ല.

Content Highlights: Malayalam movie Thrissur Pooram review