നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം വണ്‍. പുറത്തിറങ്ങിയ ട്രെയിലറും ടീസറും സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയം തന്നെയാണ് സിനിമയ്ക്ക് പശ്ചാത്തലം. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന വിശേഷണത്തോട് നൂറ് ശതമാനവും നീതി പുലര്‍ത്തിയ ചിത്രമാകുന്നു വണ്‍. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്കുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് വണ്ണിന്.

ഇത്തവണ സംവിധായകന്‍ രാഷ്ട്രീയത്തിലാണ് കൈവെച്ചത്. സംശയങ്ങള്‍ക്ക് പഴുതില്ലാത്ത വിധം അതില്‍ അദ്ദേഹം വിജയം കണ്ടിരിക്കുന്നു. സംവിധായകന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടാന്‍ എന്തുകൊണ്ടും യോഗ്യമാണ് വണ്‍. സാധാരണക്കാരുടെ പ്രശ്‌നങ്ങളിലൂടെയും സമകാലിക കേരള രാഷ്ട്രീയത്തില്‍ പൊതുവായി കണ്ടുവരുന്ന ചില വിഷയങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തേക്കാള്‍ ആവേശം നിറഞ്ഞ രംഗങ്ങളും മാസ് ഡയലോഗുകളും തന്നെയാണ് ഹൈലൈറ്റ്. 

'കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് അയാളുടെ പേര്' എന്ന മാസ് ഡയലോഗിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിവേഷത്തില്‍ മമ്മൂട്ടി അഭ്രപാളിയില്‍ നിറഞ്ഞാടി. കുറച്ചുകാലങ്ങള്‍ക്കുശേഷം മമ്മൂട്ടിയുടെ വണ്‍മാന്‍ഷോ പ്രകടനം ആരാധകരില്‍ ആവേശവും രോമാഞ്ചവും നിറയ്ക്കുന്ന തരത്തിലുള്ളതാണ്. യാത്ര എന്ന തെലുങ്കുചിത്രത്തിലെ വൈ.എസ്.ആര്‍ എന്ന മുഖ്യമന്ത്രി കഥാപാത്രത്തില്‍നിന്ന് കടയ്ക്കല്‍ ചന്ദ്രനിലേക്കെത്തുമ്പോള്‍ അഭിനയത്തിന്റെ റേഞ്ച് വേറെ ലെവല്‍ തന്നെയായിരിക്കുന്നു. മറ്റെന്തിനേക്കാളും വലുത് ജനങ്ങളാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് പ്രധാനമെന്നും കരുതുന്ന മുഖ്യമന്ത്രിയാണ് കടയ്ക്കല്‍ ചന്ദ്രന്‍. 

one movie

ഔദ്യോഗിക ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെ വളരെ ആത്മവിശ്വാസത്തോടെ നേരിട്ട് ജനപ്രിയ മുഖ്യമന്ത്രി പരിവേഷം നേടുന്നു കടയ്ക്കല്‍ ചന്ദ്രന്‍. എന്നാല്‍ ഒരു ഘട്ടത്തില്‍ വലിയ ഒരു രാഷ്ട്രീയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നടത്തുന്ന ശ്രമവും അതിനിടയില്‍ നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രം. ഇതുവരെ കണ്ടുപരിചയിച്ച രാഷ്ട്രീയ സിനിമകളില്‍നിന്ന് വേറിട്ട ഒരു സ്ഥാനം കണ്ടെത്താന്‍ കഴിയുന്ന സിനിമയാണ് വണ്‍. തിരക്കഥയുടെ കെട്ടുറപ്പും ഉദ്വേഗഭരിതമായ രംഗങ്ങളും ചിത്രത്തിന്റെ വിജയത്തില്‍ വലിയ മുതല്‍ക്കൂട്ടാകുന്നു.

ബോബി-സഞ്ജയ്മാര്‍ ഒരിക്കല്‍കൂടി കൈയ്യടി അര്‍ഹിക്കുന്നു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനെയും ചോര്‍ത്തിക്കളയാത്ത തരത്തില്‍ വൈദി സോമശേഖരത്തിന്റെ ഛായാഗ്രഹണം മികച്ചുനിന്നു. നിഷാദ് യൂസഫിന്റെ എഡിറ്റിംഗിനെ പക്ക എന്നുതന്നെ വിശേഷിപ്പിക്കാം. 

വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സലീംകുറിന്റെ ദാസപ്പന്‍ എന്ന കഥാപാത്രം, മമ്മൂട്ടിയുടെ സഹോദരിയായി എത്തിയ നിമിഷ സജയന്‍, പ്രതിപക്ഷ നേതാവായി മുരളി ഗോപി, ജോജു ജോര്‍ജിന്റെ ബേബി... അങ്ങനെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് എല്ലാ അഭിനേതാക്കളും കൈയ്യടി നേടുന്നു. മധു, സിദ്ദിഖ്, ജഗദീഷ്, ശങ്കര്‍ രാമകൃഷ്ണന്‍, മാത്യു തോമസ് തുടങ്ങിയ താരങ്ങള്‍ക്കും വലിയ പ്രാധാന്യം തന്നെയാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.

കൊവിഡ് 19നെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് സിനിമയുടെ വിജയത്തെ ഒട്ടും ബാധിക്കില്ലെന്നുറപ്പാണ്. പ്രേക്ഷകരെ ഉറപ്പായും തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്റര്‍ടെയിനര്‍ തന്നെയാണ് ചിത്രം. മുന്‍വിധികളില്ലാതെ ധൈര്യമായി ടിക്കറ്റെടുക്കാം വണ്ണിന്!

Content highlights : malayalam movie one review starring mammootty