തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് സന്തോഷത്തിന്റെ, നോവിന്റെ വേറിട്ട അനുഭവം പകര്‍ന്നുകൊടുക്കുന്ന സംവിധായകനാണ് ജിസ് ജോയ്. അതുകൊണ്ടുതന്നെ ഫീല്‍ഗുഡ് സിനിമകളുടെ തലതൊട്ടപ്പനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പതിവുതെറ്റിക്കാതെ ഇത്തവണയും ഒരു മികച്ച ഫീല്‍ഗുഡ് സിനിമ അദ്ദേഹം മലയാളിപ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്, മോഹന്‍കുമാര്‍ ഫാന്‍സിലൂടെ. സാധാരണമായ ജീവിതപരിസരങ്ങളാണ് അദ്ദേഹത്തിന്റെ മുന്‍സിനിമകള്‍ക്ക് വിഷയമായതെങ്കില്‍ ഇത്തവണ സിനിമയെത്തന്നെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ, പോസിറ്റീവായ ചിന്തകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചുയര്‍ത്തുന്നു ചിത്രം. ചിരിയും ചിന്തയും വൈകാരികനിമിഷങ്ങളും ഒട്ടും വിരസമാക്കാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വീണ്ടും വിജയിച്ചിരിക്കുന്നു. 

ഒരു നടന്റെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. ഒരുകാലത്ത് മുന്‍നിര നടന്മാരുടെ കൂട്ടത്തില്‍ തിളങ്ങിനില്‍ക്കുകയും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ വരവോടെ പിന്‍തള്ളപ്പെടുകയുമുണ്ടായ മോഹന്‍കുമാര്‍ എന്ന നടന്റെ ജീവിതവും സിനിമയിലേക്കുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. സിദ്ധിഖ് ആണ് മോഹന്‍കുമാറായി വേഷമിട്ടിരിക്കുന്നത്. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ അയാള്‍ക്ക് മികച്ച ഒരു വേഷം ലഭിക്കുകയും അത് വലിയരീതിയില്‍ ശ്രദ്ധനേടുകയും തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. താന്‍ ചെയ്ത കഥാപാത്രം വലിയ പ്രേക്ഷകസ്വീകാര്യത നേടുകയും അവാര്‍ഡിന് സാധ്യതയുള്ളതാണെന്നും അയാള്‍ മനസിലാക്കുന്നു. അയാളുടെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കാന്‍ ചിലര്‍ കൂടി എത്തുന്നു. 

ചിത്രത്തിലെ എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ് കൃഷ്ണനുണ്ണി. സിനിമയില്‍ പാടണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന അയാള്‍ അവിചാരിതമായി മോഹന്‍കുമാറിന്റെ ജീവിതത്തിന്റെ ഭാഗമാകുകയും കഥയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായകപങ്ക് വഹിക്കുകയും ചെയ്യുന്നു. കുഞ്ചാക്കോ ബോബനാണ് കൃഷ്ണനുണ്ണിയായി വേഷമിട്ടിരിക്കുന്നത്. ഒപ്പം മുകേഷ് അവതരിപ്പിച്ച പ്രകാശ് മാത്യു എന്ന കഥാപാത്രവും ഏറെ മികച്ചുനിന്നു. വിനയ് ഫോര്‍ട്ടിന്റെ ആഘോഷ് മോനോന്‍ ചിത്രത്തിലുടനീളം ചിരിപടര്‍ത്തി നിന്നു. ജോയ് മാത്യു, കെ.പി.എ.സി ലളിത, അലന്‍സിയര്‍, സൈജു കുറുപ്പ്, ശ്രീനിവാസന്‍, രമേഷ് പിഷാരടി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. പുതുമുഖമായി വേഷമിട്ട അനാര്‍ക്കലി നാസറും തന്റെ റോള്‍ മികച്ചതാക്കി. സിദ്ധിഖിന്റെയും കുഞ്ചാക്കോ ബോബന്റെയും കഥാപാത്രങ്ങള്‍ കഥാഗതിയെ സജീവമാക്കി നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 

ജിസ് ജോയിയുടെ ലാളിത്യം നിറഞ്ഞ വരികള്‍ക്ക് പ്രിന്‍സ് ജോയ് ഈണം പകര്‍ന്നപ്പോള്‍ കഥയുടെ ഒഴുക്കിന് യോജിച്ച ഗാനങ്ങള്‍ പിറന്നു. രതീഷ് രാജിന്റെ എഡിറ്റിംഗും ബാഹുല്‍ രമേശിന്റെ ഛായാഗ്രഹണവും ചിത്രത്തിനെ കൂടുതല്‍ മിഴിവുറ്റതാക്കി നിര്‍ത്തി. സണ്‍ഡേ ഹോളിഡേ, വിജയ്‌സൂപ്പറും പൗര്‍ണമിയും പോലെ മോഹന്‍കുമാര്‍ ഫാന്‍സും ഫീല്‍ഗുഡ് അനുഭവം സമ്മാനിച്ച് കൈയ്യടി നേടുന്നു. ആവശ്യമില്ലാത്ത മാനസികഭാരങ്ങളെല്ലാം ഇറക്കിവെച്ച് ഫ്രെഷ് ആയ മനസ്സോടെ കണ്ടിറങ്ങാം ഈ സിനിമയും.

Content highlights : malayalam movie mohankumar fans review starring kunchacko boban