ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മലയാളി ഇന്നുവരെ കണ്ടു ശീലിച്ച സിനിമയല്ല . മറിച്ച്കേരളത്തിലെ ഭൂരിഭാഗം വീടുകളുടെയും അടുക്കളയിൽ എരിഞ്ഞു തീരുന്ന സ്ത്രീ ജീവിതങ്ങളിലേക്ക് തുറന്നുവച്ച കണ്ണാടിയാണ് .ജിയോ ബേബി സംവിധാനം ചെയ്ത സിനിമ ആദ്യാവസാനം ചർച്ചചെയ്യുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചാണ്. നമ്മുടെയൊക്കെ വീടുകളിലെ സ്ത്രീ ജീവിതങ്ങളിലേക്ക് ദിവസങ്ങളോളം ക്യാമറ വെറുതെ തുറന്നു വെച്ചാൽ എങ്ങനെ ഉണ്ടാകുമോ ആ കാഴ്ചതന്നെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ സംവിധായകൻ കാണിച്ചുതരുന്നത്.

സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ഉന്നത വിദ്യാഭ്യാസം നേടിയ നിമിഷയുടെ കഥാപാത്രംഅധ്യാപകനായ സുരാജിനെ കല്യാണം കഴിക്കുന്നു. പരമ്പരാഗത നായർ തറവാട് ശീലങ്ങൾ പിന്തുടരുന്നവരാണ് സുരാജും കുടുംബവും. വിവാഹ ശേഷം ഈ വീടിന്റെ അടുക്കളയിൽ കുടുങ്ങിപ്പോകുകയാണ് നായികയുടെ ജീവിതം. ഓരോ ദിവസത്തെയും നായികയുടെ അടുക്കള ജീവിതത്തിലൂടെയും കിടപ്പറ ജീവിതത്തിലൂടെയും സിനിമ മുന്നോട്ട് പോകുന്നു . ഭക്ഷണം, വസ്ത്രം എന്നീ കാര്യങ്ങളിലെല്ലാം ഒരുപാട് പിടിവാശികളുള്ള പുരുഷ കഥാപാത്രങ്ങൾ നായികയുടെ ജോലി സ്വപ്നം പോലും മുളയിലെ നുള്ളാൻ ശ്രമിക്കുന്നു .

2021 ലും ആർത്തവം അശുദ്ധമായി കാണുന്ന ഒരു സമൂഹത്തെയും സിനിമ കാണിച്ചു തരുന്നുണ്ട്. പുരുഷ മേൽക്കോയ്മ ചെറിയ രീതിയിലെങ്കിലും മനസ്സിലുള്ളവർക്ക് ഒരു നിമിഷമെങ്കിലും ഉള്ളിലെ പുരുഷവികാരങ്ങൾ വ്രണപ്പെടാതെ ഈ സിനിമ കണ്ട് അവസാനിപ്പിക്കാനാവില്ല. സ്ത്രീപക്ഷമെന്ന് അവകാശപ്പെടുന്ന പതിവ് സിനിമകളിലേത് പോലെ നായകനെ ശരിയുടെ പാതയിലേക്ക് നയിക്കുന്ന നായിക എന്ന ക്ലീഷേ ആവർത്തിക്കപ്പെട്ടില്ല എന്നതും അഭിനന്ദനാർഹമാണ്.. അതു കൊണ്ട് തന്നെ ക്ലൈമാക്സ് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. കഥയോട് പൂർണമായി നീതി പുലർത്തുന്ന റിയലിസ്റ്റിക് അവതരണ രീതിയാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.

നിമിഷയുടെ അസാധ്യ പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. സുരാജും തന്റെ കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം വീണ്ടും നിമിഷ-സുരാജ് കോംബോ ഹൃദയം കവരുന്നു. സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. പാളുവ ഭാഷയിലുള്ള പാട്ട് അധ്വാനത്തിൽ, വിയർപ്പിൽ നിന്ന് കടഞ്ഞെടുത്തത് തന്നെ. പാത്രങ്ങളുടെ ശബ്ദം., കറിക്കരിയുന്ന ശബ്ദം, ചിരവയുടെ മൂളക്കം, വെള്ളം വീഴുന്നതിന്റെയും വിറക് എരിയുന്നതിന്റെയുമെല്ലാം ശബ്ദങ്ങൾ, ഇതെല്ലാമാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാകുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയവും കഥാ വഴിയിൽ കടന്നു വരുന്നുണ്ട്.അടുക്കളയിലെ ജോലിക്ക് ശമ്പളം നൽകേണ്ടതുണ്ടോ എന്നൊരു ചർച്ച നടക്കുന്ന കാലത്ത് പ്രദർശനത്തിനെത്തിയ ഈ മഹത്തായ ഭാരതീയ അടുക്കള ധൈര്യമായി കാണാവുന്ന ചലച്ചിത്രമാണ്.

Content highlights :malayalam movie great indian kitchen review