Fahad as Mahesh

മലയാള സിനിമയെ 'റിയലിസം' ആവേശിച്ചിരിക്കുകയാണെന്ന് തോന്നുന്നു. സിനിമയുടെ മായാലോകത്ത് നിന്നിറങ്ങി സ്വാഭാവികതയിലൂന്നി കഥപറയുന്ന രീതി പല സമീപകാല സിനിമകളിലും കാണാനാകും. അന്നയും റസൂലും മുതല്‍ ഇപ്പോള്‍ തിയറ്ററുകളിലുള്ള ആക്ഷന്‍ ഹീറോ ബിജുവില്‍ വരെ. മഹേഷിന്റെ പ്രതികാരവും ഇവയില്‍ നിന്ന് വ്യത്യസ്തമല്ല. മലനാടിന്റെ സ്വാഭാവികതയും മണവുമുള്ള ചിത്രമാണ് മഹേഷിന്റെ പ്രതികാരം. പ്രേക്ഷകരുടെ ചുണ്ടില്‍ ചിരി നിറയ്ക്കാനും കണ്ണുകളില്‍ നനവുപടര്‍ത്താനും ചിലപ്പോള്‍ ഉദ്വേഗത്തിലേക്കുയര്‍ത്താനും ചിത്രത്തിനാകുന്നുണ്ട്.

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ മഹേഷ് എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തന്‍ പറയുന്നത്. ഫ്രെയിമുകളുടെ പശ്ചാത്തലത്തിലും സംഭാഷണങ്ങളിലും അഭിനേതാക്കളിലും നിലനിര്‍ത്തിയിരിക്കുന്ന സ്വാഭാവികത തന്നെയാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത. പ്രധാന കഥാപാത്രങ്ങളൊഴിച്ചാല്‍ ബാക്കി ഏതാണ്ടെല്ലാവരും പുതുമുഖങ്ങളാണെന്നത് (മിക്കവാറും ഇടുക്കിയില്‍ നിന്ന് കണ്ടെത്തിയവര്‍ തന്നെ) ചിത്രത്തിന്റെ സ്വാഭാവികതയ്ക്ക് അണിയറക്കാര്‍ എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

maheshinte Prathikaram

ഫഹദ് ഫാസിലാണ് ടൈറ്റില്‍ റോളിലെത്തുന്നത്. നാട്ടില്‍ തന്നെ സ്റ്റുഡിയോ നടത്തുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ മഹേഷിന്റെ പ്രണയവും പ്രണയനൈരാശ്യവും പ്രതികാരവുമെല്ലാം ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു.

മഹേഷിന്റെ ചാച്ചനെ (അച്ഛന്‍) കാണാതാവുന്ന രംഗത്തില്‍ നിന്നാണ് ചിത്രം കഥപറഞ്ഞു തുടങ്ങുന്നത്. ഈ രംഗം മുതല്‍ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് സാധാരണക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ഒടുക്കം വരെ ഈ ട്രാക്കില്‍ നിന്നു വഴിമാറുന്നില്ല. മഹേഷും സഹപാഠിയായ സൗമ്യയും (അനുശ്രീ) തമ്മിലുള്ള പ്രണയവും പ്രണയഭംഗവുമെല്ലാം പറയുന്ന ആദ്യപകുതി അന്ത്യത്തോടടുക്കുമ്പോള്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു അടിപിടി മഹേഷിന്റെ ജീവിതത്തെ കാര്യമായി ബാധിക്കുന്നു. പ്രതികാരം ചെയ്യുമെന്ന് ശപഥമെടുത്ത മഹേഷിന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് രണ്ടാം പകുതിയെ സമ്പന്നമാക്കുന്നത്.

Anusree

കഥാപാത്രങ്ങളെ അനായാസം ഉള്‍ക്കൊളളുന്ന ഫഹദിലെ നടന്‍ മഹേഷിനെ പൂര്‍ണതയോടെ വെള്ളിത്തിരയില്‍ എത്തിച്ചു. നായികമാരായെത്തുന്ന അനുശ്രീയും അപര്‍ണ ബാലമുരളിയും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. അനുശ്രീ തന്റെ അനുഭവ സമ്പത്ത് കൈമുതലാക്കി സൗമ്യയെ പക്വതയോടെ കൈകാര്യം ചെയ്തപ്പോള്‍ പരിചയക്കുറവിന്റെ ബാലാരിഷ്ടതകളില്ലാതെ അപര്‍ണ തന്റെ കഥാപാത്രത്തെ ഭംഗിയാക്കി.

ചിത്രത്തിലുടനീളമുള്ള അലാന്‍സിയര്‍ ലേ, സൗബിന്‍ ഷാഹിര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. ഇവരുടെ കോമ്പിനേഷന്‍ സീനുകള്‍ സാന്ദര്‍ഭിക നര്‍മവും സംഭാഷണത്തിലെ സാധാരണത്വവും കൊണ്ട് സമ്പന്നമായി. ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്ന പുതുമുഖങ്ങള്‍ക്കും ഒരു നല്ല സിനിമയില്‍ തങ്ങളുടേതായ സംഭാവന നല്‍കാനായതില്‍ അഭിമാനിക്കാം.

Soubin

നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ദിലീഷ് പോത്തനെ നടനെന്ന നിലയിലാണ് പ്രേക്ഷകര്‍ക്ക് പരിചയമുള്ളത്. എന്നാല്‍ താന്‍ മലയാള സിനിമയ്ക്ക് സംവിധായകനെന്ന നിലയില്‍ മുതല്‍ക്കൂട്ടാകുമെന്ന് ദിലീഷ് തന്റെ ആദ്യ ചിത്രത്തിലെ കയ്യടക്കത്തോടെ തെളിയിച്ചിരിക്കുന്നു. 

മലനാട്ടിലെ ജീവിതം അതിന്റെ എല്ലാ നന്‍മതിന്‍മകളോടും കൂടി നര്‍മത്തിന്റെ മേമ്പൊടി ചാലിച്ച് ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ആണിക്കല്ല്. ഇടുക്കിയുടേതു മാത്രമായ സവിശേഷതകളും മനുഷ്യന്റെ സ്വഭാവ വൈചിത്ര്യങ്ങളും ശ്യാം അസാധാരണ പാടവത്തോടെ തിരക്കഥയിലെത്തിച്ചു. സൗമ്യയെ അമ്മ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന രംഗവും മരണവീട്ടിലെ സ്ത്രീകളുടെ സംസാരവുമെല്ലാം മനുഷ്യാവസ്ഥകളുടെ സൂക്ഷ്മാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായി. ഇത്തരം നിരവധി രംഗങ്ങള്‍ ചിത്രത്തില്‍ കാണാം.

Maheshinte Prathikaram

ഷൈജുവിന്റെ ദൃശ്യങ്ങളെ അതിമനോഹരം എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും ഷൈജുവിന്റെ ക്യാമറ ഒരുപോലെ മികവുപുലര്‍ത്തി. ഇടുക്കിയുടെ മനോഹാരിത ഒപ്പിയെടുക്കാനും ക്യാമറയുടെ സാന്നിധ്യം അനുഭവപ്പെടുത്താതെ ഇന്‍ഡോര്‍ രംഗങ്ങള്‍ പകര്‍ത്താനും ഷൈജുവിനായിട്ടുണ്ട്.

ബിജിബാലിന്റെ സംഗീതം ചിത്രത്തോട് നീതിപുലര്‍ത്തുന്നതായി. റഫീഖ് അഹമ്മദിന്റെ വരികള്‍ ഈണത്തിന് മാറ്റുകൂട്ടുകയേ ചെയ്തിട്ടുള്ളൂ. മലമേലെ തിരിവെച്ച്, തെളിവെയിലഴകും തുടങ്ങിയ ഗാനങ്ങള്‍ ചിത്രം പുറത്തിറങ്ങും മുമ്പേ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സാന്നിധ്യം കൊണ്ടും അസാന്നിധ്യം കൊണ്ടും ചിത്രത്തിലെ പശ്ചാത്തല സംഗീതവും ശ്രദ്ധേയമാണ്.