ഓരോ ജീവിതവും ഒരോ പാഠപുസ്തകമാണ്. ജീവിതത്തില്‍നിന്ന് ഓരോരുത്തരും ആര്‍ജിക്കുന്ന അനുഭവങ്ങളും പരീക്ഷണഘട്ടങ്ങളും പിന്നാലെ വരുന്നവരോട് പലതും പറയുന്നുണ്ട്. പ്രതിഭകളുടെ ജീവിതമാവുമ്പോള്‍ അതിന് പ്രാധാന്യവും പ്രസക്തിയും കൂടും. ഇവിടെ തെന്നിന്ത്യയിലെ നായികമാരില്‍ ആദ്യത്തെ സൂപ്പര്‍താരപദവിയിലെത്തിയ സാവിത്രിയുടെ ജീവിതമാണ് ഇതള്‍വിരിയുന്നത്. അമ്പതുകളിലും അറുപതുകളിലും സിനിമയില്‍ തിളങ്ങിനിന്നിരുന്ന വിജയനായിക. സംവിധായിക എന്ന നിലയിലും കഴിവുതെളിയിച്ച പ്രതിഭ. സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒരു ജീവിതം.
ആറുമാസമായപ്പോള്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട് ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന പെണ്‍കുട്ടി സൂപ്പര്‍താരനായികയാവുന്നതും, എല്ലാം തകര്‍ന്നടിഞ്ഞ് ആരാലും തിരിച്ചറിയപ്പെടാതെ ആശുപത്രിവരാന്തയില്‍ കിടക്കുന്ന അവസ്ഥയിലെത്തിയതും ഒട്ടേറെ നാടകീയമുഹൂര്‍ത്തങ്ങള്‍ക്കുശേഷമാണ്. ഈ ജീവിതത്തിലേക്കാണ് നാഗ് അശ്വിന്‍ ക്യാമറയുമായി കടന്നുചെല്ലുന്നത്. പില്‍ക്കാലത്ത് ഇതുപോലെ ഒരുപാട് സെലിബ്രിറ്റി ജീവിതങ്ങളെ തിരയുലകത്തില്‍ നാം കണ്ടിട്ടുമുണ്ട്.
തിരശ്ശീലയിലും ജീവിതത്തിലും കാതല്‍മന്നനായി അറിയപ്പെട്ട ജെമിനി ഗണേശന്റെ ജീവിതസഖിയായി, ആ ബന്ധവും തകര്‍ന്ന് സാമ്പത്തികമായും ശാരീരികമായും തകര്‍ന്നടിയുന്ന ഒരു സെലിബ്രിറ്റി ജീവിതത്തെ അനായാസം അവതരിപ്പിച്ച് കീര്‍ത്തി സുരേഷും മികച്ച നടിയുടെ തലത്തിലേക്ക് ഉയരുന്നു എന്നതാണ് ഒരു മലയാളി വീക്ഷണകോണില്‍ ഈ ചിത്രത്തിന്റെ പ്രത്യേകത. അഭിനയമികവില്‍ കീര്‍ത്തി പുലര്‍ത്തുന്ന അനായാസതയും സ്‌ക്രീന്‍ പ്രസന്‍സും സാവിത്രിയെന്ന മഹാനടിയുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു. നീതിപുലര്‍ത്തുന്നു.
ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. കിട്ടിയ വേഷം ദുല്‍ഖറും കൈയടക്കത്തോടെ അവതരിപ്പിച്ചു. പക്ഷേ, സാവിത്രിയുടെ ജീവിതമായതുകൊണ്ടുതന്നെ ജെമിനി ഗണേശിനിലേക്കധികം സഞ്ചരിക്കുന്നില്ല. അതുകൊണ്ട് ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തുമോ എന്ന് കണ്ടറിയണം. ശിവാജി ഗണേശനും എന്‍.ടി. രാമറാവുമെല്ലാം ചിത്രത്തില്‍ പരാമര്‍ശവിഷയമായും പഴയ ക്ലിപ്പിങ്ങായും കടന്നുവരുന്നുണ്ടെങ്കിലും എം.ജി.ആറിനെ ചിത്രത്തില്‍ കാണാത്തത് ഒരു കുറവായി തോന്നി.
പഴയകാലവും പഴയ സിനിമാനിര്‍മാണരീതികളും ചരിത്രവും ഇതള്‍വിരിയുന്നതിനൊപ്പം സാവിത്രിയുടെ കഥയന്വേഷിച്ച് പോവുന്ന ഒരു പത്രപ്രവര്‍ത്തകയുടെ ജീവിതവും സമാന്തരമായി ചിത്രത്തില്‍ കടന്നുവരുന്നു. ജീവിതത്തിലെ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സാവിത്രിയുടെ ജീവിതം അവരെ പ്രേരിപ്പിക്കുന്നുമുണ്ട്. സാമന്ത അക്കിനേനിയാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം അല്‍പ്പംകൂടി കുറച്ചിരുന്നെങ്കില്‍ നന്നാവുമായിരുന്നെന്ന് തോന്നി. കാരണം ഇടവേളയ്ക്കുശേഷം വലിച്ചുനീട്ടി കൊണ്ടുപോവുന്ന പ്രതീതിയുണ്ട്.
ചിത്രത്തിന്റെ സെറ്റ് സെറ്റിട്ടതാണെന്ന് തോന്നുംവിധം മുഴച്ചുനില്‍ക്കുന്നുണ്ട്. വൈജയന്തി മൂവീസ്, സ്വപ്നസിനിമ എന്നിവയുടെ ബാനറില്‍ അശ്വിന്‍ ദത്ത്, സ്വപ്നാ ദത്ത്, പ്രിയങ്കാ ദത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് സിദ്ധാര്‍ഥ് ശിവസാമിയാണ്. ഡാനി ലോപസ് ആണ് ക്യാമറ. മൈക്കി ജെ. മെയര്‍ ആണ് സംഗീതം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റിങ്.
mahanati movie review dulquer salmaan keerthi suresh samantha prakash raj nagachaithanya nag ashwin