ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നിവിന്‍ പോളിയുടെ നായികയായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എത്തുന്ന ചിത്രം, അജു വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രം.... പ്രതീക്ഷകളുടെ ആവേശക്കൊടുമുടിക്ക് മീതെയാണ് ലവ് ആക്ഷന്‍ ഡ്രാമ എന്ന പക്കാ എന്റര്‍ടെയ്ന്‍മെന്റ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. പ്രണയവും ചില്ലറ  സംഘട്ടനവും അല്പം നാടകവും ഒന്നിക്കുന്ന ചിത്രത്തിന് എന്തുകൊണ്ടും യോജിക്കുന്ന പേരാണ് ലവ് ആക്ഷന്‍ ഡ്രാമ.

ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും ശോഭയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ, മുപ്പത് വർഷത്തിനുശേഷം. എന്തുകൊണ്ട് തന്റെ നായകന് നായികയ്ക്കും ഇതേ പേര് തന്നെ ധ്യാന്‍ നല്‍കി എന്നത് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് മനസിലാകും.

പ്രേമരോഗിയായ, അലസനായ, യാതൊരു ഉത്തരവാദിത്തബോധവുമില്ലാത്ത, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ആവോളമുള്ള ചെറുപ്പക്കാരനാണ് ദിനേശന്‍. അവന്റെ ജീവിതത്തിലേക്കു ശോഭ കടന്നു വരികയും ഇരുവര്‍ക്കുമുള്ളില്‍ പ്രണയം മൊട്ടിടുകയും ചെയ്യുന്നു. എന്നാല്‍ പിന്നീടുണ്ടാകുന്ന രസകരമായ ചില സംഭവങ്ങള്‍ കല്യാണം വരെ എത്തിനിന്ന ഈ പ്രണയത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.

തട്ടത്തിന്‍ മറയത്ത്, വടക്കന്‍ സെല്‍ഫി, പ്രേമം  തുടങ്ങിയ ചിത്രങ്ങളില്‍ നമ്മള്‍ കണ്ട ഒരു നിവിന്‍ പോളി ഉണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന ഒരു നിവിന്‍. ലവ് ആക്ഷന്‍ ഡ്രാമയിലെ ദിനേശന്‍ എന്ന കഥാപാത്രത്തിലൂടെ ആ നിവിനെയാണ് പ്രേക്ഷകന് കാണാനാവുക. 

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സാന്നിധ്യമാണ് സിനിമയെ റിച്ചാക്കുന്നത്. നിവിനും നയന്‍സും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുക്കും...അതേപോലെ തന്നെ നിര്‍മാതാവ് കൂടിയായ അജുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്... നിവിനും അജുവും കൂടിച്ചേരുമ്പോള്‍ പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അത് നല്‍കാന്‍ ദിനേശനും സാഗറിനുമായിട്ടുണ്ട്. 

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, മല്ലിക സുകുമാരന്‍, ധന്യ എന്നിവര്‍ക്ക് പുറമെ തമിഴിലെയും ചില താരങ്ങള്‍ ചിത്രത്തില്‍  വേഷമിടുന്നുണ്ട്. ഇവര്‍ ഓരോരുത്തരും തങ്ങളുടെ വേഷം മികച്ചതാക്കി... അവകാശവാദങ്ങള്‍ ഒന്നും ഇല്ലാതെ വന്ന ചിത്രമായതുകൊണ്ടു തന്നെ ഒരു പക്കാ എന്റര്‍ടൈന്‍മെന്റായി ആദ്യാവസാനം കണ്ടിറങ്ങാവുന്ന ഒന്നാണ് ലവ് ആക്ഷന്‍ ഡ്രാമ.

Content Highlights : Love Action Drama Movie Review Directed by Dhyan Sreenivasan Starring Nivin Nayanthara Aju Vargheese