ഇന്ത്യയില്‍ പ്രതിവര്‍ഷം 80,000 ശിശുക്കളെ കാണാതാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നോ അവര്‍ എപ്പോഴെങ്കിലും തിരിച്ചെത്തുന്നുണ്ടോ എന്നൊന്നും ശരിയായ രീതിയിലുള്ള അന്വേഷണം പോലും നടക്കാറില്ല. സ്വന്തം കുടുംബം തിരിച്ചുപിടിക്കാനായി അവരില്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടാവും. ഈ ചുവടുപിടിച്ചാണ് ഗാര്‍ത് ഡേവിസ് ലയണ്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

പച്ചയായ ജീവിതം എന്ന ക്ലീഷേ വാക്കിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താവുന്നതല്ല ലയണിന്റെ കഥാകഥന രീതിയും പശ്ചാത്തലവും. സരൂ എന്ന അഞ്ച് വയസുകാരന്‍ കൊല്‍ക്കത്തയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അബദ്ധത്തില്‍ ട്രെയിന്‍ കയറി കിലോമീറ്ററുകള്‍ക്കപ്പുറമുള്ള മറ്റൊരു സ്റ്റേഷനിലെത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് ഓസ്ട്രേലിയയിലെത്തുന്ന സരൂ തന്റെ ഗ്രാമത്തേയും അമ്മയേയും തിരികെ പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 

ആരംഭഘട്ടത്തില്‍ ഫ്ളാഷ് ബാക്കുകളുടെ സഹായമില്ലാതെ നേരിട്ട് കഥ പറയുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പിന്നീടത് സരുവിന്റെ സ്വപ്നവും യാഥാര്‍ഥ്യങ്ങളും ചേര്‍ന്നുള്ള മറ്റൊരു കഥപറച്ചില്‍ തലത്തിലേക്ക് നീങ്ങുന്നു. അത് പക്ഷേ പ്രേക്ഷകനെ ഒട്ടും ആശയക്കുഴപ്പത്തിലാക്കുന്നില്ല. സരൂ എന്ന അഞ്ച് വയസുകാരനെ അവതരിപ്പിച്ച സണ്ണി പവാറാണ് ലയണിലെ യഥാര്‍ത്ഥ താരം. കൊല്‍ക്കത്തയിലെ ചേരിയില്‍ വളരുന്ന ബാലനെ സണ്ണി മനോഹരമാക്കിയിട്ടുണ്ട്. ഒരു ജിലേബി കഴിക്കുക എന്നത് സ്വപ്നമായി കാണുന്ന സരൂവിന് ആകാശത്ത് ഉയര്‍ന്ന് പറക്കുന്ന പട്ടംപോലും അദ്ഭുതമായിരുന്നു എന്ന് കാണിക്കാന്‍ ആ കുഞ്ഞിക്കണ്ണുകള്‍ തന്നെ ധാരാളമായിരുന്നു.

മുതിര്‍ന്ന സരൂവിനെ അവതരിപ്പിച്ച ദേവ് പട്ടേല്‍ താനൊരു ഇരുത്തം വന്ന നടനായെന്ന് തെളിയിച്ചു. അതിനുള്ള അംഗീകാരം കൂടിയായി ബാഫ്റ്റാ പുരസ്‌കാരം. സരൂവിന്റെ വളര്‍ത്തമ്മയായെത്തിയ നിക്കോള്‍ കിഡ്മാനും രക്ഷകയുടെ വേഷത്തിലെത്തിയ തനിഷ്ഠാ ചാറ്റര്‍ജിയും മിനിറ്റുകള്‍ മാത്രം നീണ്ടു നിന്ന രംഗത്തിലെത്തിയ നവാസുദ്ദീന്‍ സിദ്ദിഖിയും പക്വതയാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

ഓസ്ട്രേലിയയാണ് കഥയുടെ സിംഹഭാഗവും നടക്കുന്നതെങ്കിലും ഒരു ഇന്ത്യന്‍ ടച്ച് ചിത്രത്തിനുണ്ട്. ആദ്യപകുതിയിലെ ഹിന്ദി സംഭാഷണങ്ങള്‍ കേട്ടാല്‍ കാണുന്നത് ഹോളിവുഡ് ചിത്രമാണോ അതോ ഇന്ത്യന്‍ ചിത്രമാണോ എന്ന സംശയം തോന്നും. രണ്ടാം പകുതിയിലാവട്ടെ ഇന്ത്യന്‍ ടച്ച് കൂട്ടാനായി ഒരു എ.ആര്‍.റഹ്മാന്‍ ഗാനശകലവും സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ലയണ്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ഡോക്യുമെന്ററിയുടെ നിലയിലേക്ക് ചിത്രത്തെ ഒതുക്കി നിര്‍ത്താതെ ഹൃദയത്തില്‍ തൊടുന്ന വിധം ഒരുക്കാന്‍ സാധിച്ചു എന്നുള്ളിടത്താണ് ഗാര്‍ത് ഡേവിസ് എന്ന സംവിധായകന്റെ വിജയം.