ഭ്രമാത്മകതയുടെ അങ്ങേയറ്റം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. തുടക്കം മുതൽ ഒടുക്കം വരെ വിട്ടുപോരാൻ തോന്നാത്തവിധം ഒരുതരം ഉന്മാദാവസ്ഥയിലേക്കാണ് ചിത്രം നയിക്കുന്നത്. ഭൂമിയിൽ നിന്നുയർന്ന് അങ്ങ് ആകാശത്തിന്റെ അനന്തതയിലേക്ക് നീളുന്ന ഉന്മാദത്തിന്റെ ചുരുളുകൾ.

മയിലാടൻകുറ്റി ജോയ്, മയിലാടുംപറമ്പിൽ ജോയി എന്നെല്ലാം പറയപ്പെടുന്ന ഒരാളെ തേടി ചുരുളി എന്ന വന​ഗ്രാമത്തിലെത്തുന്ന ആന്റണി, ഷാജിവൻ എന്നീ രണ്ടു പോലീസുകാരും ഇവർ കണ്ടുമുട്ടുന്ന മനുഷ്യരുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. കാടകജീവിതമായതുകൊണ്ട് തന്നെ അടിമുടി വന്യമാണ് ഓരോരുത്തരുടേയും ജീവിതരീതികളും സംസാരവും പെരുമാറ്റവും. കാട്ടിലെ ജീവിതം അവരിലെ മൃ​ഗതൃഷ്ണയെ ഏറ്റി എന്നും പറയാം. ആരാണ് മയിലാടുംപറമ്പിൽ ജോയി? എന്താണ് അയാളെ തേടി കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്ന് രണ്ട് പോലീസുകാർ എത്താൻ കാരണം? അവർക്ക് അയാളെ കണ്ടെത്താൻ കഴിയുമോ? തുടങ്ങിയ ചോദ്യങ്ങൾ ചിത്രത്തിലുടനീളം പ്രേക്ഷകർ ചോദിച്ചുകൊണ്ടേയിരിക്കും.

ആസ്വാദകനെ ഒപ്പം കൂട്ടിക്കൊണ്ടുപോകുന്ന അനുഭവമാണ് ചുരുളി. തുടക്കത്തിലെ മേൽക്കൂരയില്ലാത്ത ജീപ്പിലെ യാത്രയും മഞ്ഞിൽ നനഞ്ഞ കാനനപാതയിലൂടെയുള്ള നടപ്പും എന്തിന് നാട്ടുകാർ നടത്തുന്ന അസഭ്യം പറച്ചിൽ പോലും കാണുന്നവർക്ക് അത് തന്നോടാണെന്നോ, താൻ ആ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നുമുള്ള തോന്നലുളവാക്കുന്നുണ്ട്. തുടക്കംമുതൽ അവസാനം വരെ നിലനിർത്തുന്ന നി​ഗൂഢതയാണ് ചുരുളിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ചുരുളി എന്ന സ്ഥലപ്പേരിൽ തുടങ്ങി വിചിത്ര സ്വഭാവികളായ നാട്ടുകാരിൽവരെ നി​ഗൂഢമായതെന്തോ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. എന്തിനാണ് വന്നതെന്ന് പോലും ഒരുഘട്ടത്തിൽ മറന്നുപോകുന്ന ആന്റണിയുടെ കഥാപാത്രം തന്നെ ഇതിനുദാഹരണം. 

രാത്രിയിൽ ഷാജിവൻ കേൾക്കുന്ന അജ്ഞാത ശബ്ദം, സഹോദരിയെ കാണാൻ പോകുന്ന തീച്ചാമുണ്ടി, അജ്ഞാത രൂപങ്ങളും വെളിച്ചവും, അങ്ങനെയെല്ലാം ചുരുളിയെ പുറംലോകത്തിന് എത്തിപ്പെടാൻ കഴിയാത്ത മായികലോകമാക്കുന്നു. ചുരുളി എന്ന സ്ഥലം ഇന്നും പുറംലോകത്തിന് അന്യമാകുന്നത് എന്തുകൊണ്ടായിരിക്കാം? ആന്റണിയുടെ ഭാ​ഗത്തുനിന്ന് ചിന്തിച്ചാൽ മുഴുവൻ കുറ്റവാളികളായതുകൊണ്ടാവാം. ഒരുഘട്ടത്തിൽ കറിയാച്ചൻ ഷാജിവനോട് പറയുന്നുണ്ട് ചുരുളിയിലേക്ക് വന്നാൽ അങ്ങനെയങ്ങ് പോകാനാവുമോ എന്ന്. ഇത്തരം സംഭാഷണങ്ങളിലൂടെയും ലിജോ ജോസ് പെല്ലിശ്ശേരി ചുരുളിയെ മാന്ത്രിക വന​സ്ഥലിയാക്കുന്നു.

സംഭാഷണങ്ങളേക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. പച്ചത്തെറിയാണ് കഥാപാത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നത്. സന്ദർഭം പറഞ്ഞുകൊടുത്ത് അവിടെ വായിൽത്തോന്നുന്ന തെറി പറഞ്ഞാൽ മതി എന്ന് നിർദേശിച്ചിട്ടുണ്ടാവുമോ എന്ന് സംശയം. സംവിധായകൻ കഥാപാത്രങ്ങളെ തെറിപറയാൻ കയറൂരി വിട്ടിരിക്കുകയാണോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവില്ല. കാട്ടിലെ ജീവിതം ഒരുപറ്റം മനുഷ്യരുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റം കാണിക്കുകയാണ് ഉദ്ദേശിച്ചതെങ്കിലും ഇത്രയും ഉച്ചത്തിൽ ചെവിയിൽ വന്ന് പറയുന്നതുപോലുള്ള അസഭ്യം ആസ്വാദകർ എത്രത്തോളം ഉൾക്കൊള്ളും എന്നത് സംശയമാണ്. രണ്ട് മണിക്കൂർ വരുന്ന സിനിമയിലുടനീളം പല ആവൃത്തിയിലുള്ള ഇത്തരം സംഭാഷണങ്ങളാണ്. സ്ത്രീ കഥാപാത്രങ്ങളെ പലയിടത്തായി അശ്ലീലമായ അർത്ഥത്തോടെ വിശേഷിപ്പിക്കുന്നതിനെ അം​ഗീകരിക്കാനാവില്ല. 'മനസുകൊണ്ട് കൊലപാതകവും ബലാത്സം​ഗവും ചെയ്യാത്തവരായി ആരുണ്ട്' എന്ന ചോദ്യവും ഒരു കഥാപാത്രം ഇടയ്ക്ക് ചോദിക്കുന്നുണ്ട്.

ആന്റണിയായി ചെമ്പൻ വിനോദും ഷാജിവൻ ആയി വിനയ് ഫോർട്ടും എത്തുന്നു. ജാഫർ ഇടുക്കി, ജോജു ജോർജ്, സൗബിൻ ഷാഹിർ, ലുക്മാൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും കഥാപാത്രങ്ങളായെത്തിയിരിക്കുന്നു.

മധു നീലകണ്ഠന്റെ ക്യാമറയും  രം​ഗനാഥ് രവി ഒരുക്കിയ സൗണ്ട് ഡിസൈനും ഇല്ലാതെ ചുരുളിയേക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. കാഴ്ചയുടേയും കേൾവിയുടേയും മാജിക് എന്താണെന്ന് ഇരുവരും ചെയ്ത് കാട്ടിത്തരുന്നുണ്ട്. ആദ്യഭാ​ഗത്തെ ജീപ്പോടിക്കൽ രം​ഗവും പന്നിവേട്ടയും നാടൻ തല്ലും ഒരുക്കിയതിന് സംഘട്ടനസംവിധായകൻ സുപ്രീംസുന്ദറും കയ്യടി അർഹിക്കുന്നുണ്ട്. തലച്ചോറുകൊണ്ട് കാണേണ്ട ചിത്രം തന്നെയാണ് ചുരുളി. പക്ഷേ അതിനുപയോ​ഗിച്ച അശ്ലീല പ്രയോ​ഗങ്ങൾ നിറഞ്ഞ വഴി കടന്നുപോയെന്ന് നിസ്സംശയം പറയാം.

NB: ഒ.ടി.ടി റിലീസാണ്. വീട്ടിലിരുന്ന് മൊബൈലിൽ  സിനിമ കാണുന്നവര്‍ ഹെഡ്‌സെറ്റ് വെച്ച് മാത്രം കാണുക..

Content Highlights: Churuli Movie, Churuli Movie Review, Lijo Jose Pellissery, Churuli OTT Release