ജെയിംസ് വാന് പ്രക്ഷകരെ പേടിപ്പിച്ച് കൊതി തീരുന്നില്ല എന്നാണ് തോന്നുന്നത്. ജയിംസ് വാന്‍  സംവിധാനം ചെയ്ത് കൺജ്യുറിങ് ഏകദേശം ഒരുമാസം മുന്‍പാണ് പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇപ്പോഴിതാ അദ്ദേഹം നിര്‍മിച്ച ലൈറ്റ്സ് ഔട്ട് മികച്ച അഭിപ്രായം നേടി ബോക്സ് ഓഫീസില്‍ മുന്നേറുന്നു.  പ്രേതം, പിശാച് അമാനുഷികമായ സംഭവങ്ങളെ അനുഭവിച്ചറിയാന്‍ ആളുകള്‍ക്ക് അത്രമാത്രം ഇഷ്ടമാണെന്നതിന്റെ തെളിവാണ് ഇത്തരം സിനിമകള്‍ വിജയിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം. 

വാര്‍ണര്‍ സഹോദരങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ഡേവിഡ് എഫ് സാന്‍ഡ്ബര്‍ഗാണ് സംവിധാനം ചെയ്തിരിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ ലൈറ്റ്സ് ഔട്ട് എന്ന രണ്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് ഈ സിനിമയ്ക്ക് ആധാരം. തെരേസ പാല്‍മര്‍, ഗബ്രിയേല്‍ ബാറ്റ്സ്മേന്‍, അലക്‌സാണ്ടര്‍ ഡി. പെര്‍ഡിയ, ബില്ലി ബ്യൂറക്, മരിയാ ബെല്ലോ, ഇല്ലൈലേ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Lights Out

വീട്ടില്‍ വളരെ ദുരൂഹമായ അനുഭവങ്ങള്‍ നേരിടുകയാണ് മാര്‍ട്ടിന്‍ എന്ന ബാലന്‍. മാനസികാസ്വാസ്ഥ്യമുള്ള അമ്മ സോഫി രാത്രി സമയങ്ങളില്‍ ഇരുട്ടത്ത് അജ്ഞാതമായ എന്തിനോടോ സംസാരിക്കുന്നത് കണ്ട് ഭയപ്പെട്ട മാര്‍ട്ടിന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ ആകുന്നില്ല. മാര്‍ട്ടിന്റെ ആലസ്യം ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതല്‍ അവന്റെ അര്‍ദ്ധ സഹോദരി റബേക്കയെ സ്‌കൂളിലേക്ക് വിളിപ്പിക്കുന്നു. മാര്‍ട്ടിനെ തന്നോടൊപ്പം കൂട്ടിയ റബേക്ക ഞെട്ടിക്കുന്ന ഒരു സത്യം മനസിലാക്കുന്നു. താന്‍ അമ്മയ്‌ക്കൊപ്പം ജീവിക്കുമ്പോള്‍ അനുഭവപ്പെട്ട അതേ കാര്യങ്ങളിലൂടെ തന്നെയാണ് മാര്‍ട്ടിനും ഇപ്പോള്‍ കടന്നു പോകുന്നത്.

ഡയാന എന്ന് പേരുള്ള ഒരു കഥാപാത്രം അമ്മയ്‌ക്കൊപ്പം ജീവിക്കുന്നുണ്ടെന്ന സത്യം റബേക്കയും മാര്‍ട്ടിനും തിരിച്ചറിയുന്നു. മാര്‍ട്ടിന്റെ അച്ഛനും സോഫിയുടെ രണ്ടാം ഭര്‍ത്താവുമായ  പോള്‍ ആ സത്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവ് അദ്ദേഹം ഓഫീസില്‍ വച്ച് ദാരുണമായി കൊല്ലപ്പെടുന്നതിന് കാരണമാകുന്നു.

Lights OUT

കുട്ടിക്കാലത്ത് വിഷാദരോഗത്തിന്റെ ചികിത്സയ്ക്കായി ആസ്പത്രിയില്‍ എത്തിയപ്പോഴാണ് സോഫി, ഡയാന എന്ന പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാകുന്നത്. മാരകമായ ത്വക്ക് രോഗമുള്ള ഡയാന ഒരു നിഗൂഢ കഥാപാത്രമാണ്. മറ്റുള്ളവരുടെ ചിന്തകളില്‍ കയറിക്കൂടി അവരുടെ ചിന്തകളെ ദുഷിപ്പിക്കാന്‍ കഴിവുള്ള ദുഷ്ടാത്മാവായാണ് മാനസികാരോഗ്യകേന്ദ്രത്തിലുള്ളവര്‍ ഡയാനയെ കുറിച്ച് പറഞ്ഞിരുന്നത്. ഡയാന സത്യമായിരുന്നോ മിഥ്യയായിരുന്നോ എന്നത് സിനിമയില്ഡ അവ്യക്തമാണ്. 

സോഫിയോട് ഡയാനക്ക് കടുത്ത അഭിനിവേശമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സോഫിയുടെ മനസിലൂടെ തിരിച്ചുവന്ന ഡയാന അവരുടെ വീട്ടില്‍ സൃഷ്ടിക്കുന്ന ഭീകര സംഭവങ്ങളാണ് പിന്നീട് സിനിമയെ മുന്‍പോട്ട് നയിക്കുന്നത്. വെളിച്ചത്തെ ഭയക്കുന്ന ദുരാത്മാവായതിനാല്‍ ഡയാന തന്റെ കൂര്‍ത്തവിരലുകളും തിളങ്ങുന്ന കണ്ണുകളുമായി അന്ധകാരത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

Lights out

അവതരണരീതിയാണ് മറ്റു ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് ലൈറ്റ്സ് ഔട്ടിനെ വ്യത്യസ്തമാക്കുന്നത്. വെറും ഒന്നേക്കാള്‍ മണിക്കൂര്‍ മാത്രം ദൈര്‍ഖ്യമുള്ള ഈ ചിത്രം ഒരവസരത്തിലും നമ്മളില്‍ മടുപ്പു സൃഷ്ടിക്കുന്നില്ല. ലൈറ്റ്‌സ് ഔട്ട് എന്ന പേരിന് യോജിക്കും വിധം മിക്കപ്പോഴും പേടിപ്പിക്കുന്ന തണുത്ത അന്ധകാരമാണ് ചിത്രത്തിന്റെ പ്രത്യേകത. സിനിമാ രംഗത്ത് താരതമ്യേന പുതുമുഖമായ ബെഞ്ചമിന്‍ വാള്‍വിഷിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിലെ രംഗങ്ങളുടെ തീവ്രത കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. ഒരു പക്കാ ഹൊറര്‍ സിനിമ ആസ്വദിക്കാന്‍ തീയറ്ററില്‍ പോകുന്ന ഒരാള്‍ക്ക് ലൈറ്റ്‌സ് ഔട്ടിന് ധൈര്യമായി ടിക്കറ്റെടുക്കാം.