രു ലഡു പോലെ തന്നെ മധുരമായി അലിയിച്ച് തീര്‍ക്കാവുന്ന ഒന്നാണ് പുതുമുഖ സംവിധായകന്‍ അരുണ്‍ ജോര്‍ജ് കെ ഡേവിസിന്റെ ലഡു എന്ന സിനിമയും. കേവലം 23 ദിവസം പ്രായം മാത്രമുള്ള ഒരു പ്രണയകഥയെ ലഡുവിലെ മുന്തിരിപോലെ പാകത്തിന് ഹാസ്യവും സസ്പെന്‍സും ചേര്‍ത്ത് വിളമ്പിത്തരുമ്പോള്‍ പ്രേക്ഷകന് സിനിമയും മധുരമുള്ള അനുഭവമാകുന്നു. 

ഒരുപാട് സിനിമകളില്‍ പറഞ്ഞുപഴകിയ വിവാഹത്തിനുവേണ്ടിയുള്ള വധുവിന്റെ തട്ടിക്കൊണ്ടുപോകല്‍ തന്നെയാണ് കഥയെങ്കിലും സംവിധാനമികവിനാല്‍ വിരസതയുളവാക്കാതെ ചിത്രം മുന്നോട്ടുപോകുന്നു. പുതുമുഖ സംവിധായകനായിട്ടാണ് അരുണിന്റെ വരവെങ്കിലും രാജീവ് രവിക്കൊപ്പം പ്രവര്‍ത്തിച്ച പരിചയം സിനിമയില്‍ തുണയായിട്ടുണ്ട്.

ശുദ്ധമായ സ്പോട്ട് നര്‍മങ്ങളിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോകുമ്പോഴും വിവാഹജീവിതത്തില്‍ സ്ത്രീകളുടെ ഇഷ്ടങ്ങള്‍ക്കും തിരഞ്ഞെടുപ്പുകള്‍ക്കും 21ാം നൂറ്റാണ്ടില്‍ അവള്‍ എത്രമാത്രം കഷ്ടപ്പെടുന്നുവെന്നും ഭംഗിയായി ചിത്രം പറയുന്നുണ്ട്. വീട്ടുകാരുടെയും കെട്ടാന്‍ വരുന്നവന്റെയും ഇഷ്ടങ്ങള്‍ക്ക് പാകപ്പെടുന്നവളില്‍ നിന്ന് വ്യത്യസ്തയാണ് ഈ കഥയിലെ നായിക. 

പ്രണയത്തിലായി കെട്ടാന്‍ വരുന്ന കാമുകന്‍ നായികയുടെ പൂര്‍വാശ്രമത്തിലെ ഇഷ്ടങ്ങള്‍ അറിയുമ്പോള്‍ പരിശുദ്ധിയുടെ അളവെടുക്കുന്ന ആണ്‍ ജീവിതങ്ങളെയും അതിന് പ്രേരിപ്പിക്കുന്ന സൗഹൃദങ്ങളെയും ചിത്രം വരച്ചു കാണിക്കുന്നു. ശുദ്ധ ഹാസ്യം മാത്രമല്ല, പ്രണയത്തിലെ പൊള്ളത്തരങ്ങളെയും സിനിമ കാണിക്കുമ്പോള്‍ ചിരികളെ മറന്ന് യാഥാര്‍ത്ഥ്യങ്ങളിലേക്ക് പ്രേക്ഷകര്‍ സഞ്ചരിക്കും.

വിനു എന്ന നായകനായി വിനയ് ഫോര്‍ട്ടാണ് രംഗത്ത്. പതിവ് ടൈപ്പ് കാമുകനാണെങ്കിലും കഥാപാത്രത്തെ വിനയ് മനോഹരമാക്കിയിരിക്കുന്നു. ചിത്രത്തിന്റെ ഗാനരചയിതാവ്കൂടിയായ ശബരീഷ് 'എസ്.കെ' എന്ന മുഴുനീള കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു. നായികയായി എത്തുന്ന പുതുമുഖം സൂര്യഗായത്രിയും തന്റെ വേഷം മികച്ചതാക്കി.

ന്യൂജന്‍ സോഷ്യല്‍ വര്‍ക്കറായി എത്തിയ ജിന്റോ ചെറിയ റോളിലാണെങ്കിലും കാഴ്ചക്കാരന്റെ മനസ്സില്‍ സ്ഥാനം നേടുന്നു. പ്രണയ വിവാഹം നടത്തിക്കൊടുക്കുന്നതില്‍ മുഖ്യ കാര്‍മികനാകുന്ന സുരേഷേട്ടനായി സംവിധായകന്‍ ദിലീഷ് പോത്തന്റെ പ്രകടനവും ശ്രദ്ധേയമാണ്.

ഒട്ടേറെ വിവരണങ്ങളും മേന്‍മകളും അവകാശവാദങ്ങളുമായി ഒരുപാട് സിനിമകള്‍ രംഗത്തു വരാറുണ്ട് അതിലൊന്നും പെടാതെ കൃത്യമായി കഥ പറഞ്ഞ് പോവുകയാണ് ലഡു. 

Content highlights : Ladoo Malayalam Movie Review Arungeorge K. David Vinay Fort Sabareesh Varma Ladoo