സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. ശിവരാത്രി ദിവസത്തെയും കേരളത്തില്‍ സമീപകാലത്ത് നടന്ന ഒരു സംഭവത്തെയും കൂട്ടിയിണക്കി വെള്ളിത്തിരയിലെത്തിക്കുകയാണ് ചിത്രം. എങ്ങോട്ടെന്നറിയാതെ ഉഴലുന്ന ആദ്യപകുതിയും ഭേദപ്പെട്ട രണ്ടാംപകുതിയും ചേരുന്നതാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി.

പോലീസ് കോണ്‍സ്റ്റബിളാണ് കുട്ടന്‍പിള്ള. ഭാര്യ ശകുന്തള എസ്ഐയും. കുട്ടന്‍പിള്ളയുടെ തറവാടായ പ്ലാമൂട്ടില്‍ തറവാടിന് സമീപത്തു തന്നെ പേരുകേട്ട ഒരു ശിവക്ഷേത്രമുണ്ട്. ശിവരാത്രിയാകുമ്പോള്‍ ഇവിടത്തെ ഉത്സവം കൂടാന്‍ പ്ലാമൂട്ടില്‍ തറവാട്ടിലേക്ക് കുട്ടന്‍പിള്ളയുടെ മക്കളും സഹോദരിമാരും മറ്റു ബന്ധുക്കളുമെല്ലാം എത്തും. എന്നാല്‍, ബന്ധുക്കളുടെ തള്ളിക്കയറ്റം കുട്ടന്‍പിള്ളയ്ക്ക് കാളരാത്രിയായാണ് അനുഭവപ്പെടുന്നത്.

വിചിത്ര സ്വഭാവക്കാരനാണ് കുട്ടന്‍പിള്ള. ചക്കയാണ് ഇഷ്ടവിഭവം. തന്റെ വീടുപണിയ്ക്കായി പറമ്പിലെ പ്ലാവ് വെട്ടണമെന്ന ആവശ്യവുമായി നടക്കുന്ന മരുമകന്‍ സുനീഷും (ബിജു സോപാനം) കുട്ടന്‍പിള്ളയുമായി ഒരിക്കലും ചേരില്ല. പോലീസുകാരനാണെങ്കിലും വെടിക്കെട്ടിനെയും പ്രേതങ്ങളെയും പേടിയാണ്. തന്റെ വീടിനു തൊട്ടടുത്തുള്ള ഉപേക്ഷിക്കപ്പെട്ട ശ്മശാനത്തില്‍ പ്രേതങ്ങളുണ്ടെന്നാണ് കുട്ടന്‍പിള്ളയുടെ വിശ്വാസം.

ഒരു പ്രഹസനമെന്നപോലെയാണ് ചിത്രത്തിന്റെ ആദ്യപകുതി ചിത്രീകരിച്ചിരിക്കുന്നത്. കുട്ടന്‍പിള്ളയുടെ വീട്ടിലെ ആളും ബഹളവും പ്രശ്നങ്ങളുമൊക്കെയാണ് ആദ്യപകുതിയില്‍. ഇതിന് സമാന്തരമായി ചില 'പ്രേതകഥ'കളും ചിത്രത്തിലുണ്ട്. കൃത്യമായ ചില ലക്ഷ്യങ്ങളോടെയാണ് കഥ പറച്ചിലെങ്കിലും പ്രേക്ഷകരെ അതിനൊപ്പം കൂട്ടണമെന്ന് രചയിതാക്കള്‍ മറന്നുപോയി.

രണ്ടാംപകുതി തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകന് ഏകദേശ ധാരണ വന്നുതുടങ്ങും. പിന്നെയും മൂലകഥയിലേക്കെത്താതെ ചിത്രം അല്‍പം ഇഴയുന്നുണ്ടെങ്കിലും മരണവീട്ടിലെ വെള്ളമടിയും ചായകുടിയുമൊക്കെ മികച്ച ആക്ഷേപഹാസ്യ രംഗങ്ങളായെന്ന് പറയാതിരിക്കാനാവില്ല. ക്ലൈമാക്സിനോടടുക്കുമ്പോള്‍ പ്രതീക്ഷിക്കാത്ത വേഗത കൈവരിക്കാനും പ്രേക്ഷകനെ പിടിച്ചിരുത്താനും കുട്ടന്‍പിള്ളയ്ക്കാകുന്നുണ്ട്.

ടൈറ്റില്‍ കഥാപാത്രമായെത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിചിത്ര സ്വഭാവക്കാരനായ കുട്ടന്‍പിള്ളയായി സുരാജ് ചിത്രത്തില്‍ നിറഞ്ഞുനിന്നു. ചിത്രത്തില്‍ കുട്ടന്‍പിള്ള ചിരിക്കുന്ന ഒരു രംഗമെങ്കിലുമുണ്ടോ എന്ന് സംശയമാണ്. എങ്കിലും, പിള്ളയുടെ 'ഗൗരവമുള്ള നര്‍മമാണ്' ചിത്രത്തില്‍ പലപ്പോഴും പ്രേക്ഷകന് ആശ്വാസമാകുന്നത്. ബിജു സോപാനം, ശ്രിന്ദ, മിഥൃന്‍ രമേശ്, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ പരിചിതരായ താരങ്ങള്‍. ഇവരെക്കൂടാതെ പുതിയ ഒരുപിടി താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് ചിത്രം. ഇത്രയും പുതുമുഖങ്ങളെ മികവോടെ അവതരപ്പിച്ചതില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ഛായാഗ്രഹണമാണ് ചിത്രത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന മറ്റൊരു വിഭാഗം. ഗ്രാമീണ പശ്ചാത്തലം അത്രമാത്രം മിഴിവോടെയാണ് ചിത്രത്തിലെത്തുന്നത്. ക്ലൈമാക്സ് രംഗങ്ങളും മികച്ചുനിന്നു. എന്നാല്‍, ഗ്രാഫിക്സിലെ പരാധീനതകള്‍ കല്ലുകടിയായി. ഗായിക സനോരയുടെ സംഗീതവും പശ്ചാത്തല സംഗീതവും മോശമായില്ല. പാട്ടുകളുടെ സംഗീതവും വരികളും ഒരുപോലെ ചിത്രത്തിന്റെ പശ്ചാത്തലത്തോട് ചേര്‍ന്നുനില്‍ക്കുന്നതായി.

Content highlights : kuttanpillayude sivarathri movie review Suraj Venjaramoodu Biju Sopanam Srinda Midhun Jean Markose