''വെറുപ്പ്, മനുഷ്യന് എന്നും എപ്പോഴും വെറുക്കാന്‍ എന്തെങ്കിലും ഒന്നു വേണം, ആ വെറുപ്പ് നിലനിര്‍ത്താന്‍ നമുക്കിടയില്‍ എന്നും ഉണ്ടാകും ഒരു അവരും നമ്മളും. വെറുപ്പ് ഒരു തരി മതി, അതൊരു തീയായി അങ്ങനെ ആളിക്കത്തും. ഒരിക്കല്‍  കത്തിയാല്‍ ആ തീ കെടാതിരിക്കാന്‍ നമ്മള്‍ വെറുത്തുകൊണ്ടേയിരിക്കും''- മൂസ ഖാദര്‍ എന്ന വൃദ്ധന്‍ പറഞ്ഞു തീര്‍ക്കുന്നത് ഒരു വലിയ പ്രപഞ്ച സത്യമാണ്.

ഗുഹകളില്‍ വേട്ടയാടിയും പോരാടിയും ജീവിച്ച്, പിന്നീട് വ്യത്യസ്ത ഗോത്രങ്ങളും വിശ്വാസങ്ങളുമായി പരിണമിച്ച്, മതങ്ങള്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ മനുഷ്യനില്‍ നിന്ന് ഇന്നത്തെ ആധുനിക മനുഷ്യനില്‍ എത്തിനില്‍ക്കുമ്പോള്‍ എന്ത് മാറ്റമാണ് സംഭവിച്ചത്? ഗോത്രീയതയും മതബോധവും ഈ മനുഷ്യവര്‍ഗത്തെ വിടാതെ പിന്തുടരുന്നതിന് കാരണമെന്തായിരിക്കാം. സഹജീവികളെ കൊന്നൊടുക്കാന്‍ വിശ്വാസത്തിന്റെ മറവില്‍ അയാള്‍ ആയുധം കയ്യിലെടുക്കുന്നത് എന്തുകൊണ്ടായിരിക്കാം? തന്റെ ശരി മാത്രമാണ് ശരിയെന്ന് അയാള്‍ ശഠിക്കുന്നത് എന്തുകൊണ്ടായിരിക്കാം? അങ്ങനെ ഒരുപാട് സമസ്യകള്‍ ചോദിക്കാതെ ചോദിക്കുന്ന അതിനുത്തരം പ്രേക്ഷകരുടെ യുക്തിയ്ക്ക് വിട്ടുകൊടുക്കുന്ന ചിത്രമാണ് കുരുതി. ഒരു ത്രില്ലര്‍ എന്നതിനപ്പുറം കുരുതി സംസാരിക്കുന്നത് വര്‍ത്തമാന കാലത്തും മനുഷ്യരെ പോരടിപ്പിക്കുന്ന ചില വിഷയങ്ങളെക്കുറിച്ചാണ്്.

ഉരുള്‍പ്പൊട്ടലില്‍ ഭാര്യയെയും ഏക മകളെയും നഷ്ടമായ ഇബ്രാഹീമും (റോഷന്‍ മാത്യു), അയാളുടെ വാപ്പ മൂസ ഖാദറും (മാമുക്കോയ) സഹോദരന്‍ റസൂലും അടങ്ങുന്ന ഒരു കുടുംബം ഒരു വശത്ത്. അതേ ദുരന്തത്തില്‍ ഭാര്യയെ നഷ്ടമായ പ്രേമനും (മണികണ്ഠന്‍ ആചാരി) സഹോദരി സുമയും മറ്റൊരു വശത്ത് (ശ്രിന്ദ). ഉരുള്‍പ്പൊട്ടല്‍ നല്‍കിയ ആഘാതത്തില്‍ ആ കാട്ട്  പ്രദേശം വിട്ട് എല്ലാവരും പലായനം ചെയ്തപ്പോള്‍ ഈ രണ്ട് കുടുംബങ്ങളും ആ ദുരന്തമുഖത്ത് ബാക്കിയാകുന്നു. പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇവര്‍ ജീവിക്കുന്നതിനിടെ മൂസ ഖാദറിന്റെ വീട്ടിലേക്ക് ഒരു രാത്രി ഒരു പോലീസുകാരന്‍ പ്രതിയുമായി കയറി വരുന്നു. അവര്‍ക്കിടയിലേക്ക് ഇബ്രാഹിമിനും കുടുംബത്തിനും ഭക്ഷണവുമായി സുമയും എത്തുന്നു. തൊട്ടുപിന്നാലെ ഇബ്രുവിന്റെ സുഹൃത്ത് കരീമും അയാളുടെ സുഹൃത്തായ ലായിഖും എത്തുന്നതോടെയാണ് ചിത്രത്തിന്റെ പ്രമേയം മറ്റൊരു തലത്തിലെത്തുന്നത്. വെറുപ്പും സ്വത്വബോധവും നയിക്കുന്ന പ്രാകൃത മനുഷ്യര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബലിയാടാകേണ്ടി വരുന്ന മനുഷ്യരുടെ പോരാട്ടമാണ് പിന്നീട് അവിടെ അരങ്ങേറുന്നത്. നിസ്സഹായരായ ആ മനുഷ്യര്‍ക്കൊപ്പം നിലയുറപ്പിച്ചാല്‍ പ്രേക്ഷകര്‍ക്കും ആരുടെയും പക്ഷം പിടിക്കാനാകില്ല. 

നമ്മുടെ സമൂഹത്തിലെ ആളുകള്‍ ഏറെ വൈകാരികമായി സമീപിക്കുന്ന വിഷയത്തെ ഒരു കടുകുമണി വത്യാസത്തില്‍ ഒന്നു അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ കഥ പറഞ്ഞ തീര്‍ത്ത തിരക്കഥാകൃത്ത് അനീഷ് പള്ളിയാല്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. അതോടൊപ്പം തന്നെ പ്രേക്ഷകരെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന മേക്കിങ്ങിലൂടെ തിരക്കഥയോട് പൂര്‍ണമായും നീതി പുലര്‍ത്തിയ സംവിധായകന്‍ മനു വാര്യരും. ഡാര്‍ക്ക് ഷെയ്ഡില്‍ കഥ പറയുന്ന കുരുതിയിലെ ആഴവും പരപ്പുമുള്ള ഒരോ ഫ്രെയിമുകള്‍ മനോഹരമായി പര്‍ത്തിയ ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജനും പ്രേക്ഷകരുടെ നെഞ്ചിടിപ്പിന് ആക്കം കൂട്ടിയ സംഗീത സംവിധായകന്‍ ജേയ്ക്ക് ബിജോയും ചിത്രത്തിന് പ്രമേയത്തിന് കരുത്തേകി.

റോഷന്‍ മാത്യു, സ്രിന്ദ പൃഥ്വിരാജ് സുകുമാരന്‍, മുരളി ഗോപി, ഷൈന്‍ ടോം ചോക്കോ, നസ്ലിന്‍, സാഗര്‍ സൂര്യ എന്നിവര്‍ അവരുടെ വേഷങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ എടുത്ത് പറയേണ്ടത് മാമുക്കോയയുടെ പ്രകടനമാണ്. മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞ് നിന്ന് പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാര്‍ന്ന കഥാപാത്രമാണ് മൂസ. ജീവിതാനുഭവങ്ങള്‍ ഏറെയുള്ള മനുഷ്യപക്ഷത്തു നിന്നുമാത്രം ചിന്തിക്കുന്ന മൂസയായി മാമുകക്കോയ അഭിനയിച്ചു തകര്‍ക്കുകയായിരുന്നു. 

ആധുനിക മനുഷ്യനെ പിന്നോട്ട് വലിക്കുന്ന ഗോത്രചിന്ത എത്രത്തോളം അപകടകരമാണെന്നത് സമകാലിക സംഭവങ്ങളെ വിലയിരുന്നമ്പോള്‍ യുക്തിയുള്ള ചിന്തിക്കുന്ന മനുഷ്യര്‍ക്ക് മനസ്സിലാകും. വര്‍ഗീയതയും മതബോധവും ജാത്യാഭിമാനവും കൊടിക്കുത്തി വാഴുന്ന നമ്മുടെ സമൂഹത്തില്‍ കുരുതി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടട്ടെ. സിനിമകളുടെ അതിവായനകളും പോസ്റ്റ്‌മോര്‍ട്ടവും നല്ല ചിന്തകള്‍ക്ക് വേണ്ടിയാകട്ടെ.

Content Highlights: Kuruthi Malayalam Movie Review, Prithviraj Sukumaran Roshan Mathew Amazon Prime Video