പെണ്‍കുട്ടികളുള്ള എല്ലാ അച്ഛനമ്മമാര്‍ക്കും വേണ്ടിയെന്നോണം സമര്‍പ്പിച്ച ഒരു ചിത്രം. അതാണ് 'കൂദാശ'. പ്രതികാരത്തിന്റെ വകഭേദങ്ങളും ക്വട്ടേഷന്‍ ഗുണ്ടകളുടെ ജീവിതപരിണതികളുമെല്ലാം മലയാള സിനിമ എത്രയോ കണ്ടതാണ്. ആ നിരയില്‍ ഒരു സിനിമകൂടി എന്ന മുന്‍വിധിയൊന്നുമല്ല ബിനു തോമസ് കഥയെഴുതി സംവിധാനം ചെയ്ത കൂദാശ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്ന അനുഭവം. 

വില്ലത്തരത്തിന്റെ മനസ്സു മടുപ്പിക്കുന്ന കുറേ കഥാപാത്രങ്ങളിലൂടെ മുന്നേറി കോമഡി ലോകത്ത് വഴിയറിയാതെ നില്‍ക്കുന്ന ബാബുരാജ് എന്ന നടന്റെ വില്ലന്‍ കഥാപാത്രമല്ല ചിത്രത്തിലുള്ളത്. മകളെ ദാരുണമായി കൊലപ്പെടുത്തിയവരോട് അടങ്ങാത്ത പകയുമായി യുദ്ധത്തിലേര്‍പ്പെട്ട് തിന്മയ്ക്കു മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന എത്രയോ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. പക്ഷേ, സ്വാഭാവിക പ്രതികരണം പ്രതികാരത്തിലേക്കും ജീവഭയത്തിലേക്കും ഉന്മാദത്തിലേക്കും നീളാവുന്ന ആത്മസംഘര്‍ഷ പരമ്പരകളായി എങ്ങനെ വികസിക്കുന്നു എന്ന് ഈ ചിത്രം പറയുന്നു.
 
നിരന്തരം വേട്ടയാടുന്നവനും ഒരു നാള്‍ ഇരയാകുക തന്നെ വേണമെന്നത് പ്രകൃതിനിയമമാണ്. പതിവുപോലെ സാഹചര്യങ്ങളുടെ നിര്‍ബന്ധം കൊണ്ടുമാത്രം ഒരു ക്വട്ടേഷന്‍ ഗുണ്ടയായി തീരുന്ന കല്ലൂക്കാരന്‍ ജോയ്, പണിയിലെ കൃത്യതയും സമര്‍പ്പണവുംകൊണ്ട് മെത്രാന്‍ ജോയിയായി അധോലോകത്ത് വാഴ്ത്തപ്പെട്ടവനാകുന്നു. 

അമ്മയെയും ഭാര്യയെയും നഷ്ടപ്പെട്ട് മകളുമായി ഒതുങ്ങിക്കഴിയാന്‍ ശ്രമിക്കുന്ന അയാള്‍ക്ക് ഒഴിവാക്കാനാകാത്ത ചില ഗുണ്ടാപ്പണികള്‍ കൂടി ഏറ്റെടുക്കേണ്ടി വരുന്നു. അതേത്തുടര്‍ന്നുണ്ടാകുന്ന ഓരോ സന്ദര്‍ഭവും അയാളെ വല്ലാത്തൊരു മാനസിക സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. മനോരോഗ വിദഗ്ധനോട് തന്റെ അവസ്ഥാന്തരങ്ങളെ ഒരു കുമ്പസാര രഹസ്യങ്ങളെയെന്നോണം ഏറ്റുപറയുന്ന ജോയിയുടെ ആത്മകഥനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. നിഷ്‌കളങ്കരായ പെണ്‍മക്കള്‍ മാനസികമായും ശാരീരികമായും പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് മനസ്സു നീറുന്ന ഒന്നുരണ്ട് അച്ഛന്മാരുണ്ട് ഈ ചിത്രത്തില്‍. കഥാഗതിക്കു ശക്തി പകരാനായി ബോധപൂര്‍വം സൃഷ്ടിച്ച ക്ലീഷേയായി അതിനെ അവഗണിക്കാം.  

ക്വട്ടേഷന്‍ ഗുണ്ട, പ്രതികാരം, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ എന്നിവയില്‍ കുരുക്കിയിടാനല്ല ഈ ചിത്രത്തിലൂടെ സംവിധായകന്‍ ശ്രമിച്ചത്. മറിച്ച് മനുഷ്യത്വമുള്ള ഒരച്ഛന്‍ ആത്മസംഘര്‍ഷത്തില്‍ പെട്ടുഴലുന്നതാണ്. ഒരു സാധാരണക്കാരനെന്ന നിലയിലുള്ള ഒരു നായകസങ്കല്പവും അതിലേക്ക് ബാബുരാജ് എന്ന നടനെ പാകപ്പെടുത്തുന്നു എന്നതുമാണ് സംവിധായകന്റെ മികവായി ചിത്രത്തില്‍ കാണുന്നത്.

കേന്ദ്രകഥാപാത്രത്തിന്റെ മാനസികാവസ്ഥയുടെ ചാഞ്ചാട്ടങ്ങള്‍ അവതരിപ്പിക്കാനാണെങ്കിലും രണ്ടാം പകുതിയിലെ ക്രമമില്ലായ്മ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തില്‍ പ്രേക്ഷകരും പെട്ടുപോകാനിടയുണ്ടെന്നതാണ് ചിത്രത്തിന്റെ ഒരു പോരായ്മ. തമാശയ്ക്കുവേണ്ടി സൃഷ്ടിച്ച സീനുകളും അരോചകമായിട്ടുണ്ട്. 

സായ്കുമാര്‍, ദേവന്‍, ജോയ് മാത്യു എന്നിവര്‍ക്കൊപ്പം ആര്യന്‍ കൃഷ്ണമേനോന്‍, കൃതികാപ്രദീപ് തുടങ്ങിയവരും കഥാപാത്രങ്ങളെ കൈയടക്കത്തോടെ അവതരിപ്പിച്ചു. ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിന്റെ കഥാഗതിക്ക് ഇണങ്ങിയ പശ്ചാത്തലസംഗീതം മികവുറ്റതായി. വിഷ്ണുമോഹന്‍ സിത്താരയുടെ സംഗീതവും കഥാഗതിക്കൊത്തുപോകുന്ന തരത്തില്‍ ശ്രദ്ധേയമാണ്. ദൃശ്യഭംഗികൊണ്ട് മോഹിപ്പിക്കുന്ന ഫ്രെയിമുകളൊരുക്കിയ ഫൈസല്‍ വി. ഖാലിദിന്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.    

Content Highlights : Koodasha Malayalam Movie review baburaj dinu thomas eelan vishnu mohan sithara koodasha review