തിര്‍നീച്ചല്‍, കാക്കിസട്ടൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍.എസ്. ധുരൈസെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടി. ധനുഷ് ഇരട്ട റോളില്‍ എത്തുന്നു, ധനുഷും തൃഷയും ഒരുമിച്ച് അഭിനയിക്കുന്നു, രാഷ്ട്രീയം പറയുന്നു തുടങ്ങി നിരവധി ആകര്‍ഷണങ്ങളുണ്ടായിരുന്നതിനാല്‍ കൊടിയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വലുതായിരുന്നു. വെട്രിമാരന്റെയും മറ്റും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ധുരൈ സെന്തില്‍കുമാര്‍ തന്റെ മൂന്നാമത്തെ സ്വതന്ത്ര സംവിധാന സംരംഭത്തിലും നിരാശപ്പെടുത്തിയില്ലെങ്കിലും അത്ഭുതപ്പെടുത്തുന്നില്ല. 

Dhanush

തമിഴ് സിനിമകള്‍ക്ക് വേണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും രാഷ്ട്രീയം എന്ന മേലങ്കിയില്‍ ചാലിച്ചാണ് കൊടി തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. ദേശീയ പുരസ്‌ക്കാര ജേതാവായ ധനുഷ് ഒരിക്കല്‍ പോലും അഭിനയ മികവിന്റെ കാര്യത്തില്‍  നിരാശപ്പെടുത്തിയിട്ടില്ല, കൊടിയിലും പ്രേക്ഷകന് നിരാശയുണ്ടാകില്ല. 

ധനുഷിന്റെ നായികയായി എത്തുന്നത് തൃഷയാണ്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. വളരെ ശക്തമായൊരു രാഷ്ട്രീയ നേതാവിന്റെ വേഷമാണ് തൃഷ കൈകാര്യം ചെയ്യുന്നതെങ്കിലും അതിനെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്താന്‍ തൃഷയ്ക്ക് സാധിച്ചിട്ടില്ല. വളരെ ശക്തമായി പെരുമാറുകയും ജീവിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്തപ്പോള്‍ ആ ഊര്‍ജസ്വലത ലഭിക്കാതെ പോയതാകണം കാരണം. 

പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച അനുപമ പരമേശ്വരന്‍ ധനുഷിന്റെ ഇരട്ടവേഷത്തില്‍ ഒരാളുടെ നായയികയായി തമിഴിലും അരങ്ങേറ്റം കുറിക്കുന്നു. ധനുഷുമൊത്തെ കോമ്പിനേഷന്‍ സീനുകളിലും അല്ലാതുള്ള സീനുകളിലും അനുപമ തിളങ്ങി.

Anupama Parameshwaran

തമിഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ഉള്‍പാര്‍ട്ടി രാഷ്ട്രീയമാണ് സിനിമ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയക്കാരനാകാന്‍ ജനിച്ചു വീണ കൊടി എന്ന ധനുഷ് കഥാപാത്രം നിരവധി പ്രതിസന്ധികളെയും കുതികാല്‍വെട്ടുകളെയും തരണം ചെയ്ത് ഒരു ഉന്നത സ്ഥാനത്തെത്തുമ്പോള്‍ അപ്രതീക്ഷിതമായ ചില തിരിഞ്ഞ് കുത്തലുകള്‍ ഉണ്ടാകുന്നു. ഇവിടെനിന്നാണ് സിനിമയ്ക്ക് വേഗത കൈവരുന്നത്. തമിഴിലെ സ്വതന്ത്ര സിനിമാ പരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്താന്‍ പോലും കഴിയില്ലെങ്കില്‍ ഒരു കാഴ്ച്ചാനുഭവം എന്ന നിലയ്ക്ക് ഒരു തവണ കാണാം. 

എസ്.എ. ചന്ദ്രശേഖര്‍, സരണ്യ പൊന്‍വണ്ണന്‍, കാളീ വെങ്കട്, സിങ്കമുത്തു, നാമോ നാരായണ, ജി. മാരിമുത്തു, കരുണാസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യ പകുതി മുന്നോട്ട് നീങ്ങുന്നത് വളരെ പതുക്കെയാണ്. കഥയുടെ വിശകലനത്തിലേക്ക്് കടന്നതാണ് ഈ മെല്ലെപോക്കിന് കാരണം. എന്നാല്‍, രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയ്ക്ക് വേഗത കൈവരികയും നിര്‍ണായകമായ ട്വിസ്റ്റുകളും സസ്പെന്‍സുകളും മറനീക്കി പുറത്തുവരികയും ചെയ്യുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോഴും നടക്കുന്ന രഹസ്യസംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രം. ഒരിക്കലും പുറത്തുവരാത്ത ഉള്ളുകളികളും ദുരൂഹമരണങ്ങളും തമിഴ് രാഷ്ട്രീയത്തിന്റെ വലിയ പ്രത്യേകതയാണ്. 

വലിയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സിനിമയുമായി മുന്നോട്ടു പോകാന്‍ സംവിധായകനും നിര്‍മാതാക്കളും കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണ്. ഇത് യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് സിനിമയില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ലെങ്കിലും, എവിടെയൊക്കെയോ അതിന്റെ സൂചനകള്‍ അവശേഷിക്കുന്നുണ്ട്.