സംവിധായകന്‍ രാജീവ് രവി നിര്‍മ്മിച്ച്  നവാഗതനായ ഷാനവാസ് കെ ബാപ്പൂട്ടി സംവിധാനം ചെയ്ത ചിത്രമാണ് കിസ്മത്ത്. സമകാലിക കേരളസമൂഹത്തില്‍ ഒരു ദളിത്-മുസ്ലീം പ്രണയം എങ്ങനെ ''ട്രീറ്റ് '' ചെയ്യപ്പെടുന്നു എന്നതിന് നേര്‍സാക്ഷ്യമാണ്  ഈ സിനിമ. പൊന്നാനിയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി സൃഷ്ടിച്ച ഈ ചിത്രത്തെ യഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കുന്നതില്‍ രാജീവ് രവിയുടെ ശിഷ്യന്‍ കൂടിയായ ഷാനവാസ് വിജയിച്ചിട്ടുണ്ട്.

ഇര്‍ഫാന്‍ എന്ന ഇര്‍ഫുവിന്റേയും അവനേക്കാള്‍ അഞ്ച് വയസ്സിന് മൂത്ത അനിത എന്ന ദളിത് പെണ്‍കുട്ടിയുടേയും പ്രണയവും അതു നേരിടുന്ന പ്രതിസന്ധികളുമാണ് കിസ്മത്ത് പറയുന്നത്. പൊന്നാനി പട്ടണത്തെ കേന്ദ്രീകരിച്ചു നീങ്ങുന്ന ചിത്രത്തിന്റെ കഥ ഒരു പകലില്‍ തുടങ്ങി അടുത്ത പകലില്‍ അവസാനിക്കുന്നു തരത്തിലാണ്. 

Kismathതങ്ങളുടെ പ്രണയത്തെ വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് തിരിച്ചറിയുന്നതോടെ ഒരുമിച്ചു ജീവിക്കാന്‍ പോലീസിന്റെ സഹായം തേടുന്ന ഇര്‍ഫാനും അനിതയും ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ അകപ്പെട്ടു പോകുന്നതും പിന്നീട് അവിടെ നടക്കുന്ന പലതരം സംഭവങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഒരു സമകാലിക പോലീസ് സ്‌റ്റേഷനില്‍ അരങ്ങേറുന്ന പലതരം സംഭവങ്ങളാല്‍ രസിപ്പിക്കുന്ന ആദ്യ പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്നത് എസ്‌ഐ അജയ് മേനോനായി എത്തുന്ന വിനയ് ഫോര്‍ട്ടാണ്. വ്യത്യസ്ത മതക്കാരായ രണ്ടു പേരുടെ പ്രണയത്തെ മതവും അധികാരവര്‍ഗ്ഗവും ചേര്‍ന്ന് എങ്ങനെയെല്ലാം പ്രതിരോധിക്കുന്നവെന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതി പറയുന്നത്.  

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഇര്‍ഫാനായി എത്തുന്നത് ഷെയ്ന്‍ നിഗമാണ്. യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും കൗമാരക്കാരന്റെ അങ്കലാപ്പുകളും നിറഞ്ഞ ഇര്‍ഫാന്‍ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് ഷെയ്ന്‍ നിഗം അവതരിപ്പിച്ചത്. രണ്ടാം പകുതിയിലെ വികാരക്ഷുബ്ധമായ രംഗങ്ങളെ പാളിച്ചകളില്ലാതെ കൈകാര്യം ചെയ്യാന്‍ ഷെയ്ന്‍ നിഗത്തിനും നായിക ശ്രുതി മേനോനും സാധിച്ചു. കടുപ്പക്കാരനും വക്രബുദ്ധിക്കാരനുമായ എസ് ഐ അജയ് മേനോനായി തകര്‍പ്പന്‍ പ്രകടനാണ് വിനയ് ഫോര്‍ട്ട് കാഴ്ചവച്ചത്. ഇവര്‍ക്കൊപ്പം സുനില്‍ സുഖദ, അനില്‍ നെടുമങ്ങാട്, അലന്‍സിയര്‍ തുടങ്ങിയവരും നിരവധി പുതുമുഖ നടന്‍മാരുടെ പ്രകടനവും കിസ്മത്ത് എന്ന കൊച്ചു ചിത്രത്തെ സമ്പന്നമാക്കുന്നു.

ഒരു മതേതര രാഷ്ട്രത്തിലെ സാക്ഷരസമ്പന്നമായ സംസ്ഥാനത്ത് വ്യത്യസ്ത മതസ്ഥരുടെ പ്രണയം എത്രമേല്‍ വെല്ലുവിളി നേരിടുന്നു എന്നതിന് നേര്‍ക്കാഴ്ചയായിരുന്നു രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രം. കഥാസന്ദര്‍ഭങ്ങളാല്‍ പലപ്പോഴും അന്നയും റസൂലും എന്ന ചിത്രത്തോട് കിസ്മത്തിന് പല സാമ്യങ്ങളും തോന്നും. എങ്കിലും പൊന്നാനിയുടെ കാന്‍വാസില്‍  യഥാത്ഥ്യബോധത്തോടെ സൃഷ്ടിച്ചെടുത്ത കിസ്മത്ത് എന്ന ചിത്രം ഷാനവാസ് കെ ബാപ്പൂട്ടി എന്ന സംവിധായകന് അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്. റിയലിസ്റ്റ് സിനിമയുടെ സൗന്ദര്യം തേടുന്ന പ്രക്ഷകരെ കിസ്മത്ത് എന്തായാലും നിരാശപ്പെടുത്തില്ല.