ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ സുപ്രധാന വിഷയമായ ലൈംഗികതയെ കുറിച്ച് പറയുന്ന മലയാള സിനിമ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയേണ്ട. നിസാരമെന്ന് കരുതുന്ന, എന്നാല്‍ ഏറ്റവും ഗുരുതരമായ വിഷയങ്ങളില്‍ ഒന്നായ യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവിനെക്കുറിച്ചാണ് നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രം കൈകാര്യം ചെയ്യുന്നത്. സമൂഹം ചര്‍ച്ച ചെയ്യേണ്ട മാരിറ്റല്‍ റേപ് എന്ന അതീവ ഗുരുതരമായ വിഷയത്തെ ഒരു കുടുംബകഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് അനാവരണം ചെയ്യുകയാണ് സംവിധായകന്‍

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തില്‍ കൃഷിയും റബ്ബര്‍ ടാപ്പിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്നൊരു ചെറുപ്പക്കാരനാണ് കടപ്ലാമറ്റം വീട്ടില്‍ സ്ലീവാച്ചന്‍. പ്രായമായ അമ്മയും കെട്ടിച്ചയച്ച നാല് പെങ്ങന്മാരും അവരുടെ കുടുംബവുമാണ് സ്ലീവാച്ചന്റെ ലോകം. വയസ് മുപ്പത്തിയത്തഞ്ച് കഴിഞ്ഞിട്ടും സ്ലീവാച്ചന്‍ പെണ്ണ് കെട്ടിയിരുന്നില്ല. അതിന് കാരണമായി അവന്റെ അമ്മ പറയുന്നത് സ്ലീവാച്ചന് പെണ്ണെന്നാല്‍ ഒന്നുകില്‍ അമ്മ അല്ലെങ്കില്‍ പെങ്ങള്‍ ആണെന്നുള്ളതാണ്. ലോകം കണ്ടിട്ടില്ലാത്ത, ഇക്കണ്ട പ്രായത്തിനിടയ്ക്ക് അന്യ സ്ത്രീകളുമായി മറ്റൊരു വിധത്തിലുള്ള അടുപ്പവും ഇല്ലാതിരുന്ന സ്ലീവാച്ചന് അമ്മയുടെയും പെങ്ങന്മാരുടെയും നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ പെണ്ണ് കെട്ടേണ്ടി വരികയാണ്

എന്നാല്‍ വിവാഹബന്ധത്തെ കുറിച്ച് തീര്‍ത്തും അജ്ഞനായ സ്ലീവച്ചന് സ്വന്തം ഭാര്യയോടൊന്ന് മിണ്ടുന്നത് പോലും ചങ്കിടിക്കുന്ന ഏര്‍പ്പാടാണ്. അവളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു നാള്‍ സ്ലീവാച്ചന്റെ ഈ 'അജ്ഞത' അവരുടെ ജീവിതത്തില്‍ വില്ലനായി മാറുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്

സ്ലീവാച്ചനെന്ന തനി നാട്ടിന്‍പുറത്തുകാരനായുള്ള ആസിഫ് അലിയുടെ വേഷപ്പകര്‍ച്ച എടുത്ത് പറയേണ്ടതാണ്. ആ കഥാപാത്രത്തിന്റെ അങ്കലാപ്പും പരിഭ്രമവും സങ്കടങ്ങളും നിഷ്‌കളങ്കതയുമെല്ലാം അത്ര മാത്രം പ്രേക്ഷകര്‍ക്ക് അനുഭവവേധ്യമാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.  ഉയരെയിലെ ഗോവിന്ദ് പോലെ ആസിഫിന്റെ കരിയറില്‍  മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി സ്ലീവാച്ചനും മാറും എന്നതില്‍ തര്‍ക്കമില്ല.

പുതുമുഖം വീണാ നന്ദകുമാറാണ് സ്ലീവാച്ചന്റെ ഭാര്യ റിന്‍സിയായി വേഷമിട്ടത്. നഗരത്തില്‍ ജനിച്ചു വളര്‍ന്നതെങ്കിലും ഭര്‍ത്താവിനെയും അവന്റെ കുടുംബത്തെയും സ്നേഹിക്കുന്ന പക്കാ കുടുംബിനി ആയും, ഭര്‍ത്താവിന്റെ അസ്വാഭാവിക പെരുമാറ്റത്തില്‍ പകച്ചു പോകുന്ന നവവധുവായും മാറാന്‍ വീണയ്ക്ക് അനായാസമായി കഴിഞ്ഞിട്ടുണ്ട്.

ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, രവീന്ദ്രന്‍, മനോഹരി ജോയിയും എന്നിവര്‍ക്ക് പുറമേ ആസിഫിന്റെ സഹോദരിമാരായും അളിയന്മാരായും നാട്ടുകാരായും വേഷമിട്ട പുതുമുഖങ്ങളും മികച്ച അഭിനയമാണ് കാഴ്ച്ച വച്ചത്.

മാരിറ്റല്‍ റേപ്പ്, ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ തെറ്റായ ധാരണകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അശ്ലീലം കലര്‍ത്താതെയും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉപയോഗിക്കാതെയും സാധിക്കുമെന്ന് ചിത്രം കാണിച്ചു തരുന്നു.

എല്ലാം അറിയാമെന്ന് ഭാവിക്കുന്ന, കൂട്ടുകാരുടെ ബഡായികളില്‍ നിന്നും കണ്ട ചിത്രങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വന്തം ഭാര്യയില്‍ അധികാരം സ്ഥാപിക്കും മുന്‍പ് അവളും ഒരു വ്യക്തിയാണെന്നും അവള്‍ക്കും വ്യക്തിത്വം ഉണ്ടെന്നും ഓര്‍ക്കാനും ചിത്രം ആവശ്യപ്പെടുന്നുണ്ട്.

Content Highlights : Kettiyolaanu Ente Malakha Movie review Starring Asif Ali Veena Nandakumar