മിമിക്രി കാലം മുതല്‍ തുടങ്ങിയ സൗഹൃദ വലയത്തിന്റെ കൂടിച്ചേരല്‍, ഉര്‍വ്വശിയും ദിലീപും ജോഡികളായെത്തുന്ന ആദ്യ ചിത്രം എന്നിങ്ങനെ പ്രത്യേകതകള്‍ ഒട്ടനവധിയായിരുന്നു നാദിര്‍ഷായുടെ സംവിധാനത്തിലൊരുങ്ങിയ 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിന്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ പടം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുഴുനീള എന്റര്‍ടെനയ്‌റാണ്. മലയാള സിനിമയിലെ ഒരുപിടി നല്ല ഹാസ്യനടന്മാരുടെ മികവാര്‍ന്ന് പ്രകടനം കൊണ്ടും ദിലീപിന്റെ വ്യത്യസ്തമാര്‍ന്ന ഗെറ്റ്പ്പ് കൊണ്ടും ചിത്രം മുന്നിട്ടുനില്‍ക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കേശുവിന്റെ കഥയാണ് ചിത്രം പറയുന്നത്. കേശുവായി ദിലീപ് പൊട്ടിചിരിപ്പിക്കുമ്പോള്‍ ഭാര്യ രത്‌നമ്മയായി എത്തുന്നത് ഉര്‍വശിയാണ്. 

ചെറിയൊരു കഥാതന്തു എങ്ങനെയൊക്കെ മനോഹരമായി വികസിപ്പിക്കാമോ അത്രയുമൊക്കെ വികസിപ്പിച്ചിട്ടുണ്ട്. പണത്തിന് നന്നേ ബുദ്ധിമുട്ടുള്ള കേശുവിന്റെ ഉപജീവന മാര്‍ഗം ഡ്രൈവിങ് സ്‌കൂളാണ്. അറുപിശുക്കനായ കേശു പെട്രോള്‍ പോലുമടിക്കാതെ മറ്റൊരു വണ്ടിയില്‍ വടം കെട്ടിയാണ് വിദ്യാര്‍ത്ഥികളെ ഡ്രൈവിങ് പഠിപ്പിക്കുന്നത്. കേശുവിന്റെ പിശുക്ക് വസ്ത്രധാരണത്തിലൂടെയും മറ്റും വിശദീകരിക്കുന്നുണ്ട്. 

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പാട് പെടുമ്പോഴാണ് കേശുവിന് 12 കോടി രൂപ ലോട്ടറി അടിക്കുന്നത്. ഒരു തീര്‍ത്ഥാടന യാത്രയിലായിരുന്ന കേശു ലോട്ടറിയടിച്ച വിവരം ആരെയും അറിയിക്കാതെ മുങ്ങാന്‍ ശ്രമിക്കുന്ന ഹാസ്യരംഗങ്ങളില്‍ പരമാവധി പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അളിയന്‍  കോടീശ്വരന്‍ ആകാന്‍ പോകുന്ന വിവരം അറിയുന്ന പെങ്ങളുടെ ഭര്‍ത്താക്കന്മാര്‍ മൂലം കേശു ചെന്നു പെടുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഒരു കള്ളന്റെ വേറിട്ട ഭാവങ്ങള്‍ പകര്‍ത്തിയ സജീവ് പാഴൂരിന്റെ തിരക്കഥ ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ട്. നിര്‍മാതാവ്, നടന്‍, ഡിസ്ട്രിബ്യൂട്ടര്‍ എന്നീ റോളുകളില്‍ തിളങ്ങിയ ദിലീപും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. കേശുവിന്റെ മക്കളായി എത്തിയ ഉഷ (വൈഷ്ണവി വേണുഗോപാല്‍), ഉമേഷ് (നസ്ലിന്‍ കെ ഗഫൂര്‍) എന്നിവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി.

മേരാ നാം ഷാജി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷാ സംവിധായകന്റെ കുപ്പായം അണിയുകയും ജനപ്രിയനായകന്‍ ദിലീപ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തുകയും ചെയ്ത ചിത്രം കൂടിയാണ് 'കേശു ഈ വീടിന്റെ  നാഥന്‍'. മലയാളികള്‍ നെഞ്ചിലേറ്റിയ വിന്റേജ് ഉര്‍വശിയെയും ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് കാണാം. കേശുവിന്റെ പ്രാരാബ്ദങ്ങളിലേക്കും ബുദ്ധിമുട്ടുകളിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതില്‍ ഛായാഗ്രാഹകന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. എന്തായാലും വര്‍ഷാവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം വീടിന്റെ അകത്തളങ്ങളില്‍ ചിരിയുടെ അലമാലകള്‍ തീര്‍ക്കുകയാണ്.

Content Highlights : Keshu Ee Veedinte Nathan review Dileep Nadirshah Urvashi