"നീങ്ക നീങ്കളാ ഇറുക്കിറ വരേക്കും,  നാൻ നായാ താൻ ഇറുക്കണുംന്ന് നീങ്ക എതിർ പാർക്ക വരേക്കും ഇങ്കേ എതുവുമേ മാറാത്. ഇപ്പടിയേ താൻ ഇറുക്കും" -
പരിയേറും പെരുമാൾ

തന്റെ ആദ്യ ചിത്രത്തിൽ എവിടെ, ഏത് സംഭാഷണത്തിൽ നിർത്തിയോ അവിടെ വച്ച് തുടങ്ങുന്നു, മാരി സെൽവരാജിന്റെ രണ്ടാം ചിത്രം കർണൻ. തമിഴ്നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതിവ്യവസ്ഥയോടുള്ള കലഹമാണ് കർണൻ. ജാതിവ്യവസ്ഥക്കെതിരേ തലകുനിച്ച് നിന്ന് ഒടുക്കം നിവർന്നു നിൽക്കുമ്പോഴുണ്ടാകുന്ന പൊട്ടിത്തെറിയുടെ വ്യാപ്തിയും അതിന്റെ പരിണതഫലവുമാണ് കർണന്റെ ആകെത്തുക.

90-കളിലാണ് കഥ നടക്കുന്നത്. തമിഴ്നാട്ടിൽ ജാതിവെറി കൊടികുത്തിവാഴുന്ന പൊടിയൻകുളം എന്ന ​ഗ്രാമം. ഇവിടത്തുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ യാതൊരവകാശവുമില്ല. നല്ല വിദ്യാഭ്യാസം, വസ്ത്രം, മര്യാദയ്ക്കൊന്ന് സഞ്ചരിക്കാൻ പോലും അവകാശമില്ല. നാട്ടിലൂടെ വല്ലപ്പോഴും വന്നുപോകുന്ന ബസിൽ കയറിയാൽ പൊടിയൻകുളത്തുകാർ ടിക്കറ്റെടുക്കേണ്ടത് തൊട്ടപ്പുറത്തെ ഉന്നതകുലജാതരെന്നവകാശപ്പെടുന്നവരുടെ സ്റ്റോപ്പിലേക്കാണ്. ബസ് അവിടെയേ നിർത്തൂ. കൈകാണിച്ചാൽ കരുണ കാണിച്ച് വല്ലപ്പോഴും നിർത്തുന്ന വാഹനങ്ങളാണ് ഇവർക്കാശ്രയം. പുറംലോകവുമായി പൊരുത്തപ്പെടണമെന്ന് ഇവർക്കാ​ഗ്രഹമുണ്ടെങ്കിലും നേരത്തേ പറഞ്ഞ ഉന്നതർ അതിന് തടസമാവുന്നു എന്നുമാത്രം.

1995-ൽ തമിഴ്നാട്ടിലെ കൊടിയൻകുളത്ത് നടന്ന ജാതിസംഘർഷവും തുടർന്ന് നടന്ന പോലീസ് നായാട്ടുമാണ് ചിത്രത്തിനാധാരം. താരങ്ങളുടെ പ്രകടനത്തിനപ്പുറം ഈ യഥാർത്ഥസംഭവത്തിന്റെ നടുക്കം അതേ തീവ്രതയോടെ വെള്ളിത്തിരയിലെത്തിക്കുന്നു എന്നതാണ് കർണനെ വേറിട്ട ദൃശ്യാനുഭവമാക്കുന്നത്. ആദ്യ രം​ഗത്തിൽത്തന്നെ ഈ നടുക്കം കാണുന്നവരിലേക്കെത്തിക്കാൻ സംവിധായകനായിട്ടുണ്ട്. ആ ഞെട്ടൽ സിനിമ തീരുന്നതുവരെ പ്രേക്ഷകനുള്ളിൽ നിലനിർത്തി എന്നിടത്താണ് ഒരു സംവിധായകനെന്ന നിലയിൽ മാരി സെൽവരാജിന്റെ വിജയം. 

താരങ്ങളുടെ പ്രകടനത്തിലേക്കുവന്നാൽ ധനുഷ്, ലാൽ, നാട്ടി എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു. ​ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന പരുക്കൻ ചിത്രങ്ങൾക്ക് നിലവിൽ ഏറ്റവും അനുയോജ്യൻ താൻ തന്നെയെന്ന് ധനുഷിന്റെ പ്രകടനം ഊട്ടിയുറപ്പിക്കുന്നുണ്ട്. ലാലിന്റെ താത്ത പലപ്പോഴും ധനുഷിന്റെ കർണന് മുകളിൽ വരുന്നുണ്ട്. ചിത്രം തീർന്ന് എഴുന്നേറ്റാലും താത്ത മനസിൽ മായാതെ നിൽക്കും. നാട്ടിയുടെ കഥാപാത്രം തമിഴ്സിനിമയിൽ അടുത്ത കാലത്ത് വന്നിട്ടുള്ള ഏറ്റവും ക്രൂരനായ കഥാപാത്രമെന്ന് പറയേണ്ടിവരും. കൊമേഡിയൻ എന്ന നിലയിൽ നിന്ന് സ്വഭാവനടനിലേക്കുള്ള യോ​ഗി ബാബുവിന്റെ മാറ്റവും കയ്യടിയർഹിക്കുന്നത് തന്നെ. രജിഷ വിജയൻ, ​ഗൗരി കിഷൻ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരും കഥാപാത്രത്തോട് നീതിപുലർത്തി.

കഥയെ മുന്നോട്ടുനയിക്കുന്നതിൽ ബിംബങ്ങളെ കൂട്ടുപിടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് സംവിധായകൻ. മുൻകാലുകൾ കൂട്ടിക്കെട്ടിയ കഴുതയും പന്നികളും കറുത്ത കുതിരയും നായ്ക്കളും വാളുമെല്ലാം ഓരോ പ്രതീകങ്ങളാണ്. എങ്കിലും അതിശയത്തോടെയും അല്പം കൗതുകത്തോടെയും കാണേണ്ട കാഴ്ച പൊടിയൻകുളത്തിന്റെ ആത്മാവിനെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ്.

തേനി ഈശ്വറിന്റെ ഛായാ​ഗ്രഹണവും സന്തോഷ് നാരായണന്റെ സം​ഗീതവും ചിത്രത്തിന് നൽകുന്ന ഊർജം ചില്ലറയല്ല. എൻജായ് എൻജാമിക്ക് ശേഷം ധീ-സന്തോഷ് നാരായണൻ കൂട്ടുകെട്ടിൽ പിറന്ന ഉട്രാതിങ്കെ അപ്പോ എന്ന ​ഗാനം ആ പ്രത്യേക സന്ദർഭത്തിൽ കേൾക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. ഒരുകാര്യമുറപ്പ്, സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും കയ്യടിക്കും, പൊടിയൻകുളത്തിന്റെ ആത്മാവിനൊപ്പം.

Content Highlights: Karnan, Movie Review, Dhanush, Lal, Rajisha Vijayan, Mari Selvaraj