രു ഒഴിവു ദിവസം കുടുംബവുമായി ചെലവഴിക്കുമ്പോള്‍ സിനിമ കാണണമെന്ന് മനസ് പറയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ തിയ്യറ്ററില്‍ പോയി കപ്പേള കാണണം. സാധാരണ കുടുംബങ്ങളില്‍ നടക്കുന്ന ഒരു അസാധാരണ കഥ, അതാണ് ചുരുക്കത്തില്‍ പറഞ്ഞാല്‍ കപ്പേള. ഇത് കുടുംബപ്രേക്ഷകര്‍ക്കുള്ള സിനിമയാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം വളരെ സാധാരണക്കാരാണ്, മാസ്സല്ല, മസാലയില്ല പക്ഷേ നാട്ടില്‍ നടക്കുന്ന പല സമകാലീന സംഭവങ്ങളേയും ഓര്‍മിപ്പിക്കുന്ന കഥയാണ് കപ്പേള പറയുന്നത്. 

ദേശീയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് കപ്പേള. ഒരു തുടക്കക്കാരന്‍ സംവിധായകന്‍ എന്ന നിലയില്‍ മുസ്തഫ വിജയിച്ചിട്ടുണ്ട്. ചെറിയൊരു പ്രമേയത്തില്‍ കാഴ്ചക്കാരനെ മടുപ്പിക്കാതെ പിടിച്ചിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

നാട്ടിന്‍പുറത്തു നടക്കുന്ന ഒരു പ്രണയകഥയാണ് കപ്പേള എന്ന് പറഞ്ഞാല്‍ അത് അപൂര്‍ണമാണ്. അവസാനം വരെ നമ്മളെ അതില്‍ പൂട്ടിയിടാന്‍ ഈ കഥയ്ക്കാവുന്നുണ്ട്. പിന്നീട് വരുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റാണ് സിനിമയുടെ ഹൃദയം. ആദ്യത്തെ ആ മിടിപ്പുകളെല്ലാം ഈ ട്വിസ്റ്റിലേക്കുള്ള വാതിലുകളായിരുന്നുവെന്ന് സിനിമയുടെ അവസാനം എത്തുമ്പോള്‍ മനസിലാകും. ചെറിയ ചേര്‍ച്ചകുറവുകള്‍ തുടക്കത്തില്‍ നമ്മള്‍ക്ക് തോന്നുമെങ്കിലും അതിനെയെല്ലാം ന്യായീകരിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. കപ്പേളയുടെ തിരക്കഥ എഴുതിയിരിക്കുന്നതും മുസ്തഫ തന്നെയാണ്. 

റോഷന്‍ മാത്യൂ, ശ്രീനാഥ് ഭാസി, അന്ന ബെന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഇവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. സഹകഥാപാത്രങ്ങളായെത്തിയ സുധി കോപ്പ, തന്‍വി റാം, നീല്‍ജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷാ സാരംഗ് എന്നിവരും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. ഇവരെക്കൂടാതെ സംവിധായകന്‍ മുസ്തഫയും ഒരു പ്രധാനവേഷത്തില്‍ സിനിമയിലുണ്ട്. കപ്പേളയുടെ ഛായാഗ്രഹണം ജിംഷി ഖാലിദാണ്. ഭംഗിയുള്ള ഫ്രെയ്മുകളാണ് സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം. കോഴിക്കോടും വയനാടുമാണ് സിനിമയില്‍ കഥ നടക്കുന്ന രണ്ട് സ്ഥലങ്ങള്‍. സംഭാഷണങ്ങളില്‍ രണ്ട് നാടിന്റെയും ഭാഷ സൂഷ്മതയോടെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റെ കയ്യില്‍ ഭദ്രമായിരുന്നു. കപ്പേളയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്. അധികം വലിച്ചു നീട്ടാതെ ചെറിയ പ്രമേയത്തില്‍ ഒരുക്കിയ ചെറിയൊരു സിനിമയാണ് കപ്പേള.  

Content Highlights: Kappela movie review - Musthafa Roshan Mathew Anna Ben Sreenath Bhasi