ക്ഷമയുടെ നെല്ലിപ്പലക കയ്യിലുണ്ടെങ്കില്‍ തിയറ്ററിലേക്കു പോകുമ്പോള്‍ കൂടെ കൊണ്ടുപോവുന്നതു നല്ലതാണ്. കോടികള്‍ മുടക്കി വര്‍ഷത്തിലേറെ നീണ്ട സമയം കൊണ്ടു ചിത്രീകരിച്ച കമ്മാരസംഭവം 182 മിനിട്ട് നീളമുള്ള തലവേദന സൃഷ്ടിക്കുമ്പോള്‍ പ്രത്യേകിച്ചും. സറ്റയര്‍ എന്നപേരില്‍ സ്വാതന്ത്ര്യസമരചരിത്രത്തെയും ഗാന്ധിജി അടക്കമുള്ള ചരിത്രപുരുഷന്മാരേയും ചരിത്രത്തെയും സാമൂഹികബോധത്തെയും കൊല്ലാക്കൊല ചെയ്യുന്ന ചിത്രവധം, അല്ല, ചരിത്രവധം.

മുരളി ഗോപിയുടെ തിരക്കഥയില്‍ നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം കമ്മാരസംഭവം ഒരു ഹിസ്റ്റോറിക്കല്‍-പൊളിറ്റക്കല്‍ (ചരിത്ര-രാഷ്ട്രീയ) സറ്റയറാക്കാന്‍ ശ്രമിച്ചതാണ്. പക്ഷേ അന്തവും കുന്തവുമില്ലാത്ത തിരക്കഥ കൊണ്ടും മനസിലാകാത്ത കഥാസന്ദര്‍ഭങ്ങള്‍ കൊണ്ടും വെറും ചീട്ടുകൊട്ടാരം മാത്രമായിപ്പോയി.  

മികച്ച പ്രൊഡക്ഷന്‍ നിലവാരം, ദൃശ്യഭംഗിയേറിയ ഷോട്ടുകള്‍, തരക്കേടില്ലാത്ത അഭിനേതാക്കള്‍, ബജറ്റിന്റെ ധാരാളിത്തം. ഇതെല്ലാം ഉണ്ട് കമ്മാരസംഭവത്തിന്. നവാഗതനായ രതീഷ് അമ്പാട്ടിന് സിനിമയുടെ ക്രാഫ്റ്റും വഴങ്ങുന്നുണ്ടെന്നു വ്യക്തം. പക്ഷേ സിനിമയുടെ ആദ്യത്തേയും അവസാനത്തേയും കുഴപ്പം തലയും വാലുമില്ലാത്ത രചനയാണ്. പൃഥ്വിരാജ് നായകനായ ടിയാനുശേഷം മുരളി ഗോപി ഒരുക്കിയ ഒരു സങ്കീര്‍ണ ഏടാകൂടമാണീ തിരക്കഥ. 

സര്‍ക്കാരിന്റെ മദ്യനയത്തില്‍ കുപിതരായ ഒരു കൂട്ടം അബ്​കാരികൾ സ്വാതന്ത്ര്യസമരകാലത്തു ജീവിച്ചിരുന്ന കമ്മാരന്‍ എന്ന പഴയൊരു രാഷ്ട്രീയനേതാവിനെ ഉയര്‍ത്തിക്കൊണ്ടുവന്ന് ബദല്‍ മുന്നണിയുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് അടിസ്ഥാനപ്രമേയം. അണ്ണാ ഹസാരെ സമരകഥയുടെ ഒരു സറ്റയര്‍ എവിടെയോ മണക്കുന്നുണ്ട് കമ്മാരന്റെ ഈ കഥയ്ക്ക്. പക്ഷേ അവിടുന്നങ്ങോട്ടു സിനിമയ്ക്കുള്ളിലെ സിനിമയും. സിനിമയ്ക്കും സിനിമയ്ക്കുള്ളിലെ സിനിമയ്ക്കും വേവ്വേറെ കഥയും ക്ലൈമാക്സും. ഇതൊന്നുമല്ലാതെ അവസാനം വേറൊരു ക്ലൈമാക്സും. എല്ലാം കൂടിച്ചേര്‍ന്ന് കുറഞ്ഞത് ഒരഞ്ചു സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് മൂന്നു മണിക്കൂറിനകം പറഞ്ഞു തീര്‍ക്കുന്നുണ്ട്.

സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയില്‍ പ്രവര്‍ത്തിച്ച ആളാണ് കമ്മാരന്‍. ദിലീപ് അവതരിപ്പിക്കുന്ന കമ്മാരനെത്തേടി ഒരു തമിഴ് സംവിധായകന്‍ എത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പിന്നീട് ഫ്ലാഷ്​ബാക്കിലേക്കു പോകുന്ന സിനിമ സ്വാതന്ത്ര്യസമരകാലത്തെ ഒരു ജന്മിയെയും (മുരളിഗോപി) അയാളുടെ ആശ്രിതരെയും ചുറ്റിപ്പറ്റിയാകുന്നു. 

കമ്മാരന്‍ നമ്പ്യാര്‍ എന്ന മുഖ്യകഥാപാത്രമടക്കം നാലു വേഷങ്ങളിലാണ് ദിലീപ് എത്തുന്നത്. കല്യാണരാമനിലെപ്പോലെ  മേക്കപ്പുകൊണ്ട് വയസനായാണ് ആദ്യ ഗെറ്റപ്പില്‍. കമ്മാരന്റെ ചെറുപ്പകാലമാണ് മറ്റൊന്ന്. മറ്റൊന്നു സിനിമയില്‍ അഭിനയിക്കാനായി താടി നീട്ടിയെത്തുന്നത്. മറ്റൊന്നു നടന്‍ ദീലീപായി തന്നെയും. ഒതേനന്‍ എന്ന മറ്റൊരു പ്രധാനവേഷത്തില്‍ തമിഴ്-തെലുഗ് താരം സിദ്ധാര്‍ഥ് എത്തുന്നു. നമിത പ്രമോദാണ് പ്രധാന സ്ത്രീവേഷത്തില്‍. 

സിനിമയുടെ പരസ്യം തന്നെ വില്ലന്‍ നായകനാകുന്നു, നായകന്‍ വില്ലനാകുന്നു എന്നാണ്. ആ ടാഗ്​ലൈനിനോട് സിനിമ ഏതാണ്ട് നീതി പുലര്‍ത്തുന്നുണ്ട്. കമ്മാരന്‍ എന്ന നായക കഥാപാത്രത്തിന് നായകഗുണങ്ങളൊന്നുമില്ല. ചതിയും വഞ്ചനയും കുടിലബുദ്ധിയുമുള്ള അവസരവാദിയാണ് അയാള്‍. മറിച്ച് ചരിത്രത്തില്‍ അയാള്‍ മഹാനാവുകയും ചെയ്യുന്നു. പ്ലോട്ടിന്റെ ഈയൊരു ആംഗിള്‍ ശ്രദ്ധേയമാണ്. സിനിമ ലക്ഷ്യമിടുന്ന സറ്റയറും അതുതന്നെയാണ്. പക്ഷേ അതു പറഞ്ഞ വഴി ഒന്നൊന്നര വഴിയായിപ്പോയി.

തന്റെ പതിവുശീലങ്ങളില്‍നിന്നു വിട്ടുമാറിയുള്ള ദിലീപിന്റെ കഥാപാത്രമാണ് കമ്മാരന്‍. ചിലയിടത്ത് ഫാന്‍സിഡ്രസ് പോലെ തോന്നുന്നുണ്ടെങ്കിലും ദിലീപ് തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. അസ്ഥാനത്തുള്ള ചില തമാശകള്‍ കയറി വരുന്നുണ്ടെങ്കിലും. കമ്മാരന് ഗാന്ധിജി കത്തു കൊടുത്തുവിട്ടു എന്നു പറയുമ്പോള്‍ ഒരു കത്തു കിട്ടിയതിന്റെ ക്ഷീണം മാറിയില്ല എന്നുപറയുന്ന ഡയലോഗ് തന്നെ ഉദാഹരണം.  സിദ്ധാര്‍ഥ് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഡബ്ബിങ്ങിലെ ബുദ്ധിമുട്ട് വ്യക്തം.

രാമലീലപോലെ, അല്ലെങ്കില്‍ അതിലും വലിയ കാന്‍വാസില്‍ പറയുന്ന സിനിമ ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍മുടക്കമുള്ള സിനിമകളിലൊന്നാണ്. സിനിമയുടെ വിഷ്വലുകളില്‍ അതു കാണാനുണ്ട്. കളര്‍ടോണും സുനിലിന്റെ ഗംഭീരമായ ഛായാഗ്രഹണവും ഗാനങ്ങളുടെ ദൃശ്യവല്‍ക്കരണവുമൊക്കെ മികച്ചുതന്നെ നില്‍ക്കുന്നു. പശ്ചാത്തലസൃഷ്ടിയും എടുത്തുപറയേണ്ടതാണ്. രതീഷ് അമ്പാട്ടിന്റെ ശൈലിയും ശ്രദ്ധേയം. എന്നാല്‍ എല്ലാം കുഴഞ്ഞുമറിഞ്ഞ രചനയുടെ പുറത്തായി. 

സിനിമയുടെ ഏറ്റവും വലിയ ഇര നിര്‍മാതാവോ സംവിധായകനോ അല്ല. അത് ഗാന്ധിയും സുഭാഷ് ചന്ദ്രബോസും നെഹ്റുവും അടക്കമുള്ള യഥാര്‍ഥ ചരിത്രനായകരാണ്. ക്വിന്റിന്‍ ടറന്റിനോയുടെ ഇന്‍ഗ്ലോറിയസ് ബാസ്റ്റര്‍ഡ്സില്‍ ഹിറ്റ്ലറെ കൊല്ലാനുള്ള പ്ലോട്ടിന്റെ സ്പൂഫാണെങ്കില്‍ ഇവിടെ അതു ഗാന്ധിവധമാണ്. 

സിദ്ധീഖ്, ഇന്ദ്രന്‍സ്, മണിക്കുട്ടന്‍, ശ്വേത മേനോന്‍ എന്നിവരാണു മറ്റു പ്രധാനവേഷങ്ങളില്‍. ഗോപീസുന്ദറാണ് പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും. ഛായാഗ്രഹണം മാറ്റിനിര്‍ത്തിയാല്‍ സിനിമയുടെ ഏറ്റവും മികച്ച ഘടകവും ഗോപീസുന്ദറാണ്.

Content Highlights: Kammara Sambhavam Movie Review Malayalam Movie Review Dileep MuraliGopy Ratheesh Ambatt