ല്യാണം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍  നൂറു ശതമാനം സത്യസന്ധരാണ്. കാരണം സിനിമയുടെ പേരിനടിയില്‍ അത്യാവശ്യം കാണുന്ന രീതിയില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. കല്യാണം ഒരു പൈങ്കിളി ലവ് സ്റ്റോറിയെന്ന്. സിനിമ കണ്ടിറങ്ങി പ്രേക്ഷകര്‍ ഫോണ്‍ വഴിയോ മറ്റോ ചീത്ത വിളിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാം, ഞങ്ങളത് ആദ്യമേ പറഞ്ഞിട്ടുണ്ടല്ലോ എന്ന്. 

എണ്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം മലയാളത്തില്‍ വന്നുകൊണ്ടിരുന്ന സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ രണ്ട് മധ്യവര്‍ഗ കുടുംബത്തില്‍ തന്നെയാണ് കഥ നടക്കുന്നത്. കരയോഗം പ്രസിഡന്റ് സഹദേവന്‍ നായര്‍(മുകേഷ്), അയല്‍വാസി പ്രഭാകരന്‍(ശ്രീനിവാസന്‍) . വലിയ സൗഹാര്‍ദത്തോടെ കഴിയുന്ന ഈ രണ്ടു കുടുംബത്തിലെ സഹദേവന്റെ മകള്‍ ശരണ്യയും(വര്‍ഷ) പ്രഭാകരന്റെ ഏകമകന്‍ ശരത്തും (ശ്രാവണ്‍ മുകേഷ്) തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ആകെ പ്രമേയം. ഇരുവര്‍ക്കും ഇഷ്ടമാണെങ്കിലും പരസ്പരം പറയാതെ മനസ്സില്‍ വെക്കുകയാണ്. അങ്ങനെ വര്‍ഷയുടെകല്യാണത്തിന് തലേദിവസം പഴയ സ്‌കൂളില്‍പോകുന്ന സമയത്ത് ഇരുവരും കൊണ്ടുപോയിരുന്ന പെട്ടി തുറക്കുമ്പോഴാണ് ഇരുവരും പ്രണയം തുറന്നു പറയുന്നത്. തുടര്‍ന്നുണ്ടാകുന്ന തമാശകളാണ് കല്യാണത്തിന്റെ വഴിത്തിരിവ്.


തമാശ എന്നുപറഞ്ഞാല്‍ ജീവിതവുമായി ബന്ധമില്ലാത്ത കുറെ ഡയലോഗുകള്‍ അതും കോഴിക്കോടന്‍ ഭാഷയില്‍ ഹരീഷ് കണാരനെക്കൊണ്ട് പറയിപ്പിക്കുകയെന്ന ചില സിനിമക്കാരുടെ ഭൂതം ഈ സിനിമയെയും നല്ലപോലെ ബാധിച്ചിട്ടുണ്ട്. മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ ആദ്യമായി സ്‌ക്രീനില്‍ വരുന്ന സിനിമ എന്നുള്ള പ്രത്യേകതയും ഈ ചലച്ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷകളിലൊന്നായിരുന്നെങ്കിലും പറയത്തക്ക സംഭാവനകളൊന്നും നല്കാത്ത ഒരു  കഥാപാത്രം മാത്രമായി ശ്രാവണ്‍ ഒതുങ്ങുകയാണ്.

പ്രേക്ഷകനെ ബോറടിപ്പിക്കുന്നതില്‍ മറ്റൊരു പ്രധാന സംഭാവന പശ്ചാത്തല സംഗീതത്തിനാണ്, ബോറടി കൂട്ടുവാന്‍ ഇതും ഉപകരിക്കുന്നുണ്ട്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍ പാടിയ ധൃതങ്കപുളങ്കിതനായി  ശശാങ്കതരളിതനായി ഞാന്‍ എന്ന പാട്ടും പാട്ടിന്റെ ചിത്രീകരണവും മാത്രം ഭേദപ്പെട്ടതായി എന്നതും രേഖപ്പെടുത്താതിരുന്നുകൂടാ. മനസ്സിലുള്ള ഇഷ്ടം പുറത്തുപറയാതെ സ്നേഹം ഉള്ളിലൊതുക്കുന്ന കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് അന്യമൊന്നുമല്ല. എന്നാല്‍ അത് കൈയടക്കത്തോടെ അവതരിപ്പിക്കുവാന്‍ സാധിക്കുന്നില്ലെന്നുള്ളതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം

Content Highlights : kalyanam movie review Mukesh Sravan Mukesh Varsha Bollamma Kalyanam Movie