ന്ത്യന്‍ സിനിമാ ഗാനരംഗത്തെ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് റഫിയുടെ സ്മരണക്ക് മുമ്പില്‍ എന്ന ഒറ്റവാചകത്തില്‍ കല്ലായി എഫ്എം എന്ന സിനിമയുടെ കഥയും കഥാപശ്ചാത്തലവും വ്യക്തമാക്കാം. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ കല്ലായിക്കാരന്‍ സിലോണ്‍ ബാപ്പുവിന്റെ കഥയാണ്  കല്ലായി എഫ്എം. താന്‍ ഇഷ്ടപ്പെടുന്ന റഫിസാബിന്റെ പാട്ടുകള്‍ കല്ലായിക്കാരെല്ലാം കേള്‍ക്കണമെന്ന ആഗ്രഹമാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സിലോണ്‍ ബാപ്പുവിനെകൊണ്ട് കല്ലായി എഫ്എം എന്ന റേഡിയോ ചാനല്‍ തുടങ്ങിക്കുന്നത്. കല്ലായി എഫ്എമ്മിലെ പാട്ടുകള്‍ കേട്ടാണ് സിനിമ തുടങ്ങുന്നതും കല്ലായിക്കാരുടെ ദിവസം തുടങ്ങുന്നതും. സിലോണ്‍ ബാപ്പുവിനെ ബഹുമാനിക്കുന്നവരും ബാപ്പുവിന് അല്പം വട്ടുണ്ടെന്ന് കരുതുന്നവരുമുണ്ട് നാട്ടില്‍. റഫിയുടെ പാട്ടുകളുള്ള സിലോണ്‍ ചാനലിന്റെ ആരാധകനായതിനാലാണ് ബാപ്പുവിന് മുന്നില്‍ സിലോണ്‍ എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തി നല്‍കിയത്. ഇത് ഒരു അഭിമാനമായാണ് ബാപ്പു കാണുന്നതും.

ബാപ്പുവിന്റെ മകനായ റഫി മുഹമ്മദ് (ശ്രീനാഥ് ഭാസി) ഉപ്പയെപ്പോലെയല്ല. അവന് മുഹമ്മദ് റഫിയുടെ സംഗീതത്തേക്കാള്‍ താല്‍പര്യം പുതിയ കാലത്തെ പാട്ടുകളോടാണ്. കഴുത്തിലൊരു ഹെഡ്‌സെറ്റും തൂക്കി സ്വാഭാവിക സംഗീതത്തെ ഒപ്പിയെടുക്കാനുള്ള റഫിയുടെ ശ്രമങ്ങളില്‍ ബാപ്പുവിനും അത്ര താല്‍പര്യമില്ല. അവര്‍ക്കിടയിലെ  അസ്വാരസ്യങ്ങളും ഇതിലൂടെ കൂടുംബത്തിലുണ്ടാകുന്ന ചില്ലറ വഴക്കുകളുമൊക്കെയാണ് ചിത്രത്തിന്റെ ആദ്യ പകുതിയെ മുന്നോട്ട് നയിക്കുന്നത്. സിനിമയില്‍ അല്പമെങ്കിലും നര്‍മ്മം കൊണ്ടുവരാന്‍ ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്.  സിലോണ്‍ ബാപ്പുവിന്റെ ഭാര്യയായി കൃഷ്ണ പ്രഭയും മകളായി പാര്‍വതി രതീഷും വേഷമിടുന്നു. കൃഷ്ണപ്രഭ മോശമല്ലാത്ത അഭിനയം കഴ്ചവെച്ചപ്പോള്‍ പാര്‍വതി നിരാശപ്പെടുത്തി. 

സിനിമാ സംവിധായകനാവാന്‍ മോഹിച്ച് നടക്കുന്ന നടക്കുന്ന അബുവാണ് (അനീഷ് മേനോന്‍) ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. കൂട്ടുകാര്‍ക്കൊപ്പം എടുത്ത തന്റെ ആദ്യചിത്രം പാതിവഴിയില്‍ നിന്നുപോയതും അതിന്റെ കടങ്ങളില്‍ പെട്ട് കഷ്ടപ്പെടുകയും ചെയ്യുന്ന കഥാപാത്രമാണ് അബു. സിലോണ്‍ ബാപ്പുവിന്റെ മകളായ സേറയും അബുവുമായുള്ള പ്രണയും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. 

മുഹമ്മദ് റഫിയുടെ ആരാധകനായ സിലോണ്‍ ബാപ്പുവിന്റെ കഥ സിനിമയാക്കാനുള്ള അബുവിന്റെ ശ്രമങ്ങളും അതിനായുള്ള പരിശ്രമങ്ങളുമൊക്കെ ആദ്യ പകുതിയിലുണ്ട്. സിനിമ നിര്‍മ്മിക്കാനെത്തുന്ന ഗള്‍ഫുകാരനായി കലാഭവന്‍ ഷാജോണുമുണ്ട്. ഈ സിനിമക്ക് നേരിടുന്ന ചില വെല്ലുവിളികളാണ് കല്ലായി എഫ് എമ്മിന്റെ രണ്ടാം പകുതിയിലെ ട്വിസ്റ്റ്. മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് റഫിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

kallai fm

ബാപ്പുവിന്റെ ബാല്യവും കൗമാരവുമൊക്കെ സിനിമയില്‍ വിഷയമാകുന്നുണ്ട്. മുഹമ്മദ് റഫിയുടെ സംഗീതത്തോടുള്ള ബാപ്പുവിന്റെ ആരാധന പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ സംവിധായകന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും എവിടെയൊക്കയോ ഒരു അതിവസ്വഭാവികത യാദൃച്ഛികം മാത്രം. സിലോണ്‍ ബാപ്പു എന്ന കഥാപാത്രം ശ്രീനിവാസനില്‍ ഭദ്രമായിരുന്നു. എന്നാല്‍ മറ്റ് കഥാപാത്രങ്ങള്‍ ചിലപ്പോഴെങ്കിലും നിരാശപ്പെടുത്തും. കലയും കലാകാരനുമൊക്കെ കടന്നുപോകുന്ന കഷ്ടതകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. അതിനായി മാത്രം കഥയിലേക്ക് ചില കഥാപാത്രങ്ങളെ വലിച്ചിഴക്കുന്നുമുണ്ട്. ഇതൊക്കെ ഏച്ചുകൂട്ടിയപോലെ മുഴച്ചുനില്‍ക്കുന്നുമുണ്ട്.

വില്ലന്‍ ഏതൊരു സിനിമയുടെയും അഭിഭാജ്യ ഘടകമാണെന്ന് സംവിധായകന്‍ ചിന്തിച്ചതുകൊണ്ട് മാത്രം കല്ലായി എഫ്എമ്മിലും ഒരു വില്ലനുണ്ട്. എന്നാല്‍ കോട്ടയം നസീര്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിന് കൃത്യമായ തുടക്കമോ ഒടുക്കമോ ഇല്ല. മതങ്ങളുടെ വേലിക്കെട്ടുകളില്ലാത്ത പ്രണയം പരമാര്‍ശിക്കാനുള്ള സംവിധായകന്റെ ശ്രമവും അത്രകണ്ട് വിജയിച്ചിട്ടില്ല.

മുഹമ്മദ് റഫിയുടെ സംഗീതം വിഷയമാകുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ  രണ്ടു ഗാനങ്ങളും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് ഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്. ഈ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സുനീര്‍ ഹംസ എന്നിവരാണ്. ഗോപി സുന്ദറാണ്  സംഗീതം. എടുത്തു പറയത്തക്ക സവിശേഷതകളൊന്നും സാജന്‍ കളത്തിലിന്റെ ഛായാഗ്രഹണത്തിലില്ല.  

'തീക്കുളിക്കും പച്ചൈമരം' എന്ന ആദ്യ തമിഴ്ചിത്രത്തിലൂടെ സിനിമാ മേഖലയിലെത്തിയ വിനീഷ് മില്ലേനിയമാണ്  കല്ലായി എഫ്എം ഒരുക്കിയിരിക്കുന്നത്.  റഫി സംഗീതത്തിനോടുള്ള പ്രണയമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നതിനാല്‍ റഫി ആരാധകര്‍ക്ക് ഒരുപക്ഷേ, കല്ലായി എഫ്എം ആസ്വദിക്കാന്‍ സാധിച്ചേക്കും.