ല, വിപ്ലവം, പ്രണയം ഒറ്റയ്ക്കും ഒന്നിച്ചും സിനിമ ഏറെ കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളാണിവ. ഒരു സംഘം ചെറുപ്പക്കാരുടെ കഥ പറയുന്ന 'കല, വിപ്ലവം, പ്രണയം' എന്ന ചിത്രത്തില്‍ കലയും വിപ്ലവവുമല്ല പ്രണയമാണ് കാര്യമായിട്ടുള്ളത്. ദിശാബോധമില്ലാതെ പോയ ആദ്യപകുതിയും ഭേദപ്പെട്ട രണ്ടാംപകുതിയും ചേരുന്നതാണ് ജിതിന്‍ ജിത്തുവിന്റെ ആദ്യ സംവിധാന സംരംഭം.

ആന്‍സന്‍ പോള്‍, വിനോദ് വിശ്വം, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ആന്‍സന്‍ പോള്‍ അവതരിപ്പിക്കുന്ന ജയന്റെ ജോടിയായി ഗായത്രി സുരേഷും (ഗ്രീഷ്മ) വിനീത് വിശ്വന്റെ (നന്ദന്‍) കാമുകിയായ ഐച്ചുമ്മയായി നിരഞ്ജനയുമെത്തുന്നു. ഇവരുടെ പ്രണയവും പ്രശ്‌നങ്ങളുമാണ് 'കല, വിപ്ലവം, പ്രണയം' എന്ന ചിത്രം പറയുന്നത്.

കെട്ടുറപ്പില്ലാതെ പോയ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ. കമ്മ്യൂണിസവും വിപ്ലവമെന്ന് ടൈറ്റിലില്‍ വിശേഷിപ്പിക്കുന്ന പരാക്രമങ്ങളും കുത്തിത്തിരുകാനുള്ള രചയിതാവിന്റെ ശ്രമങ്ങള്‍ ആദ്യപകുതിയെ നീണ്ട പകുതിയാക്കി മാറ്റി. കോളേജില്‍ കയറി അടിയുണ്ടാക്കുന്നതും മാലിന്യശാലയ്‌ക്കെതിരെ പന്തല്‍ കെട്ടി നാല് മുദ്രാവാക്യം വിളിക്കുന്നതുമാണ് സിനിമയിലെ വിപ്ലവം. 'കല' എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് ചിത്രം അവസാനിച്ചിട്ടും മനസിലായിട്ടില്ല.

പാര്‍ട്ടിയധിഷ്ഠിതമോ വ്യക്തിയധിഷ്ഠിതമോ ആയ നിലപാടല്ല ആശയദൃഢതയാണ് വേണ്ടതെന്ന പോസറ്റീവ് ചിന്തയൊക്കെ ചിത്രം മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും തോപ്പില്‍ ഭാസിയുടെ ഒളിവിലെ ജീവിതവും ചെഗുവേരയുടെ വിപ്ലവവുമൊക്കെ കഥാസന്ദര്‍ഭങ്ങളോട് കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍ വികലമായിപ്പോയി. സിനിമയുടെ പുരോഗതിയില്‍ യാതൊരു പങ്കുമില്ലാത്ത പല രംഗങ്ങളും എന്തിനെന്ന് പോലും പ്രേക്ഷകന്‍ സംശയിച്ചുപോകും. അങ്ങിങ്ങുള്ള തരക്കേടില്ലാത്ത നര്‍മരംഗങ്ങളും ചില നാട്ടിന്‍പുറക്കാഴ്ചകളുമാണ് ആദ്യ പകുതിയില്‍ പ്രേക്ഷകന് ആശ്വാസമായുള്ളത്.

എന്നാല്‍, നീട്ടിപ്പരത്തി എങ്ങോട്ടെന്നറിയാതെ പോയ ആദ്യപകുതി കണ്ട പ്രേക്ഷകന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്തതാണ് 'കല, വിപ്ലവം, പ്രണയ'ത്തിന്റെ രണ്ടാംപകുതി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തില്‍ പെട്ടെന്നുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവയുടെ വികാസവും രണ്ടാംപകുതിയെ ചടുലമാക്കുന്നു.

അനാവശ്യ രംഗങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന രണ്ടാംപകുതി പ്രേക്ഷനെ ഒരു ത്രില്ലര്‍ മൂഡിലേക്ക് വരെ കൊണ്ടുപോകുന്നുണ്ട്. രണ്ടാംപകുതിയിലെ ട്വിസ്റ്റുകള്‍ പ്രേക്ഷകനെ അമ്പരപ്പിച്ചേക്കില്ലെങ്കിലും കഥപറച്ചിലിനെ ഉത്തേജിപ്പിക്കാന്‍ അവയ്ക്കാകുന്നുണ്ട്. നവാഗത സംവിധായകനായ ജിതിന്‍ ജിത്തു പ്രതീക്ഷ നല്‍കുന്നതിവിടെയാണ്.

'ആട് 2'ലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം നായകനായെത്തുന്ന ആന്‍സന്‍ പോള്‍ ആശാവഹമായ പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും കൈയടക്കം കൊണ്ടും ആന്‍സണ്‍ മികച്ചുനിന്നു. മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന വിനീത് വിശ്വന്‍ തുടക്കക്കാരനെന്ന നിലയില്‍ മോശമാക്കിയില്ലെങ്കിലും ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. ചിത്രത്തിലെ നായികമാരായെത്തിയ ഗായത്രിയും നിരഞ്ജനയും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സൈജുവും ബിജുക്കുട്ടനും അവരവരുടെ കഥാപാത്രത്തോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

സന്തോഷ് കീഴാറ്റൂര്‍ തന്റെ സഖാവ് രവിയെന്ന കഥാപാത്രം ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ കഥാപാത്രത്തിന്റെ സാംഗത്യം തന്നെ ചോദ്യംചെയ്യുന്ന തരത്തിലാണ് കഥയുടെ പോക്ക്. ക്യാരക്ടര്‍ വേഷമെന്ന് തോന്നിച്ച ഇന്ദ്രന്‍സിന്റെ അച്ഛന്‍ കഥാപാത്രത്തിനും അറ്റമില്ലാതെപോയി. അലന്‍സിയറിനും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല.

ചിത്രത്തില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം, അതിലെ ഗാനങ്ങളാണ്. അതുല്‍ ആനന്ദിന്റെ സംഗീതം നിലവാരം പുലര്‍ത്തുന്നതായി. അതേസമയം, സംഘട്ടന രംഗങ്ങളൊഴിച്ചാല്‍ അനീഷ് ലാലിന്റെ ഛായാഗ്രഹണം ശരാശരിയിലൊതുങ്ങി.

Content Highlights: KalaViplavamPranayam Movie Review Malayalam Movie