ഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലിസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്ത ടൊവിനോ ചിത്രം തീര്‍ത്തും പുതിയ ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ആദ്യ രണ്ട് ചിത്രങ്ങള്‍ പരീക്ഷണസ്വഭാവത്തില്‍ ഊന്നിയുള്ളതായിരുന്നെങ്കില്‍ ഇത്തവണ സംവിധായകന്‍ ആ വഴിയില്‍നിന്ന് മാറി ത്രില്ലര്‍ മൂഡിലുള്ള കഥപറച്ചില്‍ രീതിക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കുടുംബപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പ്രതികാരകഥയാണ് ചിത്രത്തിന്റേത്. അച്ഛനും മകനും അയാളുടെ ഭാര്യയും ചെറിയ കുട്ടിയും അവരുടെ വളര്‍ത്തുനായയും അടങ്ങുന്ന കുടുംബത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ടൊവിനോ അവതരിപ്പിക്കുന്ന ഷാജി എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആദ്യാവസാനം വരെയും കഥയുടെ സ്വാഭാവികമായ ഒഴുക്കിനും കഥപറച്ചില്‍രീതിക്കും പരിക്കു പറ്റാതെ കൊണ്ടുപോകാനുള്ള സംവിധായകന്റെ ശ്രമം ഇവിടെയും വിജയിച്ചിരിക്കുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ ആഴവും അതിന്റെ നഷ്ടം മനുഷ്യനെ പ്രതികാരത്തിലേക്ക്  നയിക്കുന്നതു എത്രത്തോളം ഭയാനകമാണെന്ന് കാണിച്ചുതരുന്ന ചിത്രം കൂടിയാണ് കള. 

ടൊവിനോയുടെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഇരട്ടസ്വഭാവം പ്രകടിപ്പിക്കുന്ന, നെഗറ്റീവ് ഛായയുള്ള  ഷാജി എന്ന കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. ഒപ്പം തന്നെ ലാലിന്റെ കാര്‍ക്കശ്യ സ്വഭാവമുള്ള അച്ഛന്‍ കഥാപാത്രവും ഏറെ മികച്ചുനിന്നു. ഭാര്യാവേഷത്തിലെത്തിയ ദിവ്യ പിള്ള തന്റെ വേഷം വേറിട്ടതാക്കി.

Read More...എന്തുകൊണ്ട് കളയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റ്, രോഹിത് പറയുന്നു

ഭയവും ആകാംക്ഷയുമാണ് ആദ്യപകുതിയെ നയിക്കുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ പ്രതികാരത്തിന്റെ കൊട്ടിക്കലാശമാണ് ചിത്രം. റിയലിസ്റ്റിക് രീതിയിലുള്ള സംഘട്ടനരംഗങ്ങള്‍ മികച്ചതാക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ കൈയ്യടിനേടുന്നു. പ്രകൃതിയേയും മാറിമറിയുന്ന മനുഷ്യഭാവങ്ങളെയും ഒപ്പിയെടുക്കുന്നതില്‍ അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണമികവ് വിജയം കണ്ടിരിക്കുന്നു. ഡോണ്‍ വിന്‍സെന്റിന്റെ ശബ്ദമികവ് സിനിമയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായകമാകുന്നു. സംവിധാനമികവും ഉദ്വേഗം നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളും കൊണ്ട് കള കൈയടി നേടുന്നു.

Content highlights : kala malayalam movie review starring tovino thomas