പേരിലെ കൗതുകം കൊണ്ട് തിയ്യറ്ററുകളിലെത്തുന്നതിന് മുന്‍പ് തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് സനിലേഷ് ശിവന്റെ തിരക്കഥയിന്‍ നവാഗതനായ ദിന്‍ജിത് അയ്യത്താന്‍ ഒരുക്കിയ കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായി പുറത്തിറങ്ങിയ ചിത്രത്തിലെ നായികാ ഫറ ഷിബ്​ല സിനിമയ്ക്കായി ശരീരഭാരം കൂട്ടിയതും പിന്നെ കുറച്ചതുമെല്ലാം ചര്‍ച്ചയായിരുന്നു.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആസിഫ് അലിയുടെ വക്കീല്‍ കഥാപാത്രമായ പ്രദീപന്‍ മഞ്ഞോടിയുടെ അടുത്ത് വിവാഹമോചനം ആവശ്യപ്പെട്ട് എത്തുന്ന കക്ഷി, അമ്മിണി പിള്ള എന്ന ഷജിത് കുമാറിനെയും ഭാര്യ കാന്തി ശിവദാസിനെയും ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ കഥയാണ് ചിത്രം പറയുന്നത്. ജനിച്ച അന്ന് മുതല്‍ വീട്ടുകാരുടെ ചിട്ടപ്പടി വളര്‍ന്ന അമ്മിണി പിള്ളയുടെ വിവാഹവും വീട്ടുകാരുടെ മാത്രം താല്‍പര്യത്തില്‍ നടന്നതാണ്. തന്റെ സ്വപ്നങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും ഒരു തരത്തിലും ചേരാത്ത 'തടിച്ചിയായ', 'തീറ്റ പ്രാന്തിയായ', 'കൂര്‍ക്കം വലിക്കാരി'യായ ഭാര്യയില്‍ നിന്നുള്ള മോചനം മാത്രമാണ് അയാളുടെ ആവശ്യം. ഇതിനായി പ്രദീപ് മഞ്ഞോടിയും ഇയാളും ചേര്‍ന്ന് നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്.

സമൂഹത്തില്‍ ഏറി വരുന്ന വിവാഹമോചനങ്ങളേയും അതിന് പുറകിലെ കാരണങ്ങളെയും ദാമ്പത്യത്തിലെ ഇഴയടുപ്പങ്ങളെയും രസകരമായ രീതിയില്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. 

രാഷ്ട്രീയ മോഹിയായ, വക്കീല്‍ പ്രദീപന്‍ മഞ്ഞോടി ആസിഫ് അലിയുടെ കയ്യില്‍ ഭദ്രമായിരുന്നു. തൊഴില്‍ രഹിതനായ, അലസന്‍ ചെറുപ്പക്കാരനില്‍ നിന്നുമുള്ള ആസിഫ് അലിയുടെ മോചനമാണ് ഈ ചിത്രം. അഹമ്മദ് സിദ്ധിഖിയാണ് അമ്മിണി പിള്ളയായി എത്തുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ കെ.ടി മിറാഷിനെ ഇന്നും ഓര്‍ക്കുന്നവര്‍ അമ്മിണിപ്പിള്ളയെയും ഇനി ഓര്‍മിക്കും. കാന്തി ശിവദാസ് ആയി എത്തിയ ഫറ ഷിബ്ലയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി. സമൂഹത്തില്‍ നില നില്‍ക്കുന്ന ബോഡി ഷെയ്മിങ്ങിന് ചെവികൊടുക്കാത്ത, താനെന്താണോ അതില്‍ സന്തോഷം കണ്ടെത്തുന്ന കാന്തി, ശാരീരികമായ എന്തെങ്കിലും അസ്വാഭാവികതകള്‍ കൊണ്ട് അപകര്‍ഷതാബോധം അമുഭവിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്നവളാണ്.

മറ്റു കഥാപാത്രങ്ങളായെത്തിയ ബേസില്‍ ജോസ്ഫ്, അശ്വതി മനോഹര്‍, സുധീഷ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, ശ്രീകാന്ത് മുരളി, ലുക്മാന്‍ ലുക്കു, സരസ ബാലുശേരി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. തലശേരിയാണ് കഥയുടെ ഭൂമിക. അതുകൊണ്ടു തന്നെ തനി തലശേരി ഭാഷയിലുള്ള സംഭാഷണങ്ങളും ഹൃദ്യമായ ഗാനങ്ങളും ചിത്രത്തെ ആസ്വാദ്യകരമാകുന്നു. 

Content Highlights : Kakshi Ammini Pilla Movie Review Asif Ali Ahmed Sidhique Fara Shibla Basil Joseph