രു പക്കാ ഗ്യാങ്സ്റ്റര്‍ മൂവി. അതിലപ്പുറം പ്രമേയത്തില്‍ പ്രത്യേകതകളൊന്നുമില്ലാത്ത സിനിമ. പക്ഷേ, ട്രീറ്റ്‌മെന്റ് വ്യത്യസ്തമാക്കി ലോകേഷ് കനകരാജ് 'കൈദി'യെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് മാസ് ത്രില്ലിങ് ലെവലിലാണ്. സിനിമ കാണുന്നതിനിടെ മറ്റൊരിടത്തേക്കും വഴുതിപ്പോകാതെ പ്രേക്ഷകമനസിനെ രണ്ടര മണിക്കൂര്‍ കൈദിയാക്കാന്‍ (തടവിലാക്കാൻ) സംവിധായകന് കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം. ഇഴച്ചിലോ മടുപ്പോ  സെക്കന്‍ഡിന്റെ ഇടവേളയില്‍ പോലും തോന്നിക്കാതെ ഹെവി ഫീല്‍ തരുന്ന സിനിമയാണ് കൈദി. 

നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്‌മെന്റ് അഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതരപ്രശ്‌നത്തില്‍ പത്ത് കൊല്ലത്തെ ജയില്‍വാസം കഴിഞ്ഞ് മോചിതനാവുന്ന ദിവസം തന്നെ അവിചാരിതമായി ഇടപെടേണ്ടി വരുന്ന നായകന്‍ ദില്ലി, നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ടീം ഹെഡ് ബിജോയ്, ഇവര്‍ക്കൊപ്പം ചേരേണ്ടി വരുന്ന കാമാക്ഷിയെന്ന ചെറുപ്പക്കാരന്‍, ഇവര്‍ ഒരു രാത്രി നേരിടുന്ന അപകടങ്ങള്‍, അതിജീവിക്കല്‍, അനുബന്ധിതമായ മറ്റ് സംഭവവികാസങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് കൈദിയുടെ കഥ. ലോകേഷിന്റെ എക്‌സാജെറേറ്റഡ് ട്രീറ്റ്‌മെന്റ് നിശ്ചിതമായ അതിര്‍വരമ്പില്‍ ഒതുക്കി നിര്‍ത്താനായത് സംവിധായക മികവ് തന്നെ. 

കാര്‍ത്തിയുടെ കരിയറിലെ മികച്ച കഥാപാത്രമാണ് ദില്ലി. ആക്ഷന്‍ രംഗങ്ങളിലെ മികച്ച പ്രകടനത്തോടൊപ്പം സ്വന്തം കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കാത്ത, മകളെ കാണാന്‍ കാത്തിരിക്കുന്ന ഒരച്ഛന്റെ ധര്‍മസങ്കടത്തേയും കാര്‍ത്തി അഭിനയിച്ചു ഫലിപ്പിച്ചു. പോലീസുദ്യോഗസ്ഥനായെത്തിയ നരെയ്ന്‍ ഒതുക്കമുള്ള അഭിനയത്തിലൂടെ കഥാപാത്രത്തോട് ചേര്‍ന്നു നിന്നു. അന്‍പായെത്തിയ അര്‍ജുന്‍ ദാസും കാമാക്ഷിയായെത്തിയ ധീനയും നെപ്പോളിയന്‍ എന്ന പോലീസ് കോണ്‍സ്റ്റബിളായെത്തിയ ജോര്‍ജ് മരിയനും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. 

'കൈദി'യുടെ ഹൈലൈറ്റ് അതിലെ ആക്ഷന്‍രംഗങ്ങളാണ്. ഒരു പടി മുന്നില്‍ തന്നെ നില്‍ക്കുന്ന, ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫറായ അനല്‍ അരശാണ്. ചെന്നൈ, തിരുനല്‍വേലി ഭാഗങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ക്യാമറയ്ക്ക് പിന്നില്‍ സത്യന്‍ സൂര്യനും എഡിറ്റിങ് നിര്‍വഹിച്ചത് ഫിലോമിന്‍ രാജുമാണ്. സിനിമോട്ടോഗ്രാഫിയും എഡിറ്റിങ്ങും സിനിമയുടെ മികവിനൊപ്പം എടുത്തു പറയേണ്ട സംഗതികളാണ്. 

നായികയില്ലാത്ത തമിഴ് സിനിമ, ഒരു ഗ്യാങ്‌സ്റ്റര്‍ മൂവിയ്ക്ക് നായിക ആവശ്യമില്ലെന്നതാണ് പൊതുവെയുള്ള സിനിമാസങ്കല്‍പം. എങ്കിലും ഗ്ലാമറിനെങ്കിലും ഒരു നായിക പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാവാത്ത  പതിവാണ്. എന്നാല്‍ ഗ്ലാമറും ഒപ്പം ഗാനവും ഒഴിവാക്കി കൈദി വ്യത്യസ്തമായി. ഗാനമില്ലെങ്കിലും സിനിമയുടെ പശ്ചാത്തലസംഗീതം സാം സി എസ് എക്‌സ്ട്രാ ഓര്‍ഡിനറിയാക്കി. സിനിമ കാഴ്ചയാണെങ്കിലും അതിന് ചേരുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകഹൃദയങ്ങളെ എത്രത്തോളം സ്വാധീനിക്കുമെന്നതിന് കൈദിയും ഒരു ഉദാഹരണമായി. 

കണ്ടു മറന്ന, നിരവധി സിനിമകള്‍ക്ക് വിഷയമായ ഡ്രഗ് മാഫിയ, ഗുണ്ടാഗ്യാങ്ങുകള്‍ എന്നിവ തന്നെയാണ് സിനിമ കൈകാര്യം ചെയ്തതെങ്കിലും ആവര്‍ത്തനവിരസമായി തോന്നാത്തിടത്താണ് കൈദിയുടെ വിജയം. അതിമാനുഷനായ നായകനും അവിശ്വസനീയത തോന്നിപ്പിക്കുന്ന നായകന്റെ ചലനങ്ങളും അതിശയോക്തി ജനിപ്പിക്കാമെങ്കിലും ആത്യന്തികമായി അനീതിയോട് പോരാടുന്ന, അക്രമങ്ങളെ എതിര്‍ത്ത് തോല്‍പിക്കുന്ന നായകനോട് നമുക്ക് ആരാധനയാണ്. ആ ആരാധന പരമാവധി മുതലാക്കിയെങ്കിലും സംവിധായകനെന്ന നിലയില്‍ ലോകേഷ് 'കൈദി'യെ ഒരിടത്തും ഓവറാക്കിയില്ല.

Content Highlights: Kaithi Movie Review , Kaithi Tamil Movie, Karthi, Narain, Lokesh Kanagaraj, Sam C S