രു ചെറിയ ചായക്കടയില്‍ ചായ കുടിക്കാന്‍ പോയാല്‍ അവിടെ എഴുതി വെച്ചിട്ടുണ്ടാകും 'ഇവിടെ കടം പറയരുത്' എന്ന്. കടം പറഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴൊ നമ്മള്‍ കടം വാങ്ങിച്ചയാള്‍ വന്ന് ഭീഷണിപ്പെടുത്തമ്പോഴോ അത് ഓരോരുത്തരിലുമുണ്ടാക്കുന്ന നാണക്കേട് ചെറുതല്ല. ഇങ്ങനെ കടത്തിന്റെ കഥയുമായെത്തുന്ന ചിത്രമാണ് നവാഗതനായ സെന്തില്‍ രാജന്റെ കടം കഥ. 

എന്റെ കൈയില്‍ പൂത്ത പണമുണ്ടെന്ന് പറയുന്നതു പോലെ പൂത്ത കടമുണ്ടെന്ന് പറയേണ്ടി വരുന്ന ഗിരി, ക്ലീറ്റസ് എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് കടം കഥ. റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസിലെ ഉണ്ണിക്കൃഷ്ണനെപ്പോലെ കച്ചവടം ചെയ്ത് കുത്തുപാളയെടുത്ത് കടത്തില്‍ മുങ്ങിപ്പോയവരാണ് ഗിരിയും ക്ലീറ്റസും. കടക്കാരെ പേടിച്ച് ഒളിച്ചു നടക്കാതെ പകരം കൈയില്‍ കാശുണ്ടാകുമ്പോള്‍ തിരിച്ചടക്കുമെന്ന് പറയുന്ന കഥാപാത്രങ്ങളാണ് എന്ന വ്യത്യാസം മാത്രം. 

ചിത്രം തുടങ്ങുമ്പോള്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച ക്ലീറ്റസും വിനയ് ഫോര്‍ട്ടിന്റെ ഗിരിയും രണ്ട് വ്യത്യസ്ത കഥാപശ്ചാത്തലത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ടു പേരും രണ്ടു വഴിയിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ ഒരു ഘട്ടത്തില്‍ ഒരുമിച്ചൊരു വഴിയിലെത്തുന്നു. ആ വഴിയിലേക്ക് അവരെ എത്തിക്കുന്നത് ഇരുവര്‍ക്കുമുള്ള കടങ്ങളുടെ കണക്കുതന്നെയാണ്. തുടര്‍ന്ന് ഈ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരുവരും നടത്തുന്ന പെടാപാടുകളുമായാണ് ചിത്രം പുരോഗമിക്കുന്നത്.

രാമന്റെ ഏദന്‍ തോട്ടത്തിന് ശേഷം ജോജുവിന്റെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് ക്ലീറ്റസ്. ജീവിതത്തില്‍ എത്രത്തോളം പ്രശ്‌നങ്ങള്‍ ക്ലീറ്റസ് എന്ന കഥാപാത്രം നേരിടുന്നുണ്ടെന്ന് അയാളുടെ മുഖത്ത് നിന്നും വേഷത്തിൽ നിന്നും വായിച്ചെടുക്കാം. ഇടക്കിടെ അയഞ്ഞ പാന്റ് അയാള്‍ മുകളിലേക്ക് വലിച്ചു കയറ്റുന്നുണ്ട്. ക്ലീറ്റസിന്റെ മേല്‍നോട്ടത്തിലുള്ള വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരായി മണികണ്ഠനും അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസുമെത്തുന്നു. ഇരുവരും അവതരിപ്പിക്കുന്ന തമ്പിയണ്ണനും ജോസ്‌മോനും തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നതാണ്. അതോടൊപ്പം ലോട്ടറി വില്‍പനക്കാരനായ കഥാപാത്രം ഹരീഷ് പെരുമണ്ണയും ഗംഭീരമാക്കിയിട്ടുണ്ട്. 

kadma katha

ലക്ഷക്കണക്കിന് രൂപയുടെ കടമുണ്ടാകുമ്പോള്‍ അത് കുടുംബത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗിരിയുടെ ജീവിതത്തിലൂടെ സംവിധായകന്‍ പറയുന്നുണ്ട്. ഗിരിയുടെ ഭാര്യയായി എത്തുന്ന സ്രിന്ദ അര്‍ഹാന്‍ ഭര്‍ത്താവിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പെരുമാറുന്ന സ്ത്രീയാണ്.

ഗിരിയുടെയും ക്ലീറ്റസിന്റെയും പ്രശ്‌നങ്ങളിലേക്ക് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രമെത്തുന്നതോടെ് കഥയുടെ ട്രാക്ക് മാറുന്നു. ഇരുവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴിയുമായാണ് ശ്രീകുമാര്‍ എത്തുന്നത്. ശ്രീകുമാറിലൂടെ റോഷന്‍ മാത്യുവിന്റെ റേഡിയോ ജോക്കി കഥാപാത്രവും ശ്രീകുമാറിന്റെ മകളായി അഭിനയിക്കുന്ന വീണ നന്ദകുമാറും ക്ലീറ്റസിന്റെയും ഗിരിയുടെയും ജീവിതത്തിന്റെ ഭാഗമാകുന്നു. ശ്രീകുമാര്‍ മുന്നോട്ടുവെയ്ക്കുന്ന ആ വഴിയിലൂടെ സഞ്ചരിക്കുന്ന ക്ലീറ്റസും ഗിരിയും ഒടുവില്‍ എവിടെ എത്തിച്ചേരുന്നു എന്നതാണ് ചിത്രം പിന്നീട് പറയുന്നത്. ജീവിതത്തില്‍ പണത്തേക്കാള്‍ വലുത് മനസമാധാനം തന്നെയാണ് എന്ന ശരി ചിത്രം പ്രേക്ഷനോട് പങ്കുവെയ്ക്കുന്നു. 

ദീപാങ്കുരന്‍ സംഗീതം പകര്‍ന്ന മൂന്നു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ദിവ്യയും നിരഞ്ജ് സുരേഷും ജാസി ഗിഫ്റ്റുമാണ് ഗായകര്‍. ഫിലിപ്പ് സിജിയുടെ കഥയും തിരക്കഥയും ഫൈസല്‍ അലിയുടെ ഛായാഗ്രഹണവും ഒരു കുഞ്ഞു ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.