റിയാതെ ചെയ്യുന്ന തെറ്റുകൾ നിരവധിയുണ്ടാവാറുണ്ട് നമ്മുടെ ജീവിതത്തിൽ. പക്ഷേ ചെയ്യുന്നത് തെറ്റാണെന്ന ഉത്തമബോധ്യവും എന്നാൽ അതിന്റെ വരുംവരായ്കകളേക്കുറിച്ച് ചിന്തിക്കാതെയുമിരുന്നാൽ? അലന്റെ ജീവിതത്തിൽ സംഭവിച്ചതും അങ്ങനെയൊന്നായിരുന്നു. മനസിന്റെ ഒരുനിമിഷത്തെ ചാഞ്ചല്യം കൊണ്ട് ആ ചെറുപ്പക്കാരന് നഷ്ടമായത് സ്വന്തം ജീവിതമായിരുന്നു. അതിൽ നിന്ന് അയാൾക്കൊരു മോചനമുണ്ടാവുമോ? ചെയ്ത തെറ്റ് തിരിച്ചറിയുമോ? ഇത്തരം നിരവധി ചോദ്യങ്ങളാണ് ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി മനു അശോകൻ സംവിധാനം ചെയ്ത കാണെക്കാണെ.

മുഴുനീള കുടുംബചിത്രമാണെങ്കിലും ഇടയ്ക്ക് ത്രില്ലർ സ്വഭാവത്തിലേക്ക് ചെറുതായി ​ഗിയർ മാറ്റുന്നുണ്ട് ചിത്രം. വളരെ ചെറിയ ഒരു കഥയെ വിശാലമായി അവതരിപ്പിക്കുന്ന പതിവ് രീതി തന്നെയാണ് ബോബി-സഞ്ജയ് ടീം കാണെക്കാണെയിലും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞചിത്രമായ വണ്ണിൽ പാളിപ്പോയ കയ്യടക്കം പക്ഷേ ഇവിടെ തിരിച്ചുവന്നിട്ടുണ്ട്, വിജയിച്ചിട്ടുണ്ട്. വിഷയാവതരണത്തിൽ ഉയരേയിൽ കണ്ട അതേ ആത്മവിശ്വാസം നിലനിർത്തിക്കൊണ്ടുള്ള സംവിധാനമികവ്, മനു അശോകൻ കാണെക്കാണെയിലും ആവർത്തിച്ചിരിക്കുന്നു. 

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായിയായി നിറഞ്ഞാടുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ഒരു സംവിധായകനും രണ്ട് രചയിതാക്കളും അവരുടെ ഇഷ്ടനടനെ കയറൂരി വിട്ടാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉത്തമസാക്ഷ്യമാണ് സുരാജിന്റെ പ്രകടനം. സംഭാഷണങ്ങൾ പോലുമില്ലാത്ത രം​ഗങ്ങളിൽപ്പോലും ഈ പ്രകടനമികവ് കാണാനാവും. പോളിന്റെ സങ്കടവും നിരാശയും പകയും വാശിയുമെല്ലാം പ്രേക്ഷകനിലും അതേ അളവിൽ പ്രതിഫലിക്കും. കുറ്റബോധത്തിൽ നീറി ജീവിക്കുന്ന അലൻ ടോവിനോയുടെ കയ്യിൽ ഭദ്രമായിരുന്നു. സ്നേഹയായെത്തിയ ഐശ്വര്യലക്ഷ്മിക്കും ചെയ്യാനേറെയുണ്ടായിരുന്നു. അധികം രം​ഗങ്ങളിൽ ഇല്ലെങ്കിലും മുഴുനീള സാന്നിധ്യമായുണ്ട് ശ്രുതി രാമചന്ദ്രന്റെ ഷെറിൻ. ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും ശ്രുതി അവതരിപ്പിക്കുന്ന ഷെറിൻ എന്ന കഥാപാത്രത്തിലാണെന്നും പറയാം.

അണിയറയിൽ പ്രവർത്തിച്ചവരിൽ സം​ഗീതസംവിധായകൻ രഞ്ജിൻ രാജിനെ പരാമർശിക്കാതെ മുന്നോട്ടുപോവുന്നത് ശരിയല്ല. സം​ഗീതസംവിധായകനെന്ന നിലയിൽ ഏറെ ദൂരം മുന്നോട്ടുപോയിട്ടുണ്ട് രഞ്ജിൻ. കഥാപാത്രങ്ങളും സന്ദർഭങ്ങളും തീർക്കുന്ന പിരിമുറുക്കം കാണുന്നവരിലേക്ക് കൂടി പകരാൻ രഞ്ജിനായിട്ടുണ്ട്. അതും അണുകിട അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിക്കാതെ. അനാവശ്യമെന്ന് ചൂണ്ടിക്കാട്ടാൻ ഒരു രം​ഗം പോലും ചിത്രത്തിലില്ല. ​രണ്ട് ​ഗാനങ്ങൾ ഉള്ളതുപോലും അത്രയും അത്യാവശ്യമെന്ന് തോന്നുന്ന സന്ദർഭത്തിൽ മാത്രം. എന്തായാലും മലയാളസിനിമയിൽ രണ്ടേ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മനു അശോകൻ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഉയരേക്കൊപ്പമോ അതിന് മുകളിലോ വെയ്ക്കാവുന്ന ചിത്രം തന്നെയാണ് കാണെക്കാണെ.