ജോസഫ് ഒരു ധൈര്യത്തിന്റെ പേരാണ്, സംവിധായകന്‍ എം. പത്മകുമാറിന്റെയും ഒരു റിട്ട. പോലീസ് ഓഫീസറുടെയും.  തുടര്‍ പരാജയങ്ങളില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന പത്മകുമാര്‍, സഹനടനായും വില്ലനായും തിളങ്ങിയിട്ടുള്ള ജോജു ജോര്‍ജിനെ നായകനാക്കി ധൈര്യം കാണിച്ച ജോസഫ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ഡീസന്റ് ത്രില്ലറാണ്. 
 
സമര്‍ഥനായ കുറ്റാന്വേഷകനായിരുന്ന, ഏകാകിയായ വിരമിച്ച ഒരു പോലീസ് ഓഫീസറുടെ സ്വകാര്യജീവിതം എന്ന നിലയിലാണ് സിനിമ തുടങ്ങുന്നത്. എന്നാല്‍ വളരെ സ്വഭാവികമായി അത് ഒരു കുറ്റാന്വേഷണകഥയായി വികസിക്കുകയും നമുക്കരികില്‍ തന്നെയുള്ള ഒരു സംഘടിത ക്രൈം സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തി അവസാനിക്കുകയും ചെയ്യുന്ന ത്രില്ലര്‍. തുടക്കംമുതല്‍ ഒടുക്കംവരെ ഒട്ടുമിക്ക ഫ്രെയിമുകളിലും നിറഞ്ഞുനില്‍ക്കുന്ന ജോജു ജോര്‍ജിന്റെ ക്ലാസ് പ്രകടനമാണ് സിനിമയുടെ കരുത്ത്. ഒപ്പം വിഷയത്തില്‍ നിന്ന് അണുവിടപോലും ഫോക്കസ് മാറാതെ കൃത്യമായ അവതരണവും. 
 
കെട്ടിലും മട്ടിലും പക്കാ സീരിയസ് സിനിമയാണ് ജോസഫ്. റിട്ടയേഡാണെങ്കിലും ജോസഫ് കുറ്റന്വേഷണത്തില്‍ അതിവിദഗ്ധനാണെന്ന് സ്ഥാപിക്കുന്ന സീക്വന്‍സോടെയാണ് സിനിമ തുടങ്ങുന്നത്. മദ്യപിച്ചും കഞ്ചാവ് വലിച്ചും ഒറ്റയ്ക്കൊരു വീട്ടില്‍ ജീവിക്കുന്ന ജോസഫിന്റെ ഓര്‍മകളിലും സുഹൃത്തുക്കളുമായുള്ള മദ്യപാനരംഗങ്ങളിലൂടെയുമാണ് സിനിമ നീങ്ങുന്നത്. എന്നാല്‍ ക്രൈം മിക്ക രംഗങ്ങളുടെയും തുടര്‍ച്ചയാകുന്നുണ്ട്. സിനിമയ്ക്ക് ഒരു ത്രില്ലര്‍ മൂഡ് തുടക്കംമുതല്‍ നിലനില്‍ക്കുന്നുണ്ട്. മകളും ഭാര്യയും അയാള്‍ക്കൊപ്പമില്ല എന്നുമാത്രമാണ് തുടക്കത്തില്‍ മനസ്സിലാകുന്നത്.
 
ഒരു സാധാരണ കുറ്റാന്വേഷണ സിനിമയായി മാറേണ്ട പ്രമേയമാണ് സിനിമയുടേത്. പക്ഷേ, അതൊരു വിരമിച്ച പോലീസ് ഓഫീസറുടെ സ്വകാര്യജീവിതവുമായി ഔചിത്യത്തോടെ കൂട്ടിയിണക്കി ഫാമിലി ക്രൈം എന്ന തരത്തില്‍ വേര്‍തിരിച്ചുകാണാനാവാത്ത തരത്തില്‍ അവതരിപ്പിച്ചു എന്നതാണ് ഷാഹി കബീര്‍ എഴുതിയ തിരക്കഥയുടെ കരുത്ത്. രണ്ടേകാല്‍ മണിക്കൂറുള്ള സിനിമയുടെ അവസാനപാദത്തില്‍ മാത്രമാണ് പൂര്‍ണമായ കുറ്റാന്വേഷണകഥയായി ജോസഫ് മാറുന്നത്. മേല്‍പ്പറഞ്ഞ ആ ക്രൈം സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള വിശദീകരണവും എല്ലാ തിടുക്കത്തില്‍ അവതരിപ്പിക്കപ്പെടുന്നു. ഇത് എത്രമാത്രം ദഹിക്കുമെന്ന് കണ്ടറിയണം. അന്വേഷണരീതികള്‍ പലതും അവിശ്വസനീയവും അതിശയോക്തി കലര്‍ന്നതും അസ്വഭാവികവുമാണെന്ന് തോന്നാം.
 
 
ചെയ്യുന്നത് ഹാസ്യവേഷമായാലും വില്ലനായാലും ക്യാരക്ടര്‍ റോളായാലും ജോജു വളരെ കണ്‍വിന്‍സിങ് ആയി ചെയ്യുന്നതാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ടൈറ്റില്‍ റോളില്‍ ഉടനീള കഥാപാത്രമായി മാറിയപ്പോള്‍ അങ്ങേയറ്റം പൂര്‍ണതയോടുകൂടി ചെയ്തു. മുറിപ്പാടേറ്റ മനുഷ്യന്‍ എന്നാണ് സിനിമയുടെ ടാഗ്​ലൈൻ. ഏകാകിയായ വിഷാദനായ ആ മനുഷ്യനെ വിശ്വസനീയമായി ജോസഫ് തന്നെയാണ് ജോജു അഥവാ ജോജു തന്നെയാണ് ജോസഫ് എന്ന് തോന്നുന്ന തരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജോജുവിന്റെ സുഹൃത്തുക്കളായെത്തുന്ന ഇര്‍ഷാദ്, സുധി കോപ്പ, ദിലീഷ് പോത്തന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. അനില്‍ ജോന്‍സണിന്റെ പശ്ചാത്തലസംഗീതവും രന്‍ജിന്‍ രാജിന്റെ പാട്ടുകളും മനേഷ് മാധവന്റെ ഛായാഗ്രഹണവും മികച്ചുനിന്നു. അദ്ഭുതങ്ങളൊന്നും ഒളിച്ചുവെച്ചിട്ടില്ലെങ്കിലും ജോസഫ് തൃപ്തി നല്‍കുന്ന അനുഭവമാണ്.   
 
Content Highlights : joseph movie review  joju george new movie joseph M Padmakumar Dileesh Pothan