ഹദ് ഫാസിൽ നായകൻ, ദിലീഷ് പോത്തന്റെ സംവിധാനം, ശ്യാം പുഷ്കരന്റെ തിരക്കഥ, ഷൈജു ഖാലിദിന്റെ ക്യാമറ..ഓ.ടി.ടി റിലീസായി പുറത്തിറങ്ങിയ ജോജി എന്ന കൊച്ചു ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഇത്രയും ചേരുവകൾ തന്നെ ധാരാളമായിരുന്നു. ഹിറ്റ് കൂട്ടുകെട്ടുകൾ വീണ്ടും ഒന്നിക്കുമ്പോൾ സംഭവിക്കുന്ന അത്ഭുതം എന്തെന്നറിയനുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ടാണ് ജോജി എത്തിയത്, വീണ്ടും അതേ ചരിത്രം ആവർത്തിച്ചുകൊണ്ട്. 

വില്യം ഷേക്സ്പിയറുടെ നാടകകഥയായ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടെടുത്ത ചിത്രമാണ് ജോജി. ഇവിടെ കഥാപശ്ചാത്തലം എരുമേലിയിലെ സമ്പന്നമായ ക്രിസ്ത്യൻ കുടുംബത്തിലേക്കാണ് പറിച്ചു നട്ടിരിക്കുന്നത്. ഏകാധിപതിയെ പോലെ കുടുംബം ഭരിക്കുന്ന, അതികായനായ, പനച്ചേൽ കുട്ടപ്പനും അയാളുടെ മൂന്ന് ആണ്മക്കളായ ജോമോൻ, ജെയ്സൺ, ജോജി, മരുമകൾ ബിൻസി, കൊച്ചുമകൻ പോപ്പി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കുടുംബസ്വത്ത് വേണ്ടുവോളം ഉണ്ടെങ്കിലും അപ്പന്റെ അനുവാദമില്ലാതെ വീട്ടിൽ നിന്ന് ഒരു ചവറ് പോലും മാറ്റിയിടാൻ ഇവരെക്കൊണ്ട് സാധിക്കുന്നില്ല എന്നത് കുട്ടപ്പനെന്ന അധികാര കേന്ദ്രത്തിന്റെ പ്രഭാവം വരച്ചു കാണിക്കുന്നു. തന്റെ വളർത്തു കുതിരയായ വായുപുത്രനെ ജോജിക്ക് വീടിന്റെ മുൻവശത്തേക്ക് കൊണ്ടുവരാൻ സാധിക്കുന്നത് അപ്പന് സ്ട്രോക്ക് വന്ന് വീണപ്പോൾ മാത്രമാണല്ലോ.

അധികാര ഭ്രമത്തിന്റെയും, അത്യാര്‍ത്തിയുടെയും കഥയാണ് മാക്ബത്ത് പറയുന്നത്. ഇവിടെ മാക്ബത്തായി ജോജി പുനര്‍ജ്ജനിക്കുന്നു. ജോജിയുടെ, അവന്റെ ഭ്രമാത്മക ചിന്തകളുടെ കഥയാണ് ചിത്രം പറയുന്നത്. മറ്റ് മക്കളെ അപേക്ഷിച്ച് വെറും തോൽവിയാണ് ജോജി. അപ്പന്റെ ഭാഷയിൽ പറഞ്ഞാൽ 'ഒട്ടുപാലിനുണ്ടായവൻ'. നിരന്തരമായ ഇത്തരം പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കുമുള്ള ജോജിയുടെ മറുപടിയും അപ്പനെന്ന ഏകാധിപതിയിൽ നിന്ന് അധികാരം കയ്യാളാനുള്ള ആ​ഗ്രഹങ്ങളുടെ പുറത്ത് അവൻ എത്തിച്ചേരുന്ന സന്ദർഭങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.

ഫഹദ് ഫാസിൽ ഇല്ലെങ്കിൽ ജോജി ഇല്ല. അത്ര മാത്രമേ ആ കഥാപാത്രത്തെക്കുറിച്ച് പറയാനാകൂ. ജോജി എന്ന കഥാപാത്രത്തിന്റെ പൂർണത ഫഹദ് എന്ന നടന്റെ കയ്യിൽ ഭ​ദ്രമായിരുന്നു. ജോമോൻ എന്ന കഥാപാത്രമായെത്തിയ ബാബുരാജിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. അപ്പനോട് ഭയവും ബഹുമാനവും സ്നേഹവും ആത്മാർത്ഥതയുമുള്ള മകൻ, കയ്യടക്കത്തോടെയുള്ള ബാബുരാജിന്റെ പ്രകടനം ചിത്രത്തിന്റെ പ്ലസ് പോയിന്റിൽ ഒന്നാണ്. അതുപോലെ തന്നെ ലേഡി മാക്ബത്തിനെ എവിടെയൊക്കെയോ ഓർമപ്പെടുത്തിക്കൊണ്ടുള്ള ഉണ്ണിമായ പ്രസാദിന്റെ  ബിൻസി എന്ന കഥാപാത്രം.  പനച്ചേൽ കുട്ടപ്പനായെത്തിയ പി.എൻ സണ്ണി, ,ജെയ്സണെ അവതരിപ്പിച്ച ജോജി മുണ്ടക്കയം, ഷമ്മി തിലകന്റെ ഡോക്ടർ കഥാപാത്രം,ബേസിലിന്റെ അച്ചൻ കഥാപാത്രം, പോപ്പി..ചിത്രം കണ്ട് കഴിഞ്ഞ ശേഷവും ഈ കഥാപാത്രങ്ങൾ ഓർമിക്കപ്പെടും..

Content Highlights : Joji Movie review Fahad Faasil Dileesh Pothan Shyam Pushkaran Unniyamaya Prasad Baburaj