ജി. മാര്‍ത്താണ്ഡന്റെ ജോണി ജോണി യെസ് അപ്പാ കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയ ബലമായ സംശയമാണ് ഒന്നുകില്‍ എഴുതിവെച്ച തിരക്കഥ മോഷണംപോയിക്കാണും. സിനിമ കള്ളന്റെ കഥയായതുകൊണ്ട് പറഞ്ഞതാണ്. കാരണം മറ്റൊന്നുമല്ല. തുടങ്ങിയപ്പോള്‍ കണ്ട കഥയും കഥാപാത്രങ്ങളുമല്ല ഒടുങ്ങുമ്പോള്‍ കാണുന്നത്. അവയൊക്കെ തമ്മില്‍ എങ്ങനെയൊക്കെയോ കൂട്ടിമുട്ടുന്നുണ്ടെങ്കിലും.

പാവാട എന്ന വിജയചിത്രത്തിനുശേഷം മാര്‍ത്താണ്ഡനും വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തായ ജോജി തോമസും ഒരുമിക്കുന്ന സിനിമ തീര്‍ച്ചയായും ഒരു തമാശച്ചിത്രമായിരിക്കണമല്ലോ. ആകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വാട്സ്ആപ്പില്‍ ഫോര്‍വേഡി തേഞ്ഞ തമാശകളും ഷറഫുദീന്‍ ഫലിതങ്ങളുമായി ഇടവേളവരെ ഒരു തമാശപ്പടമായി പടം പിടിച്ചുനില്‍ക്കാനെങ്കിലും ശ്രമിക്കുന്നുണ്ട്. ഇടവേളയില്‍ പുതിയൊരു കഥാപാത്രത്തിന്റെ എന്‍ട്രിയിലൂടെ സിനിമ വഴിത്തിരിവിലെത്തും. ആ തിരിവില്‍വെച്ച് വഴി മറന്നുപോയതുകൊണ്ടാണോ മാറിപ്പോയതുകൊണ്ടാണോ എന്നറിയില്ല പിന്നീട് നടക്കുന്ന സംഭവങ്ങള്‍ക്ക് അതുവരെ നടന്ന സംഭവങ്ങളുമായി കാര്യമായ ബന്ധമില്ല. കഥകള്‍ക്കുമേല്‍ ഉപകഥകളും ഉപകഥകള്‍ക്കുമേല്‍ ചെറുകഥകളുമായി കാടുകയറിപ്പോകുന്ന സിനിമ സമ്പൂര്‍ണ വിരസതയില്‍ അവസാനിക്കും.

ഇടവേളവരെ ഒരു ടിപ്പിക്കല്‍ കുഞ്ചാക്കോ ബോബന്‍ സിനിമയാണ് ജോണി ജോണി യെസ് അപ്പാ. അതായത് കാര്യമായി ഒന്നും സംഭവിച്ചില്ലെങ്കിലും വെറുതേ കണ്ടുകൊണ്ടിരിക്കാം. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ജോണി ഒരു കള്ളനാണ്. പഠിച്ച കള്ളന്‍. പള്ളിയിലെയും നാട്ടുകാരുടെയും മാതൃകാപുരുഷന്‍. അപ്പന്റെ പ്രിയപുത്രന്‍. പക്ഷേ, ജോണിയുടെ മറ്റൊരു മുഖം മോഷ്ടാവിന്റെതാണ്. ഇത് കണ്ടുകൊണ്ടിരിക്കുന്ന നമ്മള്‍ക്കൊഴിച്ച് മറ്റാര്‍ക്കും ജോണിയുടെ കള്ളത്തരം അറിയില്ല. ഈ ജോണിയുടെ ജീവിതത്തിലേക്ക് മറ്റൊരു പയ്യന്റെ കഥാപാത്രം വരുമ്പോള്‍ സംഭവിക്കുന്ന ട്വിസ്റ്റാണ് സിനിമയുടെ ട്വിസ്റ്റ്. പക്ഷേ, പശുവിന്റെ കഥ പറയാന്‍തുടങ്ങിയിട്ട് പശുവിനെ തെങ്ങില്‍ കൊണ്ട് കെട്ടിയിട്ടിട്ട് തെങ്ങിനെപ്പറ്റിയും പിന്നെ കയറിനെപ്പറ്റിയും പറയുന്നപോലാകും. ജോണിയുടെ കഥ പയ്യന്റെ കഥയാകും പിന്നെ അത് പയ്യന്റെ അമ്മയുടെ കഥയാകും. അവസാനം ഒരു കഥയുമില്ലാത്ത കഥയാകും. 
പതിവ് സിനിമകളില്‍ നായകന്‍ തെറ്റിദ്ധരിക്കപ്പെടുകയും അവന്റെ നന്മകളെ ഒടുവില്‍ എല്ലാവരും തിരിച്ചറിയുകയുമാണെങ്കില്‍ ഇവിടെ അതിന് നേര്‍വിപരീതമാണ് സംഭവിക്കുന്നത് എന്നൊരു കൗതുകമുണ്ട്. മലയാളസിനിമയില്‍ ഒരുപാട് ആവര്‍ത്തിച്ചതാണ് കള്ളന്റെ കഥ. തുടക്കത്തില്‍ കുറച്ച് വ്യത്യസ്തത തോന്നിപ്പിച്ചെങ്കിലും ഉള്ളില്‍ നന്മയുള്ള പതിവ് കള്ളന്‍നായകന്മാരുടെ വിശുദ്ധഗണത്തിലേക്ക് ചേക്കാറാനാണ് ഈ ജോണിയുടെയും വിധി. 

വളരെ ലൂസായ, കഥാപാത്രങ്ങള്‍ക്ക് സ്ഥിരതയില്ലാത്ത, തമാശ സൃഷ്ടിച്ചെടുക്കാന്‍ മാത്രമുള്ള സാഹചര്യങ്ങള്‍ക്കുവേണ്ടി മാത്രം തട്ടിക്കൂട്ടിയതാണ് രചന. പരമാവധി വൃത്തിയായി മാര്‍ത്താണ്ഡന്‍ ആ കഥ പറയാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് മാത്രമാണ് സിനിമയ്ക്ക് അവകാശപ്പെടാനാവുന്നത്. വിജയരാഘവന്‍, ടിനി ടോം, ഷറഫുദീന്‍, കലാഭവന്‍ ഷാജോണ്‍, അനുസിത്താര, ലെന, മമ്ത മോഹന്‍ദാസ്, മേഘനാദന്‍, സനൂപ് തുടങ്ങി മികച്ച താരനിരയും സിനിമയിലുണ്ട്.

കുഞ്ചാക്കോ ബോബന്‍ പതിവ് മാനറിസങ്ങളില്‍ ഒതുങ്ങിയപ്പോള്‍ ടിനി ടോം തന്റെ പ്രകടനംകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നു. വാട്സ്ആപ്പ് കൗണ്ടറുകളാണെങ്കിലും ഷറഫുദീന്റെ തമാശകളും വലിയ മുഷിപ്പ് ഒഴിവാക്കുന്നുണ്ട്. നിത്യജീവിതത്തില്‍നിന്ന് സൃഷ്ടിച്ചെടുക്കാന്‍സാധിക്കുന്ന സാന്ദര്‍ഭികനര്‍മങ്ങളാണ് ജോജി തോമസ് എഴുതിയ വെള്ളിമൂങ്ങ എന്ന സിനിമയെ ഒരു സര്‍പ്രൈസ് ഹിറ്റാക്കിയത്. അതേ ശൈലിയിലുള്ള ഒരു തമാശപ്പടമായിരിക്കണം ലക്ഷ്യമിട്ടത്. പരാജയപ്പെടുന്നുണ്ടെങ്കിലും ആദ്യപകുതിയില്‍ അതിന് ശ്രമിക്കുന്നുമുണ്ട്. അച്ഛാ ദിന്‍ പോലുള്ള വന്‍ പരാജയങ്ങളില്‍നിന്ന് മാര്‍ത്താണ്ഡനെ രക്ഷപ്പെടുത്തിയത് പാവാടയുടെ ബോക്സ് ഓഫീസ് വിജയമാണ്. തമാശയില്‍ തുടങ്ങി ഗൗരവമാകുന്ന പാവാടപോലെതന്നെ ഈ സിനിമയും ഫ്‌ളാഷ്ബാക്ക് കഥകള്‍കൊണ്ട് അതിവൈകാരികതയുടെ പിരിമുറുക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അത് കാഴ്ചക്കാരിലേക്ക് വൈകാരികത പകരുന്നതില്‍ പരാജയപ്പെടുന്നുവെന്ന് മാത്രം.