സിനിമ കഴിഞ്ഞ് ഇറങ്ങിയാല്‍ അറിയാതെ പറയും ഒരു ഹാപ്പി ബെര്‍ത്ത് ഡേ. പിറന്നാള്‍ മുന്‍പും ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മുപ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ കാനഡയില്‍ നിന്ന് നാട്ടിലെത്തുന്ന ജോയ്‌മോന്റെ പിറന്നാള്‍ ആഘോഷം അല്പം പൊട്ടിച്ചിരിപ്പിക്കുന്നതാണ്. മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നറാണ് തീയറ്റേറുകളിലെത്തിയ ജാന്‍ എ മന്‍. ഒരു ഫുള്‍ ഫണ്‍ പാക്കേജാണ് ചിത്രം. നവാഗതനായ ചിദംബരമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, ഗായകനായ സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുവതാരനിരയോടൊപ്പം ലാല്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 
 
കാനഡയുടെ മഞ്ഞുമലകളിലെ ദൃശ്യഭംഗിയിലാണ് ജാന്‍ എ മന്‍ ആരംഭിക്കുന്നത്. അവിടുത്തെ ഏകാന്തതയും നിരാശയുമെല്ലാം അതിജീവിക്കണം. അതിനായാണ് പിറന്നാള്‍ ആഘോഷിക്കാനായി  ജോയ്‌മോന്‍ നാട്ടിലേക്ക് എത്തുന്നത്. ജോയ്‌മോന്റെ ഉറ്റ സുഹൃത്താണ് ചര്‍മ രോഗ വിദഗ്ധനായ ഡോ. ഫൈസല്‍. ഫൈസലിന്റേയും ജോയ്‌മോന്റെയും സഹപാഠിയായിരുന്നു സമ്പത്ത്. സമ്പത്തിന്റെ വലിയ വീട്ടിലാണ് ജോയ്‌മോന്റെ പിറന്നാള്‍ ആഘോഷം.  ഇവിടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് കഥാഗതി മാറുന്നത്. വിളിച്ചാല്‍ ഓടി എത്തുന്ന അയല്‍പക്കവും അയല്‍പക്കത്തെ വീട്ടില്‍ മറഞ്ഞിരിക്കുന്ന പ്രണയവുമെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റാസാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രത്തിനും കൃത്യമായി കഥപറയാനുണ്ട്. ഇവിടെ സേയ്ഫ് അല്ല സജിയേട്ടാ എന്ന് ഓര്‍മിക്കുന്ന ഗുണ്ടയായി എത്തുന്ന ശരത്തും ചിത്രത്തില്‍ ഇടക്കിടെ പൊട്ടിച്ചിരി പൂരത്തിന് തിരികൊളുത്തുന്നുണ്ട്. 

കൊറോണക്ക് ശേഷം തീയേറ്ററുകളിലേക്ക് വീണ്ടും എത്തുമ്പോള്‍ വയറ് നിറയെ ചിരിക്കാനും അല്പം ഇമോഷണലാക്കാനും മികച്ചതാണ് ജാന്‍ എ മന്‍. 41 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും..' എന്ന ഗാനം റീമാസ്റ്റര്‍ ചെയ്ത് ജാന്‍ എ മന്‍  ടീം ഒരു സുഖകരമായ തീയേറ്റര്‍ അനുഭവം സമ്മാനിക്കുന്നു. 

വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചീര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ആണ് സിനിമാ നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ പി എബ്രഹാം. സഹ രചന സപ്‌നേഷ് വരച്ചല്‍, ഗണപതി. സംഗീതം ബിജിബാല്‍. എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു എന്നിവരാണ്.

Content Highlights:  Janeman Basil Joseph new malayalam movie review