തിയറ്ററില്‍ ഇരുന്ന് ആഹ്ലാദിക്കാനും മനസുനിറയെ സന്തോഷവുമായി മടങ്ങാവുന്നതുമായ ഒരു ചിത്രമല്ല 'ജലം'. മനുഷ്യത്വം മരിച്ചുവെന്ന അപ്രിയസത്യം വിളിച്ചുപറയുന്ന ജീവിതയാഥാര്‍ഥ്യങ്ങളുടെ ആവിഷ്‌കാരമാണ്. മെട്രോയും സ്മാര്‍ട്ട്‌സിറ്റിയും വന്നാല്‍ മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് കരുതുന്ന സമൂഹത്തിനിടയ്ക്ക്, തലചായ്ക്കാനൊരിടം തേടി അലയുന്നവരുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ്. തെരുവിലും മണിമാളികയിലും സ്ത്രീ സുരക്ഷിതയല്ലെന്ന വെളിപ്പെടുത്തലാണ്. 

അംബരചുംബികളാല്‍ നിറയുന്ന നഗരങ്ങളില്‍ തലചായ്ക്കാനൊരിടംതേടി നടക്കുന്നവര്‍. വികസനങ്ങള്‍ക്ക് വഴിമാറിക്കൊടുത്ത്, തെരുവിലേക്ക് കുടിയിറക്കപ്പെട്ടവര്‍. സര്‍ക്കാരും ഭരണകൂടവും കൈയൊഴിഞ്ഞവര്‍. സഹജീവികളുടെ ഈ ദുരവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണക്കാരായതിന്റെ കുറ്റബോധം, തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും നിങ്ങളെ വേട്ടയാടും.

1

കൊച്ചിയില്‍ നദിക്കുകുറുകെയുള്ള പാലത്തിനടിയില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്റെ പത്രവാര്‍ത്തയാണ് 'ജല'ത്തിന് അധാരം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ പ്രിയങ്കയുടെ സീതയെന്ന കഥാപാത്രം കേരളത്തിലെ ഭൂരഹിതരുടെ പ്രതീകമാണ്. വലിയ പ്രതീക്ഷകളോടെ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച അവള്‍, സര്‍ക്കാരും ഭരണകൂടവും ചേര്‍ന്ന് തെരുവില്‍ തള്ളിയ ഒരുപറ്റം ജീവിതങ്ങളുടെ ഭാഗമാകുകയാണ്. അത്മരക്ഷയ്ക്കായി മകനുമൊത്ത് നഗരത്തിലെ പാലത്തിനടിലേക്ക് അവള്‍ക്കു താമസം മാറേണ്ടിവരുന്നു. ഒഴുകുന്ന പുഴയാല്‍ ചുറ്റപ്പെട്ട തൂണിന്റെ ചുവട്ടില്‍ അഭയം കണ്ടെത്തുന്നു. ജലമാണ് അവള്‍ക്ക് സുരക്ഷയൊരുക്കുന്നത്. ജീവിതത്തില്‍ മനോധൈര്യവും പ്രതീക്ഷയും കൈവിടാതെ മുന്നോട്ടുപോകുമ്പോഴും സമൂഹത്തില്‍ അവള്‍ക്ക് വ്യക്തിത്വം നഷ്ടമാകുന്നു. ഒരു തുണ്ട് ഭൂമിയെന്ന സ്വപ്‌നവുമായുള്ള സീതയുടെ നെട്ടോട്ടമാണ് ജലം.

അമ്മക്കിളിക്കൂട്, വാസ്തവം എന്നീ ചിത്രങ്ങളിലൂടെ മികവ് തെളിയിച്ച സംവിധായകന്‍ എം. പദ്മകുമാര്‍, മലയാളത്തിന് മുതല്‍ക്കൂട്ടാണെന്ന് ജലത്തിലൂടെ വീണ്ടും തെളിയിക്കുന്നു. ഹൃദയസ്പര്‍ശിയും ഒപ്പം വിശ്വാസ്യതയുമുള്ളതാണ് എസ്. സുരേഷ് ബാബുവിന്റെ തിരക്കഥ . വിനോദ് ഇല്ലംപള്ളിയുടെ കാമറയും രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും ഇതിനോടകം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. ഔസേപ്പച്ചന്‍ ഈണമിട്ട്, ഡോ. മധു വാസുദേവന്‍ രചിച്ച ഗാനങ്ങള്‍ ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടികയിലും ഇടംപിടിച്ചിരുന്നു. 

2

വേറിട്ട അമ്മവേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സേതുലക്ഷ്മിയോടൊപ്പം പി. ബാലചന്ദ്രന്‍, പ്രകാശ് ബാരെ, ജയിന്‍ സിറിയക് എന്നിവര്‍ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ടു മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ലാഭവിഹിതം ഭൂരഹിതര്‍ക്കും സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ ഉദ്ദേശശുദ്ധി കണക്കിലെടുക്കുമ്പോള്‍, ജലത്തിന് നമ്മള്‍ ഓരോ പ്രേക്ഷകന്റെയും പിന്തുണ അത്യാവശ്യമാണ്.