മുമ്പ് കണ്ടിട്ടുള്ള കഥാസന്ദർഭങ്ങളും പ്രതീക്ഷിക്കാവുന്ന ട്വിസ്റ്റും ക്ലൈമാക്സും. നടക്കുന്നത് ബ്രിട്ടനിലാണെന്ന് മാത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം ജ​ഗമേ തന്തിരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. താൻ ഒരു ഫാൻബോയ് ആണെന്ന് പേട്ടയിലൂടെ കാർത്തിക് സുബ്ബരാജ് തെളിയിച്ചതാണ്. അന്ന് രജനീകാന്ത് ആയിരുന്നു ആരാധനാപാത്രമെങ്കിൽ ഇന്ന് ആ സ്ഥാനത്ത് വിദേശ ആക്ഷൻ ചിത്രങ്ങളാണ്.

മധുരൈയിൽ പൊറോട്ടക്കടയും അത്യാവശ്യം ​ഗുണ്ടായിസവുമൊക്കെയായി കഴിയുകയാണ് സുരുളി. തമിഴല്ലാതെ മറ്റൊരു ഭാഷയും വായിൽ വരില്ല. ഇദ്ദേഹം ബ്രിട്ടനിലെ അഭയാർത്ഥികളുടെ സംരക്ഷകനായ ശിവദോസ്, അധോലോകനായകൻ പീറ്റർ എന്നിവരുമായി ബന്ധപ്പെടേണ്ടി വരുന്നതിന്റെ പരിണിതഫലമാണ് ചിത്രം പറയുന്നത്. രണ്ട് വശങ്ങളുണ്ട് ചിത്രത്തിന്. സുരുളിയും ശിവദോസും പീറ്ററും തമ്മിൽ ഉടലെടുക്കുന്ന അധോലോക സംഘട്ടനങ്ങളാണ് ഒരുവശം. ബ്രിട്ടനിൽ അഭയാർത്ഥികളും മറ്റുനാടുകളിൽ നിന്ന് വന്ന് ജോലി ചെയ്യുന്നവരും നേരിടുന്ന വംശീയ വേർതിരിവും സംഘർഷങ്ങളുമാണ് മറുവശം.

ശ്രീലങ്കൻ അഭയാർത്ഥി പ്രശ്നം എന്ന, ഒന്ന് പാളിയാൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചേക്കാവുന്ന വിഷയം സമർത്ഥമായി കൈകാര്യം ചെയ്യാൻ സംവിധായകനായിട്ടുണ്ട്. ​രണ്ട് വിഭാ​ഗം അധോലോകനായകന്മാർ തമ്മിലുള്ള പോരാട്ടത്തിലൂടെ അഭയാർത്ഥി പ്രശ്നം പറയാനാണ് കാർത്തിക് സുബ്ബരാജിന്റെ ശ്രമം. വർഷങ്ങളോളം ഇന്ത്യയേ അധീനതയിലാക്കിയിട്ടും ഇപ്പോഴും ബ്രിട്ടീഷുകാർക്ക് ഇന്ത്യക്കാരോട് പുച്ഛമാണെന്ന് ചിത്രത്തിൽ ഒരിടത്ത് പറയുന്നുണ്ട്. തന്റെ നാട്ടുകാരല്ലാത്തവരേയെല്ലാം വകവെക്കുകയോ സ്വീകരിക്കുകയോ ചെയ്യാത്തയാളാണ് പീറ്റർ. ഈ വെറുപ്പാണ് പീറ്ററിനെ സുരുളിയുടേയും ശിവദോസിന്റേയും വില്ലനാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത്.

കണ്ടുമടുത്ത കഥയാണെങ്കിലും ബ്രിട്ടന്റെ മനോഹാരിതയാണ് ചിത്രത്തിലെ ആകർഷകമായ ഒരുഘടകം. വിദേശത്താണ് കഥ നടക്കുന്നതെന്നതിനാൽ ഒരു വിദേശചിത്രത്തിന്റെ ശൈലികൊണ്ടുവരാൻ കാർത്തിക് സുബ്ബരാജിന് കഴിഞ്ഞിട്ടുണ്ട്. കഥയേക്കാൾ സാങ്കേതികവിഭാ​ഗത്തിന് പ്രാധാന്യം കൊടുത്തതുപോലെ തോന്നുന്നുണ്ട്. ശ്രീലങ്കൻ അഭയാർത്ഥി പ്രശ്നം പറയുന്ന ഫ്ളാഷ്ബാക്ക് രം​ഗത്തിൽ ഈ സം​ഗതി പ്രകടമായി കാണാം. സുരുളിയായി ധനുഷും ശിവദോസായി ജോജു ജോർജും പീറ്റർ എന്ന ക്രൂരനായ വില്ലനായി ​ഗെയിം ഓഫ് ത്രോൺസ് താരം ജെയിംസ് കോസ്മോയും അറ്റെല്ലയായി ഐശ്വര്യ ലക്ഷ്മിയും വേഷമിടുന്നു. കലൈയരസനും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. സന്തോഷ് നാരായണന്റെ പശ്ചാത്തലസം​ഗീതം പാട്ടുകളേക്കാൾ മുന്നിൽ നിൽക്കുന്നുണ്ട്.

സംഘട്ടനരം​ഗങ്ങൾ വിദേശചിത്രങ്ങളിൽ നിന്ന് കടംകൊണ്ടതുപോലെയുണ്ടെന്ന് പറയാതെ വയ്യ. കീനു റീവ്സിന്റെ ജോൺ വിക്ക് കാർത്തിക് സുബ്ബരാജിന് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് സംഘട്ടനരം​ഗങ്ങൾ വിളിച്ചുപറയുന്നു. കൃഷിയും കുടിവെള്ള പ്രശ്നവും മനുഷ്യക്കടത്തും പോലുള്ള വിഷയങ്ങൾ പറയുന്ന ഒട്ടേറെ ചിത്രങ്ങൾ സമീപകാലത്ത് കോളിവുഡിലുണ്ടായിട്ടുണ്ട്. ആ കൂട്ടത്തിലേക്കുള്ള മറ്റൊരു ചിത്രമാണ് ജ​ഗമേ തന്തിരം. പ്രധാനവിഷയം പറയാൻ സംവിധായകൻ കൂട്ടുപിടിച്ചിരിക്കുന്നത് അധോലോകസംഘട്ടനങ്ങളേയാണെന്ന് മാത്രം.

Content Highlights: Jagame Thanthiram Review, Dhanush, Joju George, James Cosmo, Karthik Subbaraj