ബോക്സ് ഓഫീസില്‍ പുതു ചരിത്രം സൃഷ്ടിച്ച ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം, ഏതാണ്ട് മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം.. ഏറെ പ്രത്യേകതകളുമായാണ് നവാഗതരായ ജിബി ജോജു ഒരുക്കിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രം തീയേറ്ററുകളിലെത്തിയത്..
ചൈനയില്‍ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന മാണിക്കുന്നേല്‍ ഇട്ടിമാത്തന്‍ മകന് ഇട്ടിമാണിയുടെയും അവന്റെ പ്രിയപെട്ടവരുടെയും കഥയാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ഡ്യൂപ്ലിക്കേറ്റന്റെ നാട് എന്ന വിളിപ്പേരുള്ള കുന്നംകുളവും ചൈനയും തമ്മിലുള്ള ബന്ധം തന്നെയാണ് ടൈറ്റിലിന്റെ ഹൈലൈറ്റ്.
സ്വന്തം അമ്മയുടെ ഓപ്പറേഷന് പോലും കമ്മീഷന് വാങ്ങുന്ന, അമ്മ തെയ്യാമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ വേണ്ടി വന്നാല്‍ അമ്മയുടെ കിഡ്നി വരെ വിറ്റ് കാശാക്കാന്‍ പോന്ന തനി ബിസിനസ്സുകാരനാണ് ഇട്ടിമാണി. നാട്ടില്‍ ഒരു കാറ്ററിങ് സര്‍വീസും അതിന്റെ മറവില്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ബിസിനസും ഇട്ടിമാണിക്കുണ്ട്. എന്നാല്‍ മനസ്സില്‍ ഏറെ നന്മയുള്ളവനും അമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുന്നവനുമാണ്.
വയസ് കുറേയായിട്ടും ഇട്ടിമാണിക്ക് പെണ്ണ് കിട്ടിയിട്ടില്ല. അതിനും കാരണങ്ങള്‍ ഉണ്ട്. കുസൃതികളും കൗശലങ്ങളും അല്ലറ ചില്ലറ തട്ടിപ്പുകളുമായി ജീവിച്ചു പോകുന്ന ഇട്ടിമാണി അയല്‍ക്കാരിയായ അന്നമ്മയുടെയും മക്കളുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്നമാണ് സംവിധായകര്‍ രസച്ചരടില്‍ കോര്‍ത്ത് പ്രേക്ഷകന് മുന്നിലെത്തിച്ചിരിക്കുന്നത്.
ഇട്ടിമാണി എന്ന കുന്നംകുളത്തുകാരനിലൂടെ ആ പഴയ മോഹന്‍ലാലിനെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരുപാട് സിനിമകളില്‍ കണ്ടതാണെങ്കിലും കെപിഎസി ലളിതയും മോഹന്‍ലാലും തമ്മിലുള്ള അമ്മ-മകന് കോംമ്പോ മനസ് നിറയ്ക്കും. മറ്റ് കഥാപാത്രങ്ങളായെത്തിയ അജു വര്‍ഗീസ്, ധര്മജന്, രാധിക, സിദ്ധിഖ്, ഹരീഷ് കണാരന്, ഹണി റോസ്, സലിം കുമാര്‍ എന്നിവരെല്ലാം തന്നെ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ചൈനയിലേയും കേരളത്തിലേയും മനോഹരദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജികുമാറിന്റെ ഛായാഗ്രഹണം എടുത്തു പറയണം.
ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ഇട്ടിമാണി കണ്ടിറങ്ങുന്ന പ്രേക്ഷകന് പറയാനുള്ളതും സിനിമയുടെ ടാഗ്ലൈൻ തന്നെയായിരിക്കും 'ഇട്ടിമാണി മാസാണ്, മനസ്സുമാണ്'
Content Highlights : Ittymaani Made In China Movie Review Mohanlal Jibi Joju